ഒട്ടാവ: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ബര്‍ണബിയില്‍ ഇന്ത്യന്‍ വംശജനായ 28 വയസ്സുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. നിലവില്‍ തുടരുന്ന ബി സി ഗ്യാങ് സംഘര്‍ഷവുമായി കൊലപാതകത്തിന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
റോയല്‍ കാനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍ സി എം പി) പുറത്തിറക്കിയ പ്രസ്താവന പ്രകാരം ബര്‍ണബിയിലെ കാനഡ വേയിലെ 3700 ബ്ലോക്കിനടുത്താണ് വെടിവെപ്പ് നടന്നത്.
വെടിവെപ്പിന് മിനിറ്റുകള്‍ക്കുള്ളില്‍ സംഭവസ്ഥലത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ബക്സ്റ്റണ്‍ സ്ട്രീറ്റിലെ 5000 ബ്ലോക്കില്‍ തീപിടിച്ച നിലയില്‍ ഒരു വാഹനം പൊലീസ് കണ്ടെത്തി. ഈ വാഹനത്തിന് കൊലപാതകവുമായി നേരിട്ടുള്ള ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം (ഐ എച്ച് ഐ ടി) കേസിന്റെ അന്വേഷണം ഏറ്റെടുത്തു. വാന്‍കൂവര്‍ സ്വദേശിയായ ദില്‍രാജ് സിംഗ് ഗിലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
വെടിവെപ്പിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടതായും തീപിടിച്ച നിലയില്‍ കണ്ടെത്തിയ വാഹനമാണ് അവര്‍ ഉപയോഗിച്ചതെന്നും പൊലീസ് സംശയിക്കുന്നു.
