വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിര്‍ണായക നിയമവിജയം സമ്മാനിച്ച് യു എസ് സുപ്രിം കോടതി. ചില സ്വതന്ത്ര ഫെഡറല്‍ ഏജന്‍സികളിലെ അംഗങ്ങളെ പ്രസിഡന്റ് സ്വന്തം വിവേചനാധികാരപ്രകാരം പുറത്താക്കാമെന്ന് സുപ്രിം കോടതി വിധിച്ചു. കഴിഞ്ഞ 90 വര്‍ഷമായി നിലനിന്നിരുന്ന നിയമപരമായ സംരക്ഷണത്തെ മറികടക്കുന്ന ഈ വിധി പ്രസിഡന്റിന്റെ അധികാരം ഗണ്യമായി വര്‍ധിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തല്‍.
6- 3 ഭൂരിപക്ഷത്തിലാണ് സുപ്രിം കോടതി വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് ഭൂരിപക്ഷ വിധിയെഴുതി. പ്രസിഡന്റിന്റെ പേരില്‍ നിര്‍വാഹക അധികാരം വിനിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ പ്രസിഡന്റിനോട് ഉത്തരവാദികളായിരിക്കണമെന്നും അതിനാല്‍ അവരെ പ്രസിഡന്റിന് നീക്കം ചെയ്യാന്‍ കഴിയണമെന്നും കോടതി വ്യക്തമാക്കി.
ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ കമ്മിഷണറായ റെബേക്ക സ്ലോട്ടറിനെ ട്രംപ് ഭരണകൂടം 2025 മാര്‍ച്ചില്‍ സ്ഥാനത്തുനിന്ന് നീക്കിയതോടെയാണ് കേസ് ആരംഭിച്ചത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് നിയമിതയായ സ്ലോട്ടറിനെ പിന്നീട് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും നിയമിച്ചിരുന്നു.
എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളുമായി അവരുടെ സേവനം പൊരുത്തപ്പെടുന്നില്ലെന്ന കാരണത്താല്‍ വ്യക്തമായ കുറ്റാരോപണമൊന്നുമില്ലാതെ അവരെ പുറത്താക്കുകയായിരുന്നു. 1914ലെ നിയമപ്രകാരം കാര്യക്ഷമതക്കുറവ്, ചുമതല നിര്‍വഹണത്തിലെ വീഴ്ച, ഔദ്യോഗിക ദുര്‍വ്യവഹാരം തുടങ്ങിയ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ എഫ് ടി സി കമ്മിഷണര്‍മാരെ പുറത്താക്കാന്‍ കഴിയൂ.
ഇത് ചോദ്യം ചെയ്ത് സ്ലോട്ടര്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സുപ്രിം കോടതി ഇടപെട്ട് ട്രംപിന് അവരെ നീക്കം ചെയ്യാന്‍ അനുമതി നല്‍കുകയും ഇപ്പോള്‍ അന്തിമവിധിയിലൂടെ ആ നിലപാട് ശരിവയ്ക്കുകയും ചെയ്തു.
വിധിയുടെ പ്രത്യാഘാതം എഫ് ടി സിയില്‍ മാത്രം ഒതുങ്ങില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് രൂപീകരിച്ച രണ്ട് ഡസനിലധികം സ്വതന്ത്ര കമ്മിഷനുകളുടെയും ബോര്‍ഡുകളുടെയും അംഗങ്ങളെ പ്രസിഡന്റിന് ഇനി കൂടുതല്‍ എളുപ്പത്തില്‍ മാറ്റാനാകുന്ന സാഹചര്യം ഇതിലൂടെ ഉണ്ടായേക്കും.
ഫെഡറല്‍ എനര്‍ജി റെഗുലേറ്ററി കമ്മിഷന്‍, ന്യൂക്ലിയര്‍ റെഗുലേറ്ററി കമ്മിഷന്‍, നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളെയും ഈ വിധി നേരിട്ട് ബാധിക്കാനിടയുണ്ട്.
അതേസമയം, മൂന്ന് ലിബറല്‍ ജഡ്ജിമാര്‍ വിധിക്കെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ജസ്റ്റിസ് സോണിയ സോട്ടോമയോര്‍, എലീന കേഗന്‍, കെതാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ എന്നിവര്‍ ചേര്‍ന്നുള്ള ഭിന്നാഭിപ്രായത്തില്‍, ഈ വിധി അമേരിക്കന്‍ ഭരണസംവിധാനത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
വിധിയിലൂടെ ഭരണസംവിധാനത്തിന്റെ ഘടന തന്നെ ഭൂരിപക്ഷം പുനഃരൂപകല്‍പ്പന ചെയ്യുകയാണെന്നും നിരവധി സ്വതന്ത്ര കമ്മിഷനുകള്‍ ഇനി പ്രസിഡന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നിര്‍വാഹക ഏജന്‍സികളായി മാറാന്‍ സാധ്യതയുണ്ടെന്നും സോട്ടോമയോര്‍ അഭിപ്രായപ്പെട്ടു.
വിധിയെ സ്വാഗതം ചെയ്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ നൂറുവര്‍ഷത്തിനിടയിലെ പ്രസിഡന്റിന്റെ അധികാരത്തിലെ ഏറ്റവും വലിയ വര്‍ധനയാണിതെന്നും അതീവ നിര്‍ണായകമായ സമയത്ത് ലഭിച്ച ചരിത്രവിധിയാണിതെന്നും പ്രതികരിച്ചു.
