കാൽഗറി: കനേഡിയൻ ഇമിഗ്രേഷൻ അധികൃതർ പോസ്റ്റ്-ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് നിഷേധിച്ചതിനെത്തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധം നേരിടുന്ന കാൽഗറിയിലെ പോർട്ടേജ് കോളേജിലെ വിഷയത്തിൽ ഇമിഗ്രേഷൻ അഭിഭാഷകരെയോ കൺസൾട്ടന്റിനെയോ സമീപിക്കാൻ കോളേജ് അധികൃതരുടെ നിർദേശം. "ഉപദേശം ആവശ്യമുള്ള വിദ്യാർത്ഥികൾ അംഗീകൃത ഇമിഗ്രേഷൻ അഭിഭാഷകനെയോ അല്ലെങ്കിൽ 'റെഗുലേറ്റഡ് കനേഡിയൻ ഇമിഗ്രേഷൻ കൺസൾട്ടന്റിനെയോ' സമീപിക്കണമെന്ന് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഒരു പ്രത്യേക പ്രോഗ്രാം പൂർത്തിയാക്കുന്നത് പോസ്റ്റ്-ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് ഉറപ്പുനൽകുന്നില്ലെന്ന് കോളേജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
"ചില നോൺ-ക്രെഡിറ്റ് പ്രോഗ്രാമുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ പോസ്റ്റ്-ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് അപേക്ഷകൾ നിരസിക്കപ്പെട്ട വിവരം പോർട്ടേജ് കോളേജിന് അറിയാം. കോളേജ് നൽകിയ കത്തുകൾ ഉൾപ്പെടെയുള്ള അപേക്ഷകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. 'ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ' ആണ് ഓരോ അപേക്ഷയും പ്രത്യേകം പരിശോധിക്കുകയും, യോഗ്യത നിർണ്ണയിക്കുന്നതിനും ഇമിഗ്രേഷൻ സംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നതിനും പൂർണ്ണ ഉത്തരവാദിത്തം വഹിക്കുകയും ചെയ്യുന്നത്. ഇമിഗ്രേഷൻ തീരുമാനങ്ങൾ എടുക്കുകയോ, വ്യക്തിഗത ഇമിഗ്രേഷൻ വിഷയങ്ങളിൽ പ്രതിനിധിയായി പ്രവർത്തിക്കുകയോ, വിദ്യാർത്ഥികൾക്ക് വേണ്ടി നിയമനടപടികളിൽ പങ്കുചേരുകയോ, അല്ലെങ്കിൽ ഏതെങ്കിലും പ്രോഗ്രാമോ രേഖയോ കത്തോ പ്രത്യേക ഇമിഗ്രേഷൻ ഫലം ഉറപ്പുനൽകുമെന്ന് അവകാശപ്പെടുകയോ പോർട്ടേജ് കോളേജ് ചെയ്യുന്നില്ല,"- കോളേജ് വ്യക്തമാക്കി.
2026 ജൂൺ അവസാനം മുതൽ, ഈ കോളേജിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് (ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്) പോസ്റ്റ്-ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. തങ്ങൾ പൂർത്തിയാക്കിയ കോഴ്സ് വർക്ക് പെർമിറ്റിന് അർഹമല്ലെന്നാണ് കാനഡ ഇമിഗ്രേഷൻ അധികൃതർ നിഷേധ ഉത്തരവിൽ വ്യക്തമാക്കുന്നത്. കാനഡയിൽ, വർക്ക് പെർമിറ്റ് ലഭിക്കുന്നത് അംഗീകൃത കോളേജുകളുടെയും കോഴ്സുകളുടെയും പട്ടികയെ അടിസ്ഥാനമാക്കിയാണ്. നിശ്ചിത കോളേജുകളിൽ നിന്ന് നിശ്ചിത കോഴ്സുകൾ പൂർത്തിയാക്കിയാൽ മാത്രമേ വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റിന് അർഹത ലഭിക്കൂ.
"പൂർത്തിയാക്കിയ കോഴ്സ് (ഉദാഹരണത്തിന്: ബിസിനസ് മാനേജ്‌മെന്റ് ഡിപ്ലോമ പ്രോഗ്രാം) ഒരു 'നോൺ-ക്രെഡിറ്റ്' പ്രോഗ്രാം ആയതിനാൽ, R205(c)(ii) പ്രകാരമുള്ള തൊഴിൽ അനുമതിക്കുള്ള മാനദണ്ഡങ്ങൾ അത് പാലിക്കുന്നില്ല. R200(1)(c)(ii) പ്രകാരം അപേക്ഷ നിരസിക്കപ്പെട്ടു" - ഇതാണ് മിക്ക നിഷേധ ഉത്തരവുകളിലും രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ, അംഗീകൃത കോളേജുകളുടെയും കോഴ്സുകളുടെയും പട്ടികയിൽ ഉൾപ്പെട്ടിരുന്നതുകൊണ്ട് മാത്രമാണ് തങ്ങൾ 'പോർട്ടേജ്' കോളേജിൽ ചേരുകയും ആ കോഴ്സ് തിരഞ്ഞെടുക്കുകയും ചെയ്തതെന്ന് വിദ്യാർത്ഥികൾ പറയുന്നു. പ്രതിവർഷം 15,000 ഡോളറിലധികം ട്യൂഷൻ ഫീസ് അടച്ചിട്ടും, ഇപ്പോൾ തങ്ങൾക്ക് വർക്ക് പെർമിറ്റ് ലഭിക്കില്ലെന്നും കാനഡ വിട്ടുപോകണമെന്നും പറയുന്ന അവസ്ഥയാണുള്ളത്.
എന്നാൽ തങ്ങൾ കാനഡയിലെ സ്ഥിരതാമസത്തിനുള്ള അനുമതി അല്ല ആഗ്രഹിക്കുന്നതെന്നും, രണ്ട് വർഷത്തെ ട്യൂഷൻ ഫീസ് അടച്ച ശേഷം കാനഡയിൽ ജോലി ചെയ്യാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.
ഐആർസിസി തങ്ങളുടെ വെബ്‌സൈറ്റിൽ ഒരു നിയമത്തിൽ മാറ്റം വരുത്തിയെങ്കിലും, അത് 'കാനഡ ഗസറ്റിൽ' പ്രസിദ്ധീകരിച്ചിരുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. 2023-2024 കാലയളവിൽ കാനഡയിലെത്തിയ വിദ്യാർത്ഥികൾക്കാണ്, ഐആർസിസി വെബ്‌സൈറ്റിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഈ പുതിയ നിയമം മുൻകാല പ്രാബല്യത്തോടെ ബാധകമാക്കുന്നത്. അതേസമയം, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കനേഡിയൻ ഇമിഗ്രേഷൻ കൺസൾട്ടന്റായ ഡിംപിൾ വർമ്മ ഒപ്പുശേഖരണ ക്യാമ്പെയ്‌ൻ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യൻ വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ് അപേക്ഷകൾ നിരസിക്കപ്പെട്ട വിഷയം; ഇമിഗ്രേഷൻ അഭിഭാഷകരെ സമീപിക്കാൻ കാനഡയിലെ കോളേജിന്റെ നിർദ്ദേശം
