അമേരിക്കയിൽ അതിശക്തമായ ഉഷ്ണതരംഗം; മിഡ്‌വെസ്റ്റിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജാഗ്രത

അമേരിക്കയിൽ അതിശക്തമായ ഉഷ്ണതരംഗം; മിഡ്‌വെസ്റ്റിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജാഗ്രത


ഷിക്കാഗോ:  അമേരിക്കയിലെ മിഡ്‌വെസ്റ്റ് മേഖലയിലും കിഴക്കൻ തീരപ്രദേശങ്ങളിലുമുള്ള സംസ്ഥാനങ്ങളിൽ ഈ ആഴ്ച അതിശക്തമായ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഉയർന്ന ചൂടും ഈർപ്പവും ചേർന്നതോടെ അനുഭവപ്പെടുന്ന താപനില പല പ്രദേശങ്ങളിലും 100 മുതൽ 105 ഡിഗ്രി ഫാരൻഹീറ്റ് (ഏകദേശം 38-41 ഡിഗ്രി സെൽഷ്യസ്) വരെ ഉയരുമെന്നാണ് പ്രവചനം.

തിങ്കളാഴ്ച മിനിയാപൊളിസിൽ അനുഭവപ്പെട്ട താപനില 105 ഡിഗ്രി ഫാരൻഹീറ്റിനടുത്തും ഷിക്കാഗോയിൽ 100 ഡിഗ്രി ഫാരൻഹീറ്റിന് മുകളിലുമായിരുന്നു. ചൊവ്വാഴ്ച ഷിക്കാഗോയിൽ അനുഭവപ്പെടുന്ന ചൂട് 105 ഡിഗ്രി ഫാരൻഹീറ്റിനടുത്താകുമെന്നും ഇന്ത്യാനപൊളിസ്, ഗ്രീൻ ബേ എന്നിവിടങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.

രാത്രിയിലും താപനില കാര്യമായി കുറയില്ലെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ചൂട് കുറഞ്ഞില്ലെങ്കിൽ ആരോഗ്യപ്രശ്‌നങ്ങൾ വർധിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

സ്ഥിതിഗതികൾ കണക്കിലെടുത്ത് ഷിക്കാഗോ നഗരത്തിൽ ശീതീകരണ കേന്ദ്രങ്ങൾ തുറന്നു. കമ്മ്യൂണിറ്റി സർവീസ് സെന്ററുകൾ, മുതിർന്ന പൗരന്മാരുടെ കേന്ദ്രങ്ങൾ, ലൈബ്രറികൾ, സിറ്റി കോളജുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്.  തിങ്കൾ മുതൽ ബുധൻ വരെ എല്ലാ വേനൽക്കാല പഠനപരിപാടികളും കെട്ടിടങ്ങൾക്കുള്ളിൽ മാത്രം നടത്തുമെന്ന് ഷിക്കാഗോ പബ്‌ളിക് സ്‌കൂൾസ് അറിയിച്ചു.

ബുധനാഴ്ച മുതൽ ഉഷ്ണതരംഗം കിഴക്കൻ മേഖലകളിലേക്ക് വ്യാപിക്കും. ഡിട്രോയിറ്റ് , വാഷിംഗ്ടൺ  എന്നിവിടങ്ങളിൽ താപനില 100 ഡിഗ്രി ഫാരൻഹീറ്റിനടുത്തെത്തും. ഈർപ്പം കൂടുന്നതിനാൽ കിഴക്കൻ തീരത്തെ പല പ്രദേശങ്ങളിലും അനുഭവപ്പെടുന്ന ചൂട് മൂന്നക്ക സംഖ്യയിലാകും.

വ്യാഴാഴ്ച വടക്കുകിഴക്കൻ അമേരിക്കയിലാണ് ഉഷ്ണതരംഗം ഏറ്റവും രൂക്ഷമാകുക. അനുഭവപ്പെടുന്ന താപനില 105 ഡിഗ്രി ഫാരൻഹീറ്റിനടുത്തെത്തുമെന്നാണ് പ്രവചനം.

സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, അമേരിക്കയിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്നത് അതിശക്തമായ ചൂടാണ്. 2018 മുതൽ ഇതുവരെ 13,000ത്തിലധികം പേർ ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.