വിഴിഞ്ഞത്ത് അദാനി-എംഎസ്‌സി വമ്പന്‍ പങ്കാളിത്തം; 13,000 കോടി രൂപ നിക്ഷേപവുമായി ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്

വിഴിഞ്ഞത്ത് അദാനി-എംഎസ്‌സി വമ്പന്‍ പങ്കാളിത്തം; 13,000 കോടി രൂപ നിക്ഷേപവുമായി ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്


അഹമ്മദാബാദ്:   അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും (APSEZ) ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ്‌ലോജിസ്റ്റിക്‌സ് കമ്പനികളിലൊന്നായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (MSC) ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡും (TiL) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ദീര്‍ഘകാല തന്ത്രപ്രധാന പങ്കാളിത്തത്തിന് ധാരണയായി. ഇതിന്റെ ഭാഗമായി അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (AVPPL) ഠശഘ 49 ശതമാനം ഓഹരി സ്വന്തമാക്കും. നിയമപരവും നിയന്ത്രണപരവുമായ അനുമതികള്‍ക്ക് വിധേയമായാണ് നിക്ഷേപം.

ആകെ 2.85 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 27,000 കോടി രൂപ) മൂല്യമുള്ള പദ്ധതിയില്‍ TiL 1.397 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 13,000 കോടി രൂപ) നിക്ഷേപിക്കും. ഇന്ത്യന്‍ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇതോടെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പ്രധാന ട്രാന്‍ഷിപ്‌മെന്റ് ഹബ്ബെന്ന നിലയില്‍ വിഴിഞ്ഞത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തമാകുമെന്ന് വിലയിരുത്തുന്നു.

നിലവില്‍ 16 ലക്ഷം TEU ശേഷിയുള്ള വിഴിഞ്ഞം തുറമുഖം വികസനത്തിന്റെ ഭാഗമായി 2028 ഡിസംബറോടെ 57 ലക്ഷം TEU ശേഷിയിലേക്ക് ഉയരും. നിലവിലെ ശേഷിയുടെ മൂന്നര ഇരട്ടിയിലേറെയാണിത്. ഈ പങ്കാളിത്തം തുറമുഖത്തിലെ ചരക്കുനീക്കം കൂടുതല്‍ സ്ഥിരതയുള്ളതാക്കുകയും വളര്‍ച്ചയുടെ വേഗം വര്‍ധിപ്പിക്കുകയും ചെയ്യും. മുന്ദ്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍-3, എന്നൂര്‍ തുറമുഖം എന്നിവയ്ക്ക് ശേഷം APSEZഉം MSC-യും തമ്മിലുള്ള മൂന്നാമത്തെ പ്രധാന സഹകരണവുമാണിത്.

APSEZ ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്തയുടെ വാക്കുകളില്‍, പ്രവര്‍ത്തനം ആരംഭിച്ച് വെറും 18 മാസത്തിനുള്ളില്‍ 20 ലക്ഷം ഠഋഡ ചരക്ക് കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറി. MSCയുമായുള്ള ദീര്‍ഘകാല പങ്കാളിത്തം വിപുലീകരിക്കുന്നതിലൂടെ ആഗോള വിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഇന്ത്യയുടെ പ്രധാന ആഗോള വിപണികളിലേക്കുള്ള പ്രവേശനം കൂടുതല്‍ ശക്തിപ്പെടുത്താനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ സഹകരണം APSEZന് കൂടുതല്‍ ചരക്കുനീക്കം ലഭ്യമാക്കുന്നതിലൂടെ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കാനും, നിലവില്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ ട്രാന്‍ഷിപ്‌മെന്റ് ഹബ്ബുകളെ ആശ്രയിക്കുന്ന ബംഗ്ലദേശ് ചരക്കുകളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനും, കിഴക്കന്‍ ആഫ്രിക്കന്‍ വ്യാപാരപാതകളില്‍ സാന്നിധ്യം ശക്തിപ്പെടുത്താനും, റിലേ കാര്‍ഗോ വര്‍ധിപ്പിക്കാനും സഹായിക്കും.

MSC ഗ്രൂപ്പിന്റെ ഭാഗമായ TiL ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഓപ്പറേറ്റര്‍മാരിലൊന്നാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 100ലധികം കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന TiL വര്‍ഷംതോറും 70 ദശലക്ഷത്തിലധികം TEU ചരക്കുകള്‍ കൈകാര്യം ചെയ്യുന്നു.

2024 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച വിഴിഞ്ഞം ഇന്ത്യയിലെ ആദ്യ ആഴക്കടല്‍ മെഗാ ട്രാന്‍ഷിപ്‌മെന്റ് തുറമുഖമാണ്. യൂറോപ്പ്, പേര്‍ഷ്യന്‍ ഗള്‍ഫ്, കിഴക്കന്‍ ഏഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന കിഴക്ക്-പടിഞ്ഞാറ് ഷിപ്പിങ് റൂട്ടില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള തന്ത്രപ്രധാന സ്ഥാനമാണ് തുറമുഖത്തിനുള്ളത്. 18-20 മീറ്റര്‍ പ്രകൃതിദത്ത ആഴം, 2.9 കിലോമീറ്റര്‍ ബ്രേക്ക്‌വാട്ടര്‍, 800 മീറ്റര്‍ ബര്‍ത്ത്, എട്ട് ക്വേ ക്രെയിനുകള്‍, 24 ഓട്ടോമേറ്റഡ് യാര്‍ഡ് ക്രെയിനുകള്‍ എന്നിവയുള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ആധുനിക കണ്ടെയ്‌നര്‍ കൈകാര്യം സംവിധാനങ്ങളും അത്യാധുനിക ഐടി പ്ലാറ്റ്‌ഫോമും എഐ അധിഷ്ഠിത സ്വദേശീയ വെസല്‍ ട്രാഫിക് മാനേജ്‌മെന്റ് സംവിധാനവും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ വിഴിഞ്ഞം 13 ലക്ഷം TEU ചരക്കുകള്‍ കൈകാര്യം ചെയ്തു. ആദ്യ വര്‍ഷം തന്നെ 615 കപ്പലുകളും 13 ലക്ഷം TEU ചരക്കുകളും കൈകാര്യം ചെയ്ത് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം TEU നേട്ടം കൈവരിച്ച തുറമുഖമായി മാറി. 18 മാസത്തിനുള്ളില്‍ 20 ലക്ഷം TEU ചരക്കും 950 കപ്പലുകളും കൈകാര്യം ചെയ്ത് മറ്റൊരു ദേശീയ റെക്കോര്‍ഡും സ്വന്തമാക്കിയ തുറമുഖം കഴിഞ്ഞ ആഴ്ച 1000ാമത്തെ കപ്പലിനെയും സ്വാഗതം ചെയ്തു. ഇതിനകം 70ലധികം അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസലുകളും, 300 മീറ്ററിലധികം നീളമുള്ള 283 കപ്പലുകളും, 16 മീറ്ററിലധികം ഡ്രാഫ്റ്റ് ആവശ്യമായ 98 കപ്പലുകളും വിഴിഞ്ഞം കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ തുറമുഖങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നേട്ടങ്ങളിലൊന്നാണിത്.