ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനെതിരെ ആരംഭിച്ച സൈനിക നടപടി ഓപ്പറേഷൻ ഗസബ് ലിൽ-ഹഖിൽ 274 താലിബാൻ ഉദ്യോഗസ്ഥരും സൈനികരും കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അവകാശപ്പെട്ടു. വ്യാഴാഴ്ച രാത്രി ആരംഭിച്ച നടപടിയിൽ 73 സൈനിക പോസ്റ്റുകൾ നശിപ്പിക്കുകയും 18 പോസ്റ്റുകൾ പിടിച്ചെടുക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു. 115 ടാങ്കുകളും ആംഡ് പേഴ്‌സണൽ കാരിയറുകളും തകർത്തുവെന്നും സൈന്യം വ്യക്തമാക്കി.
അഫ്ഗാൻ താലിബാൻ നടത്തിയ തിരിച്ചടിക്ക് മറുപടിയായാണ് ഈ സൈനിക നടപടി ആരംഭിച്ചതെന്ന് പാകിസ്ഥാൻ അറിയിച്ചു.
പാകിസ്ഥാനാണോ ഭീകരരാണോ എന്നതിൽ വ്യക്തമായൊരു തിരഞ്ഞെടുപ്പ് താലിബാൻ നടത്തണമെന്നും ഭീകരാക്രമണം നടത്തുന്നവർ എവിടെയും സുരക്ഷിതരായിരിക്കില്ലെന്നും വക്താവ് മുന്നറിയിപ്പ് നൽകി.
തെഹ്രീക്-എ-താലിബാൻ പാകിസ്ഥാൻ (ടി ടി പി), ബി എൽ എ, ദാഇശ്, അൽഖൈദ എന്നീ ഭീകരസംഘടനകളെയും പാകിസ്ഥാനെയും തമ്മിൽ തിരഞ്ഞെടുക്കേണ്ടത് അഫ്ഗാൻ താലിബാൻ ഭരണകൂടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻ്റർ സർവീസസ് പബ്ലിക്ക് റിലേഷൻസ് (ഐ എസ് പി ആർ) ഡയറക്ടർ ജനറൽ മേജർ ജനറൽ അഹമ്മദ് ശരീഫ് ചൗധരി വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ഈ പ്രസ്താവനകൾ നടത്തിയത്. അഫ്ഗാൻ താലിബാൻ ഭരണകൂടത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന ഭീകര സംഘങ്ങളുടെ മുഖ്യ പ്രതിനിധി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ടി ടി പി ഭീകരരുമായി ഏകോപനം നടത്തി ഈ മുഖ്യ പ്രതിനിധിയാണ് കഴിഞ്ഞ രാത്രി ആക്രമണം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
നടപടിക്കിടെ 12 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ചൗധരി അറിയിച്ചു. ഒരാളെ കാണാതായിട്ടുമുണ്ട്.
ഇസ്ലാമാബാദും കാബൂളും തമ്മിലുള്ള അതിർത്തി സംഘർഷം രൂക്ഷമായി തുറന്ന യുദ്ധാവസ്ഥയിലേക്ക് മാറിയതായി പാകിസ്ഥാന്റെ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി.
ഈ മാസം ആദ്യം ബന്നു, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ ഉണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നാലെ ഫെബ്രുവരി 21-ന് അഫ്ഗാനിസ്ഥാനിലെ ഏഴ് സ്ഥലങ്ങളിൽ പാകിസ്ഥാൻ വ്യോമസേന വ്യോമാക്രമണം നടത്തിയിരുന്നു. ടി ടി പി അഫ്ഗാൻ മണ്ണിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നും താലിബാൻ അവർക്കും ഐ എസ്- കെ പി (ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറസാൻ പ്രവിശ്യ) സംഘത്തിനും അഭയം നൽകുന്നുവെന്നുമാണ് പാകിസ്ഥാൻ്റെ ആരോപണം. കാബൂൾ ഈ ആരോപണങ്ങൾ പലവട്ടം നിഷേധിച്ചിട്ടുണ്ട്.
ഫെബ്രുവരി 26-ന് അഫ്ഗാൻ താലിബാൻ വലിയ തിരിച്ചടി കരയുദ്ധം ആരംഭിച്ചതായി അറിയിച്ചു. 19 പാകിസ്ഥാൻ ഔട്ട്‌പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 സൈനികരെ കൊന്നതായും സൈനിക ഉപകരണങ്ങൾ കൈവശപ്പെടുത്തിയതായും അവർ അവകാശപ്പെട്ടു.
ബന്ധങ്ങൾ തകരുന്നതിന് മുൻപ് താലിബാന്റെ സഖ്യകക്ഷിയായിരുന്ന പാകിസ്ഥാൻ, അഫ്ഗാൻ താലിബാൻ ഭരണകൂടത്തെ അന്തർദേശീയമായി അംഗീകരിക്കപ്പെട്ട ഭീകരസംഘടനയായി വിശേഷിപ്പിച്ചു.
ഈ ആക്രമണം ഭീകരസംഘടനകളുമായി ചേർന്നും ഏകോപനത്തോടെയും പിന്തുണയോടെയുമാണ് നടന്നതെന്ന് ഐ
എസ് പി ആർ ഡയറക്ടർ ജനറൽ പറഞ്ഞു.
പാകിസ്ഥാൻ സൈനിക നടപടി തുടരുമെന്നും ലക്ഷ്യമിട്ട ഫലം കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
