വാണിജ്യ വിമാന സര്‍വീസുകള്‍ ലഭ്യമായിരിക്കുമ്പോള്‍ ഇസ്രായേല്‍ വിടണമെന്ന് ജറുസലേമിലെ യു എസ് എംബസിയുടെ മുന്നറിയിപ്പ്

വാണിജ്യ വിമാന സര്‍വീസുകള്‍ ലഭ്യമായിരിക്കുമ്പോള്‍ ഇസ്രായേല്‍ വിടണമെന്ന് ജറുസലേമിലെ യു എസ് എംബസിയുടെ മുന്നറിയിപ്പ്


ജറുസലേം: വാണിജ്യ വിമാന സര്‍വീസുകള്‍ ലഭ്യമായിരിക്കെ ഇസ്രായേല്‍ വിടുന്നത് പരിഗണിക്കണമെന്ന് ജറുസലേമിലെ യു എസ് എംബസി അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 27 വെള്ളിയാഴ്ചയാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

ഇറാനുമായി സംഘര്‍ഷാവസ്ഥ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് യു എസ് എംബസിയുടെ മുന്നറിയിപ്പ്. പ്രദേശത്ത് സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച അമേരിക്ക, ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിയായ യു എസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് വെള്ളിയാഴ്ച ഇസ്രായേലിന്റെ വടക്കന്‍ തീരത്തിന് സമീപം വിന്യസിച്ചു.

സുരക്ഷാ കാരണങ്ങളാല്‍ മിഷന്‍ ഇസ്രായേലില്‍ നിന്ന് അടിയന്തരമല്ലാത്ത യു എസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മടങ്ങിപ്പോകാന്‍ യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് അനുമതി നല്‍കിയിട്ടുണ്ടെന്ന് സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി യു എസ് മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

സുരക്ഷാ സംഭവവികാസങ്ങളുടെ ഭാഗമായി മുന്‍കൂട്ടി അറിയിപ്പില്ലാതെ തന്നെ യു എസ് എംബസി ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഇസ്രായേലിലെ ചില പ്രദേശങ്ങളിലേക്കും ജറുസലേമിലെ പഴയ നഗരത്തിലേക്കും വെസ്റ്റ് ബാങ്കിലേക്കും യാത്ര ചെയ്യുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങളോ നിരോധനങ്ങളോ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഭീകരവാദവും ആഭ്യന്തര കലാപ സാധ്യതകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇസ്രായേലിലേക്കുള്ള യാത്ര പുനഃപരിശോധിക്കണമെന്നും വെസ്റ്റ് ബാങ്കിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും എംബസി ഊന്നിപ്പറഞ്ഞു.

കൂടാതെ, ചില പ്രത്യേക പ്രദേശങ്ങളിലേക്കുള്ള യാത്ര കര്‍ശനമായി ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി. ഭീകരവാദവും സായുധ സംഘര്‍ഷവും തുടരുന്ന ഗാസ മേഖലയും ഗാസ അതിര്‍ത്തിയില്‍ നിന്ന് 11.3 കിലോമീറ്റര്‍ പരിധിക്കുള്ളിലെ പ്രദേശങ്ങളും ലെബനന്‍, സിറിയ അതിര്‍ത്തികളില്‍ നിന്ന് 4 കിലോമീറ്റര്‍ പരിധിയിലെ വടക്കന്‍ ഇസ്രായേല്‍ പ്രദേശങ്ങളും ടാബ ക്രോസിംഗ് ഒഴികെയുള്ള ഈജിപ്ത് അതിര്‍ത്തിയില്‍ നിന്ന് 2.4 കിലോമീറ്റര്‍ പരിധിയിലെ പ്രദേശങ്ങളും യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.