ഒട്ടാവ: ട്രൂഡോക്കെതിരെ കൊണ്ടുവരുന്ന വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യുമെന്ന് ജഗ്മീത് സിംഗ്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടിയെ അധികാരത്തിൽ നിലനിർത്താൻ സഹായിച്ച പ്രധാന കൂട്ടാളി ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻ സി പി) നേതാവാണ് ജഗ്മീത് സിംഗ്.
ട്രൂഡോ ഭരണത്തിന് നൽകുന്ന പിന്തുണ നേരത്തെ തന്നെ എൻ ഡി പി പിൻവലിച്ചിരുന്നു. ട്രൂഡോയ്ക്കെതിരെ വോട്ടുചെയ്യുമെന്ന് തുറന്ന കത്തിലാണ് സിംഗ് അറിയിച്ചത്. കത്തിൽ ട്രൂഡോയുടെ നേതൃത്വത്തെ ശക്തമായി വിമർശിച്ച സിംഗ് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനുള്ള പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ ജോലിയിൽ ജസ്റ്റിൻ ട്രൂഡോ പരാജയപ്പെട്ടുവെന്നും പകരം ശക്തരായവരുടെ പക്ഷം എടുത്തു എന്നും കുറ്റപ്പെടുത്തി.
സർക്കാരിനെ താഴെയിറക്കാനുള്ള എൻ ഡി പിയുടെ ഉറച്ച നിലപാട് അദ്ദേഹം ആവർത്തിക്കുകയും കനേഡിയൻ ജനങ്ങൾക്ക് അവരുടെ "നന്മയനുസരിച്ച് പ്രവർത്തിക്കുന്ന ഒരു പുതിയ സർക്കാർ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുക" എന്ന ലക്ഷ്യം മുന്നോട്ടു വെക്കുകയും ചെയ്തു.
"നല്ല ജോലി, ഭക്ഷണം, വീട് – അതാണ് കനേഡിയൻ ഡ്രീം. ആരോഗ്യസംരക്ഷണം ആവശ്യമുള്ള സമയത്ത് ലഭ്യമാകുന്ന ഒരു രാജ്യം. ഞാൻ വിശ്വസിക്കുന്നത് ഓരോ കനേഡിയനും അതിന് അർഹരാണെന്ന് തന്നെയാണ്," സിംഗ് കുറിച്ചു.
ആദ്യഘട്ടം പ്രതീക്ഷ നൽകുന്ന വാഗ്ദാനങ്ങൾ നടത്തിയിട്ടും ലിബറൽ പാർട്ടി അവയെ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന ആരോപണം സിംഗ് ഉന്നയിച്ചു.
എല്ലാ പ്രതിപക്ഷ പാർട്ടികളും വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്താൽ, അത് ട്രൂഡോയുടെ അധികാരം അവസാനിപ്പിക്കും.
കനേഡിയൻ ഹൗസ് ഓഫ് കോമൺസ് നിലവിൽ ശീതകാല അവധിയിലാണ്. അതുകൊണ്ട്, 2025 ജനുവരി 27ന് പാർലമെൻ്റ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിശ്വാസപ്രമേയം അവതരിപ്പിക്കാനാവില്ല.
ഇതിനിടയിൽ, പുത്തൻ വെല്ലുവിളികളെയും യു.എസ് പ്രസിഡന്റായി അധികാരമേറ്റെടുക്കുന്ന ഡൊണാൾഡ് ട്രംപിന്റെ സമ്മർദങ്ങളെയും മറികടക്കാൻ ജസ്റ്റിൻ ട്രൂഡോ വെള്ളിയാഴ്ച മന്ത്രിസഭാ പുനഃസംഘടന പ്രഖ്യാപിച്ചു.