വാഷിംഗ്ടൺ: ഇരുകക്ഷി പിന്തുണയോടെ പാസായ ഭവന ബില്ലിന്റെ പ്രാധാന്യം കുറച്ചുകാട്ടി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭവന ബിൽ തന്റെ തിരഞ്ഞെടുപ്പ് പരിഷ്‌കരണ നിയമമായ സേവ് അമേരിക്ക ആക്ടിനൊപ്പം ചേർത്ത് അയയ്ക്കണമെന്ന ആവശ്യത്തെ തുടർന്ന് ബില്ലിൽ ഒപ്പിടാനുള്ള ചടങ്ങ് കഴിഞ്ഞ ആഴ്ച ട്രംപ് അവസാന നിമിഷം മാറ്റിവച്ചിരുന്നു.
'ഞാൻ ഭവന മേഖലയിൽ നിന്ന് ധാരാളം പണം സമ്പാദിച്ചിട്ടുണ്ട്. എന്നാൽ ആ ബിൽ നോക്കുമ്പോൾ അത് ഒരു ബിൽ മാത്രമാണ്. സേവ് അമേരിക്ക ആക്ട് നോക്കുമ്പോൾ അത് അമേരിക്കയെ രക്ഷിക്കുന്ന നിയമമാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഭവന ബിൽ വലിയ കാര്യമല്ല' ഭവന ബില്ലിനെ കുറിച്ച് പ്രതികരിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
അമേരിക്കയിലെ ഭവനക്ഷാമം കുറയ്ക്കുന്നതിനായി പുതിയ വീടുകളുടെ ലഭ്യത വർധിപ്പിക്കാനും കൂടുതൽ പേർക്ക് സ്വന്തമായി വീട് നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കാനുമാണ് ഈ ബിൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ബുധനാഴ്ച ബില്ലിൽ ഒപ്പിടാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സേവ് അമേരിക്ക ആക്ടിന് കോൺഗ്രസിന്റെ അംഗീകാരം നേടാനുള്ള സമ്മർദം സൃഷ്ടിക്കാനായി ട്രംപ് ഒപ്പിടൽ മാറ്റിവയ്ക്കുകയായിരുന്നു.
ബില്ലിൽ ഒപ്പിടുമോയെന്ന് തിങ്കളാഴ്ച മാധ്യമങ്ങൾ ചോദിച്ചപ്പോൾ, ബിൽ ഇതുവരെ തന്റെ കൈവശം എത്തിയിട്ടില്ലെന്നും ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്.
അതേസമയം, സഭാ സ്പീക്കർ മൈക് ജോൺസൺ തിങ്കളാഴ്ച ഭവന ബിൽ ഔദ്യോഗികമായി വൈറ്റ് ഹൗസിലേക്ക് അയച്ചതായി റിപ്പോർട്ടുണ്ട്.
കോൺഗ്രസിൽ നിന്ന് ബിൽ ലഭിച്ചാൽ 10 ദിവസത്തിനകം പ്രസിഡന്റ്് അതിൽ ഒപ്പിടുകയോ വീറ്റോ ചെയ്യുകയോ വേണം. ഒന്നും ചെയ്യാത്ത പക്ഷം 10 ദിവസത്തിന് ശേഷം ബിൽ സ്വമേധയാ നിയമമാകും. എന്നാൽ ആ കാലയളവിനിടെ കോൺഗ്രസ് പിരിഞ്ഞാൽ 'പോക്കറ്റ് വീറ്റോ'യ്ക്ക് സാധ്യതയുണ്ട്.
ഭവന ബിൽ വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് പാസാക്കിയത്. അതിനാൽ ട്രംപ് വീറ്റോ ചെയ്താലും കോൺഗ്രസ് വീണ്ടും പാസാക്കി നിയമമാക്കാൻ സാധ്യതയുണ്ട്.
സേവ് അമേരിക്ക ആക്ട് ഭവന ബില്ലിനൊപ്പം ചേർക്കണമെന്ന ആഗ്രഹം ആവർത്തിച്ച ട്രംപ്, റിപ്പബ്ലിക്കൻ പാർട്ടിയിലെ നാലോ അഞ്ചോ സെനറ്റർമാർ പിന്തുണയ്ക്കാത്തതിനാൽ അത് നടക്കാൻ സാധ്യത കുറവാണെന്നും പറഞ്ഞു. അതേസമയം, വോട്ടർ രജിസ്‌ട്രേഷനും തപാൽ വോട്ടിംഗിനുമുൾപ്പെടെ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന സേവ് അമേരിക്ക ആക്ട് വോട്ടവകാശം പരിമിതപ്പെടുത്തുമെന്ന് ആരോപിച്ച് ഡെമോക്രാറ്റിക് പാർട്ടി ശക്തമായി എതിർക്കുന്നുണ്ട്.
ഭവന ബില്ല് 'വലിയ കാര്യമല്ലെന്ന് ട്രംപ്; തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലിനാണ് മുൻഗണന
