റോം: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ പ്രതികരണവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോണി. താൻ അമേരിക്ക വിരുദ്ധയല്ലെന്നും അതേസമയം ആരുടെയും മുന്നിൽ മുട്ടുമടക്കുന്ന ആളുമല്ലെന്നും മെലോണി വ്യക്തമാക്കി.
ഇറ്റലി-അമേരിക്ക ബന്ധത്തെക്കുറിച്ച് വാർത്താ ഏജൻസിയോട് സംസാരിക്കവെയാണ് മെലോണിയുടെ പ്രതികരണം. 'പാശ്ചാത്യ രാജ്യങ്ങൾ ഒരുമിച്ച് നിൽക്കുമ്പോഴാണ് കൂടുതൽ ശക്തമാകുന്നത്. ആ ഐക്യത്തിൽ ഇറ്റലിക്കും കൂടുതൽ കരുത്തുണ്ടെന്നാണ് എന്റെ വിശ്വാസം. അതിനായി ഞാൻ പ്രവർത്തിച്ചിട്ടുമുണ്ട്, തുടർന്നും പ്രവർത്തിക്കും. എന്നാൽ ശക്തമായ ബന്ധങ്ങൾ തുറന്നുപറച്ചിലിന്റെ അടിസ്ഥാനത്തിലുമാണ് നിലനിൽക്കുന്നത്. ഞാൻ അങ്ങനെ തുറന്നുപറയുന്ന വ്യക്തിയാണ്,' മെലോണി പറഞ്ഞു.
ഫ്രാൻസിൽ നടന്ന 2026 G7 ഉച്ചകോടിക്ക് ശേഷമാണ് ഇരുവരും തമ്മിലുള്ള വിവാദം പൊട്ടിപ്പുറപ്പെട്ടത്. മെലോണി തന്നോടൊപ്പം ഫോട്ടോ എടുക്കാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും സഹതാപം തോന്നിയതിനാലാണ് ഫോട്ടോയ്ക്ക് നിന്നതെന്നും ഒരു ടെലഫോൺ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു. പിന്നീട് സാമൂഹികമാധ്യമത്തിലൂടെയും മെലോണിക്കെതിരെ ട്രംപ് വിമർശനം ആവർത്തിച്ചു.
ഈ ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്ന് മെലോണി തിരിച്ചടിച്ചു. ട്രംപ് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും തന്റെ ജനപിന്തുണ ട്രംപുമായുള്ള ബന്ധത്തെ ആശ്രയിച്ചുള്ളതല്ലെന്നും അവർ വ്യക്തമാക്കി. 'എന്റെ ജനപ്രീതി നിങ്ങളുടെ ആശങ്കയല്ല. നിങ്ങളുടെ ജനപിന്തുണയെക്കുറിച്ച് ശ്രദ്ധിക്കുന്നതാണ് നല്ലത്,' എന്നായിരുന്നു മെലോണിയുടെ മറുപടി.
വിവാദത്തെ തുടർന്ന് ഇറ്റാലിയൻ വദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ അറ്റോണിയോ തജാനി അമേരിക്കയലേക്കുള്ള തന്റെ നിശ്ചയിച്ച സന്ദർശനം റദ്ദാക്കിയിരുന്നു. ട്രംപിന്റെ പരാമർശം മെലോണിയെ മാത്രമല്ല, മുഴുവൻ ഇറ്റലിയെയും അപമാനിക്കുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
അതേസമയം, വിവാദം കൂടുതൽ വഷളാക്കാൻ താൽപര്യമില്ലെന്നും അമേരിക്കയുമായുള്ള നല്ല ബന്ധം തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും മെലോണി വ്യക്തമാക്കി.
'ഞാൻ അമേരിക്ക വിരുദ്ധയല്ല, ആരുടെയും മുന്നിൽ മുട്ടുമടക്കില്ല'; ട്രംപുമായുള്ള വിവാദത്തിന് പിന്നാലെ മെലോണി
