വെനസ്വേല ഭൂചലനം: കെട്ടിടങ്ങൾ വ്യാപകമായി തകർന്നത് എന്തുകൊണ്ട്? വിദഗ്ധർ പറയുന്നത് ഇങ്ങനെ

വെനസ്വേല ഭൂചലനം: കെട്ടിടങ്ങൾ വ്യാപകമായി തകർന്നത് എന്തുകൊണ്ട്? വിദഗ്ധർ പറയുന്നത് ഇങ്ങനെ


കാരാക്കസ്: വെനസ്വലയിൽ തുടർച്ചയായി ഉണ്ടായ ഇരട്ട ഭൂചലനത്തിൽ വ്യാപകമായ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണതോടെ ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിർമാണങ്ങളുടെ സുരക്ഷയെക്കുറിച്ചും വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു.

റിക്ടർ സ്‌കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഒരു മിനിറ്റിന്റെ ഇടവേളയിൽ ഉണ്ടായത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ലാ 
ഗ്വയറ സംസ്ഥാനത്ത് നിരവധി അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങൾ തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

ജോർജി റോഡ്രിഗ്‌സിന്റെ നേതൃത്വത്തിലുള്ള ദേശീയ അസംബ്ലി പുറത്തുവിട്ട കണക്കുകൾ പ്രകാരം മരണം 1,719 ആയി ഉയർന്നു. 5,034 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

കെട്ടിടങ്ങൾ തകർന്നതിന്റെ കൃത്യമായ കാരണം വ്യക്തമാക്കാൻ ഇനിയും സമയമെടുക്കുമെന്ന് സിവിൽ എൻജിനീയർമാർ പറയുന്നു. എന്നാൽ നിർമാണച്ചട്ടങ്ങൾ കർശനമായി പാലിക്കാത്തത്, ഗുണനിലവാര പരിശോധനയിലെ വീഴ്ച, കെട്ടിടങ്ങളുടെ മോശം പരിപാലനം, വർഷങ്ങളായി ഭരണസംവിധാനത്തിലുണ്ടായ ദൗർബല്യം എന്നിവ ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ മുൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ സാമൂഹിക ഭവനപദ്ധതിയുടെ ഭാഗമായി നിർമിച്ച നിരവധി സർക്കാർ പിന്തുണയുള്ള പാർപ്പിട സമുച്ചയങ്ങൾക്കാണ് കാര്യമായ നാശനഷ്ടമുണ്ടായത്. വേഗത്തിൽ നിർമാണം പൂർത്തിയാക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നും അതിനിടെ എൻജിനീയറിങ് നിലവാരത്തിൽ വിട്ടുവീഴ്ച ഉണ്ടായിരിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വെനസ്വേലയിലെ എൻജിനീയർമാരുടെ സംഘടനയുടെ ഡയറക്ടറായ റിച്ചാർഡ് കാസനോവയുടെ അഭിപ്രായത്തിൽ, ലാ ഗ്വയറയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. കുത്തനെയുള്ള മലനിരകൾക്കും കരീബിയൻ കടൽത്തീരത്തിനുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മണൽ, ചരൽ, പഴയ ഉരുൾപൊട്ടലുകളിൽ നിന്നുള്ള മണ്ണ് എന്നിവ അടിഞ്ഞുകൂടിയ ഭൂമിയിലാണ്. ഇത്തരം മണ്ണ് ഭൂചലനത്തിന്റെ ആഘാതം കൂടുതൽ ശക്തമാക്കാൻ ഇടയാക്കും.

സിവിൽ എൻജിനീയറായ നിക്കോളാസ് ലീബ്രോപോളോസും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. ഭൂചലന പ്രതിരോധ നിർമാണ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാൽ മാത്രമേ ഇത്തരം ദുരന്തങ്ങളിൽ നാശനഷ്ടം കുറയ്ക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നിലവിലുള്ള നിർമാണച്ചട്ടങ്ങൾ മതിയായതാണെങ്കിലും അവ കർശനമായി നടപ്പാക്കുന്നതിലും മേൽനോട്ടത്തിലും ഗുണനിലവാര നിയന്ത്രണത്തിലുമുള്ള വീഴ്ചകളാണ് പ്രധാന വെല്ലുവിളിയെന്ന് വിദഗ്ധർ വിലയിരുത്തുന്നു.