കാമുകനുമായി നദിയിൽ കുളിക്കാനിറങ്ങിയ യുവതിയെ ചീങ്കണ്ണി കടിച്ചു കൊന്നു

കാമുകനുമായി നദിയിൽ കുളിക്കാനിറങ്ങിയ യുവതിയെ ചീങ്കണ്ണി കടിച്ചു കൊന്നു


ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിൽ നദിയിൽ കുളിക്കാനിറങ്ങിയ 31കാരി ചീങ്കണ്ണിയുടെ ആക്രമണത്തിൽ മരിച്ചു. ഇക്കോൺലോക്കാച്ചീ നദിയിലാണ് സംഭവം.

ഞായറാഴ്ച യുവതി കാമുകനും സുഹൃത്തിനുമൊപ്പം കാൽനടയാത്രയ്ക്കിടെ നദിയിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഏകദേശം മൂന്ന് അടി ആഴമുള്ള വെള്ളത്തിൽ നിൽക്കുന്നതിനിടെ ചീങ്കണ്ണി യുവതിയുടെ ഇരുകൈകളിലും കടിച്ചുപിടിക്കുകയായിരുന്നുവെന്ന് ഫ്‌ളോറിഡ ഫിഷ് ആന്റ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മിഷൻ അറിയിച്ചു.

യുവതിയെ ചീങ്കണ്ണിയുടെ വായിൽ നിന്ന് രക്ഷിക്കാൻ കാമുകൻ ശ്രമിച്ചെന്നും തുടർന്ന് അടിയന്തര സഹായത്തിനായി 911ൽ വിളിച്ചെന്നും അധികൃതർ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് 12 ഉം 13 ഉം അടി നീളമുള്ള രണ്ട് ചീങ്കണ്ണികളെ വന്യജീവി ഉദ്യോഗസ്ഥർ പിടികൂടി. 13 അടി നീളമുള്ള ചീങ്കണ്ണി വളരെ വലിപ്പമുള്ളതാണെന്നും അധികൃതർ പറഞ്ഞു.

സംഭവം അതീവ ദാരുണമാണെന്ന് ഫളോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മിഷൻ അധികൃതർ പ്രതികരിച്ചു.

രണ്ട് ദിവസം മുൻപ് മെക്‌സിക്കോയിലെ പ്യുവെർട്ടോ വല്ലാർട്ടയിലെ പ്രശസ്തമായ ഒരു കടൽത്തീരത്ത് 28കാരൻ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഫ്‌ളോറിഡയിലെ ഈ ദുരന്തവും റിപ്പോർട്ട് ചെയ്യപ്പെട്ടത്.