തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നില്‍ സമരം ചെയ്ത കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ്, കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി.
തിരുവനന്തപുരത്ത് ലോക്ഭവനിലേക്ക് കെപിസിസി നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. പോലീസുമായി ഉന്തുംതള്ളും ഉണ്ടായി. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ലോക്ഭവന് മാര്‍ച്ച്.
തിരുവനന്തപുരത്ത് കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ എജി ഓഫീസ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ആലപ്പുഴയിലും കണ്ണൂരിലും പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. കണ്ണൂരില്‍ കെഎസ് യു പ്രവര്‍ത്തകര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസും ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഞ്ചിനാട് എക്സ്പ്രസുമാണ് തടഞ്ഞത്. കൊച്ചിയില്‍ റോഡ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പോലീസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. പോലീസ് ജീപ്പ് തടഞ്ഞ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു.
കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാവൂര്‍ റോഡില്‍ കുത്തിയിരുന്നാണ് യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരെ മാറ്റാന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും സംഘര്‍ഷത്തില്‍ കലാശിച്ചു. പാലക്കാട് ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റെയില്‍ പാളം ഉപരോധിച്ചു. വയനാട് കല്പറ്റയില് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
കോൺഗ്രസ് നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു
