ജെറുസലേം: ഇസ്രായേലിൽ തുടരുന്ന സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തിൽ ജറുസലേമിലെ അമേരിക്കൻ എംബസി അമേരിക്കൻ പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി. കൊമേഴ്‌സ്യൽ വിമാന സർവീസുകൾ ഇപ്പോഴും ലഭ്യമായിരിക്കുന്നതിനാൽ രാജ്യം വിടുന്നത് പരിഗണിക്കാമെന്നതാണ് അറിയിപ്പ്.
ഇറാനുമായി സംഘർഷാവസ്ഥ ശക്തമാകുന്നതിനിടെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പ്രദേശത്ത് സൈനിക സാന്നിധ്യം വർധിപ്പിച്ച അമേരിക്ക, ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിയായ യുഎസ്എസ് ജെറാൾഡ് ഫോർഡിനെ ഇസ്രായേലിന്റെ വടക്കൻ തീരത്തേക്ക് വിന്യസിച്ചതായി റിപ്പോർട്ടുണ്ട്.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലാത്ത സർക്കാർ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഇസ്രായേലിൽ നിന്ന് മടങ്ങാൻ അനുമതി നൽകിയതായി സ്ഥാനപതി അറിയിച്ചു. മുന്നറിയിപ്പില്ലാതെ ചില പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ വിലക്കാനോ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.
തീവ്രവാദ ഭീഷണിയും ആഭ്യന്തര സംഘർഷവും നിലനിൽക്കുന്നതിനാൽ ഇസ്രായേലിലേക്ക് വരാനിരിക്കുന്നവരും യാത്ര പുനഃപരിശോധിക്കണമെന്ന് അമേരിക്കൻ പൗരന്മാരോട് അഭ്യർത്ഥിച്ചു. പടിഞ്ഞാറൻ കരയിലും സമാനമായ സാഹചര്യമാണെന്ന് അറിയിച്ചു.
ഗാസ മേഖലയിൽ സായുധ സംഘർഷം തുടരുന്നതിനാൽ അവിടേക്കും അതിർത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലേക്കും യാത്ര ഒഴിവാക്കണമെന്ന് നിർദേശം നൽകി. ലെബനൻ, സിറിയ അതിർത്തിക്ക് സമീപമുള്ള വടക്കൻ ഇസ്രായേൽ പ്രദേശങ്ങളിലേക്കും ഈജിപ്ത് അതിർത്തിയോടടുത്ത പ്രദേശങ്ങളിലേക്കും യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. താബ കടന്നു പോകുന്ന അതിർത്തി കവാടം മാത്രമാണ് തുറന്നിരിക്കുന്നതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.
വിമാന സർവീസുകൾ ലഭ്യമായിരിക്കുമ്പോൾ ഇസ്രായേൽ വിടുക: ജറുസലേമിലെ അമേരിക്കൻ സ്ഥാനപതിയുടെ മുന്നറിയിപ്പ്
