പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ഏറ്റുമുട്ടൽ രൂക്ഷം; ഇസ്ലാമാബാദിന് പിന്തുണയുമായി അമേരിക്ക

പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ഏറ്റുമുട്ടൽ രൂക്ഷം; ഇസ്ലാമാബാദിന് പിന്തുണയുമായി അമേരിക്ക


ഇസ്ലാമാബാദ്:  പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം രൂക്ഷമായിതുടരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം കടുത്ത മുന്നറിയിപ്പുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതിനിടയിൽ പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക രംഗത്തുവന്നു. ഇസ്ലാമാബാദിന് സ്വയംരക്ഷയ്ക്കുള്ള അവകാശമുണ്ടെന്നാണ് വ്യക്തമാക്കിയാണ് അമേരിക്കയുടെ പിന്തുണ.

പാകിസ്ഥാൻ സൈന്യം നടത്തിയ പുതിയ സൈനിക നടപടിയിൽ 274 അഫ്ഗാൻ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ അവകാശപ്പെട്ടു. തിരിച്ചടിയായി നടത്തിയ ആക്രമണങ്ങളിൽ 55 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഫ്ഗാൻ ഭാഗത്തുനിന്നുള്ള ആക്രമണം 'തുറന്ന യുദ്ധം' ആണെന്ന് പാകിസ്ഥാൻ ആരോപിച്ചു.

 സായുധസേനയ്ക്ക് ഏതൊരു ആക്രമണാഭിലാഷവും തകർക്കാനുള്ള ശേഷിയുണ്ടെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി  ഷെഹബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകി. സഹിഷ്ണുതയുടെ പരിധി കഴിഞ്ഞുവെന്നും ഇനി തുറന്ന യുദ്ധമാണെന്നും  പ്രതിരോധമന്ത്രി ഖവാജ അസീഫും പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രി മൊഹസിൻ നഖ് വി, അഫ്ഗാനിസ്ഥാനിലേക്കുള്ള ആക്രമണം യോജിച്ച മറുപടിയാണെന്ന് വ്യക്തമാക്കി.

തോർഖം അതിർത്തി കടവിനടുത്ത് ശക്തമായ വെടിവെയ്പ്പും ഷെല്ലാക്രമണവും റിപ്പോർട്ട് ചെയ്തു. കാബൂളിലും കന്ദഹാറിലും സ്‌ഫോടനങ്ങളും വെടിവെയ്പ്പും ഉണ്ടായി. പാകിസ്ഥാൻ വ്യോമസേനാ വിമാനങ്ങൾ കന്ദഹാർ മേഖലയ്ക്ക് മുകളിൽ പട്രോളിങ് നടത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

2,611 കിലോമീറ്റർ നീളമുള്ള ദുരാൻഡ് രേഖയെ അഫ്ഗാനിസ്ഥാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പക്തിക, പക്തിയ, ഖോസ്റ്റ്, നംഗർഹാർ, കുനാർ, നൂരിസ്ഥാൻ എന്നീ പ്രവിശ്യകളിലായി പാകിസ്ഥാൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായാണ് അഫ്ഗാൻ മന്ത്രാലയത്തിന്റെ പ്രസ്താവന.

 ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ പല ഭാഗങ്ങളിലും അഫ്ഗാൻ സേന പ്രകോപനമില്ലാതെ വെടിവെച്ചതായി പാകിസ്ഥാൻ വിവര മന്ത്രാലയം ആരോപിച്ചു. തിരിച്ചടി ഉടൻ നൽകുകയാണെന്നും അറിയിച്ചു. 'ഗസബ് ലിൽ ഹഖ്' എന്ന പേരിൽ പ്രത്യാക്രമണ ദൗത്യം ആരംഭിച്ചതായും പാകിസ്ഥാൻ അറിയിച്ചു.

വലിയ നഷ്ടമുണ്ടായതായി ഇരുപക്ഷവും പരസ്പരംഅവകാശപ്പെടുമ്പോൾ, സാധാരണക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. അഭയാർഥി ക്യാമ്പിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ സാധാരണക്കാർക്ക് പരിക്കേറ്റുവെന്ന ആരോപണവും ഉയർന്നു.

അതേസമയം ഇരുരാജ്യങ്ങളെയും നിയന്ത്രണം പാലിക്കാനും അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് സാധാരണക്കാരെ സംരക്ഷിക്കാനും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. പ്രശ്‌നങ്ങൾ നയതന്ത്ര മാർഗത്തിലൂടെ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.