ഓഫീസ് ജനലിലൂടെ ക്രിസ്റ്റിന്‍ സ്‌കുലാസണ്‍ കണ്ടത് 'ഗോള്‍ഡ് ഫിഷ്'നെ

ഓഫീസ് ജനലിലൂടെ ക്രിസ്റ്റിന്‍ സ്‌കുലാസണ്‍ കണ്ടത് 'ഗോള്‍ഡ് ഫിഷ്'നെ


ന്യൂഫൗണ്ട്ലാന്‍ഡ്: ലോകത്ത് അവശേഷിക്കുന്നത് ഏകദേശം 380 എണ്ണം മാത്രമാണെന്ന് കണക്കാക്കപ്പെടുന്ന അത്യപൂര്‍വ വടക്കന്‍ അറ്റ്ലാന്റിക് റൈറ്റ് തിമിംഗലങ്ങളില്‍ ഒന്നായ 'ഗോള്‍ഡ്ഫിഷ്' ബേ ഡി വെര്‍ഡെ തുറമുഖത്തിന് സമീപം പ്രത്യക്ഷപ്പെട്ടത് അപൂര്‍വ കാഴ്ചയായി.

ക്വിന്‍ലന്‍ ബ്രദേഴ്‌സ് ലിമിറ്റഡിന്റെ റീജിയണല്‍ മാനേജറായ ക്രിസ്റ്റിന്‍ സ്‌കുലാസണ്‍ ഓഫീസിലെ ജനലിലൂടെ നോക്കുന്നതിനിടെയാണ് തീരത്തോട് ചേര്‍ന്ന് തിമിംഗലത്തെ കണ്ടത്. ആദ്യമത് ഏത് ഇനത്തില്‍പ്പെട്ട തിമിംഗലമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

28 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും  തുറമുഖത്തിനുള്ളില്‍ ഇത്ര അടുത്ത് ഒരു തിമിംഗലത്തെ കണ്ടതായി ഓര്‍മയില്ലെന്നും കാപ്പെലിന്‍ മത്സ്യങ്ങള്‍ എത്തുന്ന സമയത്ത് ബ്രേക്ക്വാട്ടറിന് പുറത്താണ് സാധാരണ തിമിംഗലങ്ങളെ കാണാറുള്ളതെന്നും അതിനാല്‍ ഇത് വളരെ അസാധാരണമായ കാഴ്ചയായിരുന്നുവെന്നും അദ്ദേഹം സി ബി സി റേഡിയോയോട് പറഞ്ഞു.

തുടര്‍ന്ന് അദ്ദേഹം മൊബൈല്‍ ഫോണില്‍ വീഡിയോയും ചിത്രങ്ങളും പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയക്കുകയും പിന്നീട് അവ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ തിമിംഗല ഗവേഷകരില്‍ നിന്ന് സ്‌കുലാസണിന് സന്ദേശങ്ങള്‍ ലഭിച്ചു. വീഡിയോയിലുള്ളത് വടക്കന്‍ അറ്റ്ലാന്റിക് റൈറ്റ് തിമിംഗലമാണെന്നും അതിന്റെ പേര് 'ഗോള്‍ഡ്ഫിഷ്' ആണെന്നും അവര്‍ അറിയിച്ചു. 2023-ല്‍ സെന്റ് ലോറന്‍സ് ഉള്‍ക്കടലില്‍ അവസാനമായി രേഖപ്പെടുത്തിയ തിമിംഗലമാണിതെന്നും വ്യക്തമാക്കി.

ഇക്കാര്യം കാനഡയുടെ മത്സ്യ- സമുദ്ര വകുപ്പ് (ഡി എഫ് ഒ) സ്ഥിരീകരിച്ചു.

ഒട്ടാവയില്‍ പ്രവര്‍ത്തിക്കുന്ന ഡി എഫ് ഒ ദേശീയ പരിപാടികളുടെ ഡയറക്ടര്‍ ബ്രെറ്റ് ഗില്‍ക്രിസ്റ്റിന്റെ വിശദീകരണമനുസരിച്ച് വടക്കന്‍ അറ്റ്ലാന്റിക് റൈറ്റ് തിമിംഗലങ്ങള്‍ ഐസ്ലന്‍ഡ് മുതല്‍ യൂറോപ്പ് വഴിയും മെക്‌സിക്കോ ഉള്‍ക്കടല്‍ വരെയും വ്യാപിച്ചുകിടക്കുന്ന സമുദ്രപ്രദേശങ്ങളിലാണ് സഞ്ചരിക്കുന്നത്.

കനേഡിയന്‍ ജലപരിധിയില്‍ എത്തുമ്പോള്‍ ഇവ പ്രധാനമായും കോപ്പിപോഡുകള്‍ എന്ന ചെറു സമുദ്രജീവികളെയാണ് ഭക്ഷണമായി തേടുന്നത്. സാധാരണയായി ബേ ഓഫ് ഫണ്ടിയിലും സെന്റ് ലോറന്‍സ് ഉള്‍ക്കടലിലുമാണ് ഇവയെ കൂട്ടമായി കാണാറുള്ളത്.

ന്യൂഫൗണ്ട്ലാന്‍ഡിന്റെ വടക്കന്‍ തീരത്ത് ഈ ഒരു റൈറ്റ് തിമിംഗലത്തെ മാത്രമാണ് രേഖപ്പെടുത്തിയതെന്നും ലഭ്യമായ ചിത്രങ്ങളും വീഡിയോയും പരിശോധിച്ചപ്പോള്‍ തിമിംഗലത്തിന് ആരോഗ്യപ്രശ്‌നങ്ങളൊന്നും കാണുന്നില്ലെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

റൈറ്റ് തിമിംഗലങ്ങള്‍ കൂട്ടമായി കാണപ്പെടുന്ന പ്രദേശങ്ങളില്‍ മത്സ്യബന്ധന വലകളില്‍ കുടുങ്ങുന്നത് തടയാന്‍ ഡി എഫ് ഒ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ തിമിംഗലം കണ്ട പ്രദേശത്തെ മത്സ്യബന്ധനം 15 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുകയും തിമിംഗലം പ്രദേശം വിട്ടതായി സ്ഥിരീകരിച്ച ശേഷമേ വീണ്ടും അനുമതി നല്‍കുകയുമുള്ളു.

എന്നാല്‍ ബേ ഡി വെര്‍ഡെ പ്രദേശത്ത് റൈറ്റ് തിമിംഗലങ്ങള്‍ കൂട്ടമായി എത്തുന്ന സാഹചര്യമില്ലാത്തതിനാല്‍ ഇത്തവണ മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. പകരം മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി എഫ് ഒ 'നോട്ടീസ് ഓഫ് വിജിലന്‍സ്' പുറത്തിറക്കിയിട്ടുണ്ട്.

വടക്കന്‍ അറ്റ്ലാന്റിക് റൈറ്റ് തിമിംഗലങ്ങള്‍ വലിപ്പമേറിയതും പതുക്കെ സഞ്ചരിക്കുന്നതുമായ ബലീന്‍ തിമിംഗലങ്ങളാണ്. ഹംപ്ബാക്ക് തിമിംഗലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെറിയ ചിറകുകളും ഇരുണ്ട നിറവുമാണ് ഇവയുടെ പ്രത്യേകത.

ഇത്തരം തിമിംഗലങ്ങളെ കാണുന്നവര്‍ തിയ്യതി, സമയം, ജി പി എസ് സ്ഥാനം, തിമിംഗലത്തിന്റെ പെരുമാറ്റം എന്നിവ രേഖപ്പെടുത്തുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ വന്യജീവി സംരക്ഷണ ചട്ടങ്ങള്‍ പ്രകാരം തിമിംഗലങ്ങളോട് അടുത്ത് പോകുന്നത് നിരോധിച്ചിരിക്കുന്നതിനാല്‍ സുരക്ഷിത അകലം പാലിച്ചുകൊണ്ട് മാത്രമേ ചിത്രീകരണം നടത്താവൂ.