ബൊളീവിയയിൽ വ്യോമസേനാ വിമാനം തകർന്നു വീണു; 15 പേർ മരിച്ചു, 30 പേർക്ക് പരിക്ക്

ബൊളീവിയയിൽ വ്യോമസേനാ വിമാനം തകർന്നു വീണു; 15 പേർ മരിച്ചു, 30 പേർക്ക് പരിക്ക്


എൽ ആൽറ്റോ: ദക്ഷിണ അമേരിക്കൻ രാജ്യമായ ബൊളിവിയയിലെ എൽ ആൽറ്റോ നഗരത്തിൽ ബൊളീവിയൻ വ്യോമസേനയുടെ ചരക്കുവിമാനം തകർന്നു വീണ് കുറഞ്ഞത് 15 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ലാ പാസിനു സമീപമുള്ള നഗരമാണ് എൽ ആൽറ്റോ.

സാന്താക്രൂസ് നഗരത്തിൽ നിന്ന് പുറപ്പെട്ട വിമാനം എൽ ആൽറ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം റൺവേയിൽ നിന്ന് നിയന്ത്രണം വിട്ട് സമീപത്തെ തിരക്കേറിയ പാതയിലേക്ക് നീങ്ങി അപകടത്തിൽപ്പെടുകയായിരുന്നു. മോശം കാലാവസ്ഥയിലായിരുന്നു സംഭവം.

രാജ്യത്തിന്റെ കേന്ദ്രബാങ്കിനായി പുതുതായി അച്ചടിച്ച നോട്ടുകൾ വിമാനത്തിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പാതയിൽ ഉണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

അപകടത്തെ തുടർന്ന് എൽ ആൽറ്റോ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചതായി ദേശീയ വിമാനക്കമ്പനി അറിയിച്ചു. അപകടത്തിൽപ്പെട്ടത് അവരുടെ വിമാനമല്ലെന്നും കമ്പനി വ്യക്തമാക്കി. രക്ഷാപ്രവർത്തനം തുടരുകയാണ്.