കൊച്ചി: ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ വാട്‌സ് ആപ്പ് സന്ദേശം ലഭിച്ച സംഭവം തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാരുടെ ഡേറ്റ ചോര്‍ന്നിട്ടില്ല. ഡി എ കുടിശ്ശിക അനുവദിച്ചതും എച്ച് ആര്‍ എ പുനഃസ്ഥാപിച്ചതും സന്ദേശത്തിലൂടെ ജീവനക്കാരെ അറിയിച്ചതാണ്. സന്ദേശത്തില്‍ എതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പരാമര്‍ശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്ത് നിലവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. മാതൃക പെരുമാറ്റച്ചട്ടം നിലവിലില്ല. ജീവനക്കാരുടെ വിവരങ്ങള്‍ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല. കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ മുഖേനയാണ് സന്ദേശങ്ങള്‍ അയച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി ഐ ടി മിഷന്‍ ഒരുക്കിയ വാട്‌സ് ആപ്പ് പ്ലാറ്റ്‌ഫോമാണ് ഇതിനായി ഉപയോഗിച്ചതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസ് ഡേറ്റ ചോര്‍ത്തിയിട്ടില്ലെന്നും ജീവനക്കാരുടെ മറ്റ് വ്യക്തി വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്നും മറ്റേതെങ്കിലും ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
