ഒട്ടാവ: സാധാരണ ജനങ്ങളുടെ ആശങ്കകളും അനുഭവങ്ങളും കേള്‍ക്കാന്‍ നീതിന്യായ വ്യവസ്ഥ കൂടുതല്‍ തയ്യാറാകണമെന്നും കോടതികളുടെ പ്രവര്‍ത്തനം ജനങ്ങളിലേക്ക് കൂടുതല്‍ വ്യക്തമായി എത്തിക്കുന്നതിലൂടെ നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാനാകുമെന്നും കാനഡ സുപ്രിം കോടതിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഗ്ലെന്‍ ജോയല്‍ പറഞ്ഞു.
മാനിറ്റോബയിലെ കോര്‍ട്ട് ഓഫ് കിങ്‌സ് ബെഞ്ച് ചീഫ് ജസ്റ്റിസായ ജോയല്‍ ഔദ്യോഗിക നിയമനത്തിന് മുന്നോടിയായി പാര്‍ലമെന്റ് അംഗങ്ങള്‍ക്കു മുന്നില്‍ നടത്തിയ ഹിയറിങ്ങിലാണ് തന്റെ ദര്‍ശനം വിശദീകരിച്ചത്. കാനഡ ഭരണഘടനയുടെ സംരക്ഷകരാണ് ജഡ്ജിമാരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അനിശ്ചിതത്വവും വെല്ലുവിളികളും നിറഞ്ഞ കാലഘട്ടത്തില്‍ നിയമവാഴ്ചയോടുള്ള നമ്മുടെ പ്രതിബദ്ധത വീണ്ടും വീണ്ടും ഉറപ്പിച്ചുപറയേണ്ടതുണ്ടെന്ന് ജോയല്‍ പറഞ്ഞു.
യൂറോപ്യന്‍ ഏകീകരണത്തിന്റെ ശില്‍പികളിലൊരാളായ ഫ്രഞ്ച് നയതന്ത്രജ്ഞന്‍ ജീന്‍ മൊണെയുടെ 'മനുഷ്യരില്ലാതെ ഒന്നും സാധ്യമല്ല; സ്ഥാപനങ്ങളില്ലാതെ ഒന്നും നിലനില്‍ക്കുകയുമില്ല' എന്ന വാക്കുകളും അദ്ദേഹം ഉദ്ധരിച്ചു.
28 വര്‍ഷത്തെ നീതിന്യായ സേവനാനുഭവം പങ്കുവെച്ച ജോയല്‍ ജഡ്ജിമാരുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാനസ്തംഭമാണെന്ന് ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ ധ്രുവീകരണം വര്‍ധിക്കുകയും പൊതുസ്ഥാപനങ്ങളിലുള്ള വിശ്വാസം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ പ്രാധാന്യം കൂടുതല്‍ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമനിര്‍മാണ സഭയുടെയും നീതിന്യായ വ്യവസ്ഥയുടെയും അധികാരങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ കോടതികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നീതിന്യായ വ്യവസ്ഥ വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതില്ലെന്നും ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാകണമെന്നും ജോയല്‍ പറഞ്ഞു.
തെറ്റായ സംവിധാനങ്ങളെ സംരക്ഷിക്കണമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും നമ്മുടെ സംവിധാനങ്ങള്‍ക്ക് മെച്ചപ്പെടുത്തല്‍ ആവശ്യമുള്ളിടത്ത് അത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാനഡയുടെ അവകാശ- സ്വാതന്ത്ര്യ ചാര്‍ട്ടര്‍ നിലവില്‍ വന്നതിനുശേഷം ജഡ്ജിമാരുടെ ഉത്തരവാദിത്തം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും ഭരണഘടനയുടെ സംരക്ഷകരെന്ന നിലയില്‍ വലിയ ഉത്തരവാദിത്തമാണ് കോടതികള്‍ വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെറ്റായ വിവരങ്ങളും ജനവികാരങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും നീതിന്യായ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും അതിനെ മറികടക്കാന്‍ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കേണ്ടത് അനിവാര്യമാണെന്നും ജോയല്‍ പറഞ്ഞു.
പ്രത്യേകിച്ച് തദ്ദേശീയ സമൂഹങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും അനുഭവങ്ങള്‍ കേള്‍ക്കാന്‍ കോടതികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങളോട് കോടതികളുടെ പ്രവര്‍ത്തനം വിശദീകരിക്കുന്നത് മാത്രം പോരെന്നും അവരുടെ അനുഭവങ്ങളും ആശങ്കകളും ആത്മാര്‍ഥമായി കേള്‍ക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
2022ല്‍ വിന്നിപെഗില്‍ നാല് തദ്ദേശീയ സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ജെറമി സ്‌കിബിക്കിയെ കുറ്റക്കാരനാക്കിയ വിചാരണയാണ് തന്റെ കരിയറിലെ ഏറ്റവും അഭിമാനകരമായ അനുഭവമെന്ന് ജോയല്‍ പറഞ്ഞു. വിചാരണക്കാലത്ത് തിരിച്ചറിയപ്പെടാതിരുന്ന ആഷ്ലി ഷിന്‍ഗൂസിന്റെ കുടുംബത്തിന് പിന്നീട് പ്രത്യേക സിറ്റിങ്ങിലൂടെ ഇരകളുടെ സ്വാധീന മൊഴി നല്‍കാന്‍ അവസരം ഒരുക്കിയതും അദ്ദേഹം അനുസ്മരിച്ചു.
ജനങ്ങളുമായി നീതിന്യായ സ്ഥാപനങ്ങള്‍ വീണ്ടും ശക്തമായ ബന്ധം സ്ഥാപിക്കേണ്ടതുണ്ടെന്നും അതുവഴിയാണ് കോടതികളിലുള്ള വിശ്വാസവും സ്ഥാപനങ്ങളുടെ നിയമസാധുതയും കൂടുതല്‍ ശക്തിപ്പെടുകയെന്നും ജോയല്‍ കൂട്ടിച്ചേര്‍ത്തു.
കാനഡയുടെ നീതിന്യായ മന്ത്രി സീന്‍ ഫ്രേസര്‍, ഗ്ലെന്‍ ജോയലിനെ അസാധാരണ കഴിവുള്ള നിയമപണ്ഡിതന്‍' എന്ന് വിശേഷിപ്പിച്ചു. സുപ്രിം കോടതി ജഡ്ജിയെന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള സേവനം അദ്ദേഹം കാഴ്ചവെക്കുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
