ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ ട്രക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചയാള്‍ ജയില്‍ മോചിതനായി

ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ ട്രക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചയാള്‍ ജയില്‍ മോചിതനായി


ഒന്റാരിയോ: നാലു വര്‍ഷം മുമ്പ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ റൈഡോ ഹാളിന്റെ ഗേറ്റിലൂടെ ആയുധങ്ങള്‍ നിറച്ച ട്രക്ക് ഇടിച്ചിറക്കിയ മുന്‍ ആര്‍മി റിസര്‍വിസ്റ്റ് ജയില്‍ മോചിതനായി. കമ്മ്യൂണിറ്റി റെസിഡന്‍ഷ്യല്‍ സൗകര്യത്തില്‍ കഴിഞ്ഞ 20 മാസമായി ഡേ പരോളില്‍ ചെലവഴിക്കുകയായിരുന്നു സംഭവത്തിലെ പ്രതി കോറി ഹുറേന്‍. 

കറക്ഷണല്‍ സര്‍വീസ് ഓഫ് കാനഡയുടെ ശുപാര്‍ശ പ്രകാരം പരോള്‍ ബോര്‍ഡ് മനഃശാസ്ത്രപരമായ കൗണ്‍സിലിംഗ് ഉള്‍പ്പെടെ നാല് നിബന്ധനകള്‍ മുന്നോട്ടു വെച്ചിരുന്നു. ജോലി തേടുകയും നിശ്ചിത മധ്യസ്ഥത സ്വീകരിക്കുകയും പരോള്‍ ഓഫീസറുമായി സാമ്പത്തിക വിവരങ്ങള്‍ പങ്കിടുകയും വേണം.

2020 ജൂലൈ രണ്ടിനാണ് ട്രൂഡോ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിരുന്ന റൈഡോ ഹാളിന്റെ ഗേറ്റിലൂടെ ഹുറന്‍ തന്റെ പിക്കപ്പ് ഇടിച്ചു കയറ്റിയത്. ഒരു സെമി ഓട്ടോമാറ്റിക് റൈഫിള്‍, രണ്ട് തോക്കുകള്‍, രണ്ട് കൈത്തോക്കുകള്‍ എന്നിവയാണ് മാനിറ്റോബ നിവാസിയായ ഇയാളില്‍ നിന്നും കണ്ടെടുത്തത്. 

90 മിനിറ്റ് നീണ്ട ഏറ്റുമുട്ടലിന് ശേഷം കീഴടക്കിയ ഹൂറന്‍ കമ്മ്യൂണിസ്റ്റാണെന്ന് താന്‍ വിശ്വസിച്ച ട്രൂഡോയെ 'അറസ്റ്റ്' ചെയ്യാനാണ് താന്‍ വന്നതെന്ന് പൊലീസിനോട് പറഞ്ഞു. കോവിഡ് ആസൂത്രണം ചെയ്തതാണെന്നും തോക്ക് നിയമങ്ങളില്‍ ദേഷ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാലത്ത്, അദ്ദേഹം നാലാമത്തെ കനേഡിയന്‍ റേഞ്ചേഴ്‌സ് പട്രോള്‍ ഗ്രൂപ്പില്‍ ഒരു മാസ്റ്റര്‍ കോര്‍പ്പറല്‍ ആയിരുന്നു. 2021-ല്‍ ഹൂറനെ സൈന്യത്തില്‍ നിന്ന് ഔദ്യോഗികമായി ഒഴിവാക്കുകയും ദേശീയ പ്രതിരോധ റിപ്പോര്‍ട്ട് പ്രകാരം 'പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കി' എന്ന് കുറ്റം ഉന്നയിക്കുകയും ചെയ്തു. 

'പ്രധാനമന്ത്രിയെ ലക്ഷ്യം വയ്ക്കുക'യും 'കാനഡയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഭയപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള രാഷ്ട്രീയ പ്രേരിത സായുധ ആക്രമണം' എന്നുമാണ് ശിക്ഷാ നടപടിയില്‍ ഹുറന്റെ പ്രവര്‍ത്തനങ്ങളെ വിശേഷിപ്പിച്ചത്. 

പൊലീസ് തന്നെ കൊല്ലുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ഹുറന്‍ അവകാശപ്പെട്ടു.

ഹുറന് മാനസിക വൈകല്യങ്ങളോ മയക്കുമരുന്ന് ദുരുപയോഗമോ പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറോ ഇല്ലെന്ന് വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ട് പറയുന്നുണ്ടെങ്കിലും കടുത്ത വിഷാദത്തിലായിരുന്നു അയാള്‍. 

ജോലി നഷ്ടപ്പെടുകയും സോസേജ് ബിസിനസ്സ് പരാജയപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് ഹുറന്‍ സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവിക്കുകയായിരുന്നു. തന്റെ ട്രക്ക് തിരിച്ചുപിടിച്ചതായി ഫോണ്‍ കോളുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഒട്ടാവയിലേക്ക് പോകാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

2021 ഫെബ്രുവരി 5ന് അദ്ദേഹം എട്ട് കുറ്റങ്ങള്‍ സമ്മതിച്ചു. പരമാവധി ശിക്ഷ 10 വര്‍ഷമായിരുന്നെങ്കിലും അഞ്ച് വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്. ഒരു വര്‍ഷത്തിലേറെ വിചാരണയ്ക്കായി കസ്റ്റഡിയിലായിരുന്നതും ശിക്ഷയില്‍ പരിഗണിക്കപ്പെട്ടു. 

തീവ്ര വലതുപക്ഷ, ലോക്ക്ഡൗണ്‍ വിരുദ്ധ, വാക്‌സിനേഷന്‍ വിരുദ്ധ ഗ്രൂപ്പുകള്‍ വഴി പബ്ലിക് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണികള്‍ ഉയര്‍ത്തിയ സമയത്തായിരുന്നു ആക്രമണ ശ്രമമുണ്ടായത്.

ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ ട്രക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചയാള്‍ ജയില്‍ മോചിതനായി