ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി എല്‍ എ) അതിക്രമിച്ച് കയറി ഇന്ത്യന്‍ ഭൂപ്രദേശത്ത് ക്യാമ്പുകള്‍ സ്ഥാപിച്ചെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ സൈന്യം തള്ളി. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.
അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയിലെ ടാക്‌സിംഗ് അതിര്‍ത്തി മേഖലയിലെ ചൈനീസ് സൈനിക സാന്നിധ്യം വര്‍ധിച്ചുവെന്ന് ആരോപിച്ച് നാഹ് വെല്‍ഫെയര്‍ സൊസൈറ്റി ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സൈന്യത്തിന്റെ വിശദീകരണം.
അരുണാചല്‍ പ്രദേശില്‍ ചൈനീസ് പി എല്‍ എ അടുത്തിടെ അതിക്രമിച്ച് കയറിയെന്നും ക്യാമ്പുകള്‍ സ്ഥാപിച്ചെന്നുമുള്ള ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ lങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടുകള്‍ തെറ്റായതും യാതൊരു അടിസ്ഥാനവുമില്ലാത്തതുമാണെന്നും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
മാധ്യമങ്ങള്‍ പുറത്തുവിട്ട നിവേദനത്തില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടെ നാഹ് ഗോത്രവിഭാഗത്തിന്റെ പരമ്പരാഗത മേച്ചില്‍പ്പുറങ്ങള്‍, വേട്ടയാടല്‍ പ്രദേശങ്ങള്‍, കൃഷിഭൂമികള്‍ എന്നിവയുടെ വലിയൊരു ഭാഗം ചൈന കൈവശപ്പെടുത്തിയെന്നാണ് നാഹ് വെല്‍ഫെയര്‍ സൊസൈറ്റി ആരോപിക്കുന്നത്.
പ്രാദേശികമായി ജനങ്ങള്‍ മുമ്പ് സ്വതന്ത്രമായി ഉപയോഗിച്ചിരുന്ന വനപ്രദേശങ്ങളും കന്നുകാലി മേച്ചില്‍ സ്ഥലങ്ങളും ഇപ്പോള്‍ ചൈനീസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് സംഘടനാ പ്രസിഡന്റ് കെരു ചാദര്‍ ആരോപിച്ചു.
തങ്ങളുടെ പൂര്‍വികരുടെ ഭൂമികളും വേട്ടയാടല്‍ മേഖലകളും വനവിഭവങ്ങള്‍ ശേഖരിച്ചിരുന്ന പ്രദേശങ്ങളും കന്നുകാലികളെ മേയിച്ചിരുന്ന സ്ഥലങ്ങളും ഇപ്പോള്‍ ചൈനീസ് പി എല്‍ എയുടെ അധീനതയിലാണെന്ന് നിവേദനത്തില്‍ പറയുന്നു.
അതേസമയം, ഇന്ത്യന്‍ സൈന്യത്തില്‍ തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അതിര്‍ത്തി സംരക്ഷണത്തില്‍ സൈന്യം വര്‍ഷങ്ങളായി മികച്ച സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ടാക്‌സിംഗ് മേഖലയിലെ ചൈനീസ് പ്രവര്‍ത്തനങ്ങളുടെ വേഗത ആശങ്കയുണ്ടാക്കുന്നതാണെന്നും ഇഞ്ചിഞ്ചായി ഭൂമി നഷ്ടപ്പെടുകയാണെന്നുമാണ് നിവേദനത്തിലെ ആരോപണം.
കഴിഞ്ഞ 10 മുതല്‍ 15 വര്‍ഷത്തിനിടെ ചൈനീസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായതായി നിവേദനത്തില്‍ പറയുന്നു. ഒയിങ് (അസഫില മേഖല), പനിയാര്‍ (ചുജാര്‍ട്ട മേഖല), മാര്‍പന്‍ (മാര്‍നഫെ), പോട്രാങ് തടാകം, ടിന്‍ഡിങ്ടാങ് (ടി ജി) തുടങ്ങിയ പ്രദേശങ്ങള്‍ 2020ന് ശേഷം ചൈനയുടെ നിയന്ത്രണത്തിലായെന്നാണ് സംഘടനയുടെ അവകാശവാദം.
ടാക്‌സിംഗ് ആസ്ഥാനത്തിന് സമീപമുള്ള ഈ പ്രദേശങ്ങള്‍ക്ക് മതപരവും തീര്‍ഥാടനപരവുമായ പ്രാധാന്യമുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ എല്ലാ ആരോപണങ്ങളും ഇന്ത്യന്‍ സൈന്യം പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്. അരുണാചല്‍ പ്രദേശില്‍ ചൈനീസ് സൈന്യം പുതിയതായി അതിക്രമിച്ച് കയറിയെന്ന അവകാശവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സൈന്യത്തിന്റെ ഔദ്യോഗിക നിലപാട്.
