ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരായ കനേഡിയന്‍ മന്ത്രിയുടെ ആരോപണങ്ങള്‍ 'അസംബന്ധവും അടിസ്ഥാനരഹിതവും' എന്നു പറഞ്ഞ് തള്ളിക്കളഞ്ഞ വിദേശ കാര്യമന്ത്രാലയം കനേഡിയന്‍ ഹൈക്കമ്മീഷന്റെ പ്രതിനിധിയെ വെള്ളിയാഴ്ച വിളിച്ചുവരുത്തുകയും ആരോപണങ്ങളില്‍ പ്രതിഷേധിച്ച് ഒരു കുറിപ്പ് കൈമാറുകയും ചെയ്തു.
''കാനഡയുടെ ഏറ്റവും പുതിയപ്രതികരണത്തെക്കുറിച്ച്, ഞങ്ങള്‍ ഇന്നലെ കനേഡിയന്‍ ഹൈക്കമ്മീഷന്റെ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യന്‍ സര്‍ക്കാരിന്റെ ശക്തമായ പ്രതിഷേധം ഒരു കുറിപ്പിലൂടെ അറിയിച്ചതായി വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
കാനഡ ഉപമന്ത്രി ഡേവിഡ് മോറിസണ്‍ ഒരുകമ്മിറ്റിക്ക് മുമ്പാകെ ഇന്ത്യയുടെ കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ നടത്തിയ അസംബന്ധവും അടിസ്ഥാനരഹിതവുമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി.
പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കാനഡ സര്‍ക്കാരിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യയ്ക്കെതിരായ രഹസ്യാന്വേഷണ വിവരങ്ങളും തന്ത്രപ്രധാനമായ വിവരങ്ങളും വാഷിംഗ്ടണ്‍ പോസ്റ്റിന് ചോര്‍ത്തിയതായി അടുത്തിടെ സമ്മതിച്ചിരുന്നു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള തങ്ങളുടെ അന്വേഷണത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ തമ്മിലുള്ള ബന്ധം വെളിപ്പെട്ടുവെന്ന് കനേഡിയന്‍ പോലീസ് പരസ്യമായി ആരോപിക്കുന്നു.
കാനഡയിലെ സിഖ് വിഘടനവാദികളെ ആക്രമിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍ ചൊവ്വാഴ്ച പാര്‍ലമെന്ററി പാനലിനെ അറിയിച്ചിരുന്നു.
ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനും മറ്റ് രാജ്യങ്ങളെ സ്വാധീനിക്കാനും ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് വ്യക്തമാക്കിയ ഇന്ത്യാ ഗവണ്‍മെന്റ് ഈ ആരോപണങ്ങള്‍ തള്ളിക്കളയുകയും ചെയ്തു.
നിലവിലെ കനേഡിയന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയെക്കുറിച്ച് ഇന്ത്യാ ഗവണ്‍മെന്റ് വളരെക്കാലമായി കരുതിയിരുന്ന വീക്ഷണത്തെ സ്ഥിരീകരിക്കുന്നതാണ് അവരുടെ പെരുമാറ്റ രീതിയെന്ന് വിദേശ കാര്യമന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ആണെന്ന കനേഡിയന്‍ സര്‍ക്കാരിന്റെ ആരോപണത്തെത്തുടര്‍ന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്.
ഇത്തരം നിരുത്തരവാദപരമായ നടപടികള്‍ ഉഭയകക്ഷി ബന്ധത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം ശനിയാഴ്ച പറഞ്ഞു.
കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തെ കുറ്റപ്പെടുത്തിയ എംഇഎ , ഈ വിഷയത്തില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഔപചാരിക പ്രതിഷേധം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. കനേഡിയന്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം നയതന്ത്ര കണ്‍വെന്‍ഷനുകളുടെ നഗ്‌നമായ ലംഘനമാണെന്ന് ഇന്ത്യാസര്‍ക്കാര്‍ പറഞ്ഞു.
കനേഡിയന്‍ ഗവണ്‍മെന്റിന്റേത് 'പീഡനവും ഭീഷണിപ്പെടുത്തലും' ആണെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആരോപിച്ചു. അത്തരം പ്രവര്‍ത്തനങ്ങള്‍ നയതന്ത്ര മാനദണ്ഡങ്ങളും സമ്പ്രദായങ്ങളും സ്ഥാപിക്കുന്നത് ബുദ്ധിമുട്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
