ലാഹോര്‍: ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് പാക്കിസ്ഥാനെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി പാക്കിസ്ഥാന്‍. പ്രതിരോധ മന്ത്രി ഖാജ ആസിഫ്. അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തി സംഘര്‍ഷം അതിരൂക്ഷമായതിനു പിന്നാലെയാണ് പാക് മന്ത്രിയുടെ ആരോപണം. ഫ്രാന്‍സ് 24 ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഖാജ ആസിഫ് ഇന്ത്യക്കെതിരെ തിരിഞ്ഞത്. ഡല്‍ഹിയും കാബൂളും കാബൂളിലെ തീവ്രവാദ സംഘടനകളും ഇപ്പോള്‍ ഒരേ നിലപാടിലാണെന്നു പറഞ്ഞ മന്ത്രി അഫ്ഗാനിസ്ഥാനെക്കൊണ്ട് പാക്കിസ്ഥാനെ ആക്രമിപ്പിക്കുന്നത് ഇന്ത്യയാണോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ ഇത്രമേല്‍ ഗൗരവതരമായ ആരോപണത്തിനു പിന്നില്‍ എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമുണ്ടായില്ല.
ഇന്ത്യ ഇത് ഒരിക്കലും അംഗീകരിക്കില്ലെന്ന് നമുക്കറിയാമെന്നും അവര്‍ ഇത് നിഷേധിച്ചുകൊണ്ടേയിരിക്കുമെന്നും പറഞ്ഞ മന്ത്രി അവര്‍ക്ക് കാബൂളുമായി വളരെ നല്ല ബന്ധമാണുള്ളതെന്നും തങ്ങള്‍ ഇപ്പോള്‍ ഒരു നിഴല്‍ യുദ്ധത്തെയാണ് നേരിടുന്നതെന്നും തങ്ങള്‍ അതിനെ അതിജീവിക്കുമെന്നും പ്രതിരോധ മന്ത്രി പ്രതികരിച്ചു.
വ്യാഴാഴ്ച രാത്രി അഫ്ഗാന്‍ സൈന്യം പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ പല സൈനിക പോസ്റ്റുകളും താലിബാന്‍ പിടിച്ചെടുത്തതായി അവകാശപ്പെട്ടിരുന്നു. നേരത്തെ അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ഇത്.
