ടൊറന്റോ: കാനഡ വീണ്ടുമൊരു മഹാഓണത്തിന്റെ കേളികൊട്ടിന് കാത്തിരിക്കെ സാംസ്‌കാരിക- കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കലാസംഘങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മെയ് 31 ആണ്. പ്രതീക്ഷിച്ചതിലുമേറെ അപേക്ഷകള്‍ ലഭിച്ചതിനാല്‍ ഇവ വിലയിരുത്താന്‍ ലെവിറ്റേറ്റ് എന്റര്‍ടെയ്ന്‍മെന്റ് ടീമിലെ കലാകാരന്മാരുള്‍പ്പെടുന്ന വിദഗ്ധ സമിതിയെ നിയോഗിച്ചു. അപേക്ഷകരില്‍ യു എസില്‍നിന്നും കലാസംഘങ്ങളുണ്ട്. പ്രമുഖ സിനിമാ സംവിധായകന്‍ കെ മധുവാണ് സമിതിയിലെ സെലിബ്രിറ്റി സാന്നിധ്യമെന്ന് മുഖ്യസംഘാടകന്‍ ജെറിന്‍ രാജ് അറിയിച്ചു. സി ബി ഐ ഡയറിക്കുറിപ്പ് സീരിസും ഇരുപതാം നൂറ്റാണ്ടും ഉള്‍പ്പെടെ ഇരുപത്തിയഞ്ചിലേറെ സിനിമകളുടെ സംവിധായകനാണ്. കഴിഞ്ഞ തവണ മഹാഓണം വേദിയില്‍ നേരിട്ടെത്തിയ കെ മധു, പരിപാടികള്‍ ആസ്വദിക്കുകയും സംഘാടന മികവിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഗുണനിലവാരം ഉറപ്പുള്ള കലാപരിപാടികളാണ് വേദിയിലെത്തുന്നതെന്ന് ഉറപ്പിക്കാനാണ് സമിതിക്ക് രൂപം നല്‍കിയത്.
സെപ്റ്റംബര്‍ ഏഴ് ഞായറാഴ്ചയാണ് ഇത്തവണത്തെ മഹാഓണം. കാനഡയിലെ തന്നെ ഏറ്റവും തിരക്കേറിയ സ്ഥലമായ യങ് ആന്‍ഡ് ഡണ്ടാസിലെ സാങ്കോഫ സ്‌ക്വയറാണ് ഇക്കുറിയും മഹാഓണത്തിന് വേദിയൊരുക്കുന്നത്. ലെവിറ്റേറ്റ് എന്റര്‍ടെയന്‍മെന്റ് ഒരുക്കുന്ന മഹാഓണം 2025ന്റെ മുഖ്യപ്രായോജകരിലൊന്നായി മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ നല്‍കുന്ന ലെംഫൈ ഗ്രൂപ്പ് പവേഡ് ബൈ പാര്‍ട്ണറായി ഒപ്പം ചേര്‍ന്നിട്ടുണ്ട്. ഓട്ടമൊബീല്‍ രംഗത്തുള്ള ഗ്രീസ് മല്ലൂസ് ആണ് കോ-പവേഡ് പാര്‍ട്ണര്‍. സ്‌പോണ്‍സര്‍ഷിപ്പിന് ഇനിയും അവസരമുണ്ടെന്നും വടക്കന്‍ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഗമങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്ന മഹാഓണം പരിപാടിയില്‍ സഹകരിക്കുന്നതിലൂടെ സംരംഭകര്‍ക്കും സംരംഭങ്ങള്‍ക്കും കൂടുതല്‍ മലയാളികളിലേക്ക് എത്താനുള്ള അവസരമാണിതെന്നും സംഘാടകര്‍ പറയുന്നു. റസ്റ്ററന്റുകള്‍ക്കും മറ്റും സ്റ്റാളുകള്‍ ഒരുക്കുന്നതിനും അവസരമുണ്ട്.
ഡിജിറ്റല്‍ ഡിസ്‌പ്ലേകളാല്‍ സമ്പന്നമായ യങ് ആന്‍ഡ് ഡണ്ടാസ് സ്‌ക്വയറില്‍ ദിവസേന ലക്ഷത്തോളം പേരുടെ സാന്നിധ്യമാണുണ്ടാകാറുള്ളത്. പ്രവേശനം സൗജന്യമാണ്.
ഇക്കുറി കൂടുതല്‍ പുതുമകളോടെയാകും തിരുവോണത്തിനു പിന്നാലെ എത്തുന്ന മഹാഓണം ആഘോഷിക്കുക. വിസ്മയിപ്പിക്കുന്ന ഒട്ടേറെ പരിപാടികളുടെ ആസൂത്രണത്തിലാണ് സംഘാടകര്‍. കേരളത്തിന്റെ സാംസ്‌കാരികപൈതൃകം കനേഡിയന്‍ ജനതയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മഹാഓണം പരിപാടി ആസൂത്രണം ചെയ്തത്. മഹാചെണ്ടമേളത്തോടെയാകും പരിപാടികള്‍ക്കു കൊടിയേറുക. കേരളീയ കലാരൂപങ്ങളും സംഗീത- നൃത്ത പരിപാടികളും ഗാനമേളയും ഡിജെയുമെല്ലാമായി ഒരുദിവസം മുഴുവന്‍ നീളുന്ന ആഘോഷമാണ് ഒരുക്കുക.
രാജ്യാന്തര വിദ്യാര്‍ഥികളിലെയും യുവജനങ്ങളിലെയും മികവുറ്റ കലാകാരന്മാരെ കണ്ടെത്തി അവര്‍ക്കു വേദിയൊരുക്കുന്നതിനായാണ് ലെവിറ്റേറ്റ് എന്റര്‍ടെയ്ന്‍മെന്റിന് തുടക്കംകുറിച്ചത്. കഴിഞ്ഞ തവണ മഹാഓണം പരിപാടിയോടനുബന്ധിച്ച് മാത്രം ആയിരത്തോളം കലാകാരന്മാര്‍ക്കാണ് അവസരം ഒരുക്കിയത്. മൂന്നു സീസണുകളിലായി അരങ്ങിലെത്തിച്ച അപ്പാപ്പനും മോനും ലൈവ് ഷോയും ഏറെ ശ്രദ്ധേയമായിരുന്നു.
മഹാഓണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിനും കലാപരിപാടികളുടെ റജിസ്‌ട്രേഷനും മറ്റും ലെവിറ്റേറ്റിന്റെയും മഹാഓണത്തിന്റെയും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വെബ്‌സൈറ്റ്: www.mahaonam.ca
ഫോണ്‍: 647-781-4743
ഇമെയില്‍: contact@levitateinc.ca
