വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ റിപ്പബ്ലിക്കൻ പാർട്ടി നിയന്ത്രണത്തിലുള്ള പ്രതിനിധി സഭയുടെ മേൽനോട്ട സമിതിക്ക് മുന്നിൽ രഹസ്യമായി മൊഴിനൽകി. ലൈംഗിക കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീൻ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവങ്ങൾ ഏറെക്കാലം മുമ്പുണ്ടായതുകൊണ്ട് പല ചോദ്യങ്ങൾക്കും 'ഓർമ്മയില്ല' എന്ന മറുപടി പറയേണ്ടിവരുമെന്ന് ക്ലിന്റൺ തന്റെ പ്രാരംഭ പ്രസ്താവനയിൽ പറഞ്ഞു. എപ്സ്റ്റീനുമായുള്ള ബന്ധം, കൂടാതെ എപസ്റ്റീനും സഹപ്രതിയായ ഘിസ്ലൈൻ മാക്‌സ് വെല്ലിനും ഒപ്പമുള്ള ചിത്രങ്ങൾ എന്നിവയെക്കുറിച്ച് സമിതി അംഗങ്ങൾ സത്യവാങ്മൂലം നൽകി ചോദ്യം ചെയ്തു. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കായി ഇരുപത് വർഷം തടവ് ശിക്ഷ ലഭിച്ചിട്ടുള്ള വ്യക്തിയാണ് മാക്‌സ് വെൽ.
മൊഴിയെടുപ്പ് ഫലപ്രദമായിരുന്നുവെന്ന് സമിതി അധ്യക്ഷൻ ജെയിംസ് കോമർ പ്രതികരിച്ചു. ക്ലിന്റൺ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. മൊഴിയുടെ ദൃശ്യരേഖ ഉടൻ പുറത്തുവിടുമെന്ന് കോമർ അറിയിച്ചു.
ഒരു ദിവസം മുമ്പ് മുൻ വിദേശകാര്യ മന്ത്രിയും മുൻ പ്രഥമ വനിതയുമായ ഹിലരിക്ലിന്റനും സമിതിക്ക് മുന്നിൽ ഹാജരായിരുന്നു. എപ്‌സ്റ്റീനുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തെ കണ്ടതായി ഓർമ്മയില്ലെന്നുമാണ് ഹിലരി ക്ലിന്റൺ പറഞ്ഞത്. ഭർത്താവിന്റെ മൊഴിയും ഇതേ നിലപാടായിരിക്കുമെന്ന സൂചനയും അവർ നൽകിയിരുന്നു.
ഭാര്യയെ മൊഴിനൽകാൻ നിർബന്ധിച്ചതിൽ ബിൽ ക്ലിന്റൺ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഹിലരിക്ക് എപ്‌സ്റ്റീനുമായി യാതൊരു ബന്ധവുമില്ലെന്നും എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യാത്രകൾ ചെയ്യുകയോ അയാളുടെ സ്വത്തുകളിലേക്ക് സന്ദർശനം നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ലിന്റൺ ദമ്പതികൾക്കെതിരെ കുറ്റാരോപണം ഒന്നും ഉയർന്നിട്ടില്ല. എപ്‌സ്റ്റീന്റെ ഇരകളിലോ സഹപ്രവർത്തകരിലോ ആരും മുൻ പ്രസിഡന്റിനോ ഭാര്യയ്‌ക്കോ എതിരെ പൊതുവായി ആരോപണം ഉന്നയിച്ചിട്ടില്ല.
എപ്‌സ്റ്റീനുമായുള്ള ക്ലിന്റണിന്റെ ബന്ധം 2002ൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള മനുഷ്യാവകാശ യാത്രയ്ക്കിടെ അദ്ദേഹത്തിന്റെ സ്വകാര്യ വിമാനത്തിൽ യാത്രചെയ്തതോടെയാണ് പുറത്ത് വന്നത്. പിന്നീട് എപ്‌സ്റ്റീനെ വിജയംവരിച്ച ധനകാര്യ വിദഗ്ധനെന്നും സേവനപ്രവർത്തനങ്ങളിൽ താൽപര്യമുള്ള വ്യക്തിയെന്നുമായിരുന്നു ക്ലിന്റൺ വിശേഷിപ്പിച്ചത്. പിന്നീട് മാക്‌സ് വെൽ നൽകിയ അഭിമുഖത്തിൽ ക്ലിന്റണുമായുള്ള സൗഹൃദം തനിക്കായിരുന്നു എന്നും യാത്രകൾ താനാണ് ക്രമീകരിച്ചതെന്നും അവകാശപ്പെടുകയുണ്ടായി.
ആദ്യഘട്ടത്തിൽ സമിതിയുടെ സമൻസിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടി ക്ലിന്റൺ ദമ്പതികൾ ഹാജരാകാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് അവഗണനാ പ്രമേയം പരിഗണിക്കാനിരിക്കെ അവർ മൊഴിനൽകാൻ സമ്മതിക്കുകയായിരുന്നു.
ഇതിനിടെ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപും എപ്സ്റ്റീൻ-ന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവില്ലെന്ന നിലപാട് ആവർത്തിച്ചു. ക്ലിന്റൺ മൊഴിനൽകേണ്ടിവന്നത് ഇഷ്ടമായില്ലെന്നും ട്രംപ് പറഞ്ഞു.
എപസ്റ്റീൻ-ന്റെ ബന്ധങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ-ഡെമോക്രാറ്റ് അംഗങ്ങൾ തമ്മിൽ വാദപ്രതിവാദം തുടരുന്നതിനിടെ, തുറന്ന വിചാരണ നടത്തണമെന്ന് ബിൽ ക്ലിന്റൺ ആവശ്യപ്പെട്ടു. അമേരിക്കൻ ജനങ്ങൾക്ക് മുന്നിൽ കാര്യങ്ങൾ വ്യക്തമാക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
എപ്സ്റ്റീൻ കേസിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ബിൽ ക്ലിന്റൺ; ഹിലരിയെ ചോദ്യം ചെയ്തതിൽ കടുത്ത പ്രതിഷേധം
