ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെയും അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി അമേരിക്കയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്‌സിന്റെയും സംഗമം സംഘടിപ്പിക്കുന്നു. ഷിക്കാഗോ ബെന്‍സെന്‍വില്ല് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഏപ്രില്‍ 17, 18 തിയ്യതികളിലാണ് ഈ സന്യാസ സമര്‍പ്പിത സംഗമം നടക്കുക.
അമേരിക്കയിലും കാനഡയിലും വിവിധ രൂപതകളില്‍ ആതുര ശുശ്രൂഷാരംഗത്തും കാരുണ്യ പ്രവര്‍ത്തന ശുശ്രൂഷകളിലും വിദ്യാഭ്യാസ മേഖലകളിലും മിഷനറിമാരായി ശുശ്രൂഷ ചെയ്യുന്ന വിവിധ സന്യാസിനി സമൂഹങ്ങളില്‍പെട്ട മലയാളി സിസ്റ്റേഴ്‌സിന്റെ ഇദംപ്രഥമായ സമ്മേളനമാണ് ഇതിലൂടെ ലക്ഷ്യം വക്കുന്നത്. അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ നേതൃത്വത്തില്‍ രൂപതയുടെ വികാരി ജനറാള്‍മാരായ റവ. ഫാദര്‍ തോമസ് മുളവനാല്‍, റവ. ഫാദര്‍ ജോണ്‍ മേലേപ്പുറം, വികാരി ജനറാളും കത്തീഡ്രല്‍ പള്ളി വികാരിയുമായ റവ. ഫാദര്‍ തോമസ് കടുകപ്പള്ളില്‍, ബെന്‍സെന്‍വില്ല് സേക്രഡ് ഹാര്‍ട്ട് പള്ളി വികാരി റവ. ഫാ. അബ്രഹാം കളരിക്കല്‍, മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. സിജു മുടക്കോടില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ സമര്‍പ്പിത സംഗമത്തിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍ ടോണി പുല്ലാപ്പള്ളി ആണ്.
ഏപ്രില്‍ 17 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാം വൈകുന്നേരം അഞ്ചുമണിക്കുള്ള സമൂഹബലിയോടെ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തില്‍ പൊതുസമ്മേളനം നടക്കും. പതിനെട്ടാം തിയ്യതി ശനിയാഴ്ച ഉച്ചയോടെ സമ്മേളനം അവസാനിക്കും. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന സമൂഹബലിയിലും പൊതുസമ്മേളനത്തിലും തുടര്‍ന്നുള്ള കലാപരിപാടിയിലും പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്.
രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത മലയാളികളായ സമര്‍പ്പിത സന്യാസിനി സമൂഹാംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഈ സംഗമത്തില്‍ പങ്കാളികള്‍ ആകണമെന്ന് സംഘാടക സമിതി അഭ്യര്‍ഥിച്ചു. റെജിസ്‌ട്രേഷന് ജയിംസ് മന്നാകുളം (312 622 3326), സി. ലിസ്സാ (281 919 9583) എന്നിവരെ ബന്ധപ്പെടുക.
