നിജ്ജാറിന്റെ അടുത്ത സഹായി അര്‍ഷ് ദല്ല കാനഡയില്‍ അറസ്റ്റില്‍

നിജ്ജാറിന്റെ അടുത്ത സഹായി അര്‍ഷ് ദല്ല കാനഡയില്‍ അറസ്റ്റില്‍


ഒട്ടാവ: കാനഡയിലെ ഖാലിസ്ഥാനി ഭീകരന്‍ അര്‍ഷ്ദീപ് ദല്ലയെ കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്തതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത സഹായിയായിരുന്നു ദല്ല. 

ഇന്ത്യ തിരയുന്ന കുറ്റവാളികളില്‍ ഒരാളായ ദല്ല ഭാര്യയോടൊപ്പം കാനഡയിലാണ് താമസിക്കുന്നത്. ഒക്ടോബര്‍ 27, 28 തിയ്യതികളില്‍ കാനഡയില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ലുധിയാനയില്‍ ജനിച്ച അര്‍ഷ്ദീപ് സിംഗ് ദല്ലയെ 2023ലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഭീകരനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം കാനഡയില്‍ കൊല്ലപ്പെട്ട ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ പിന്‍ഗാമിയായാണ് ഇയാളെ വിലയിരുത്തുന്നത്. 

ഖാലിസ്ഥാനി ടൈഗര്‍ ഫോഴ്സിന്റെ ആക്ടിംഗ് മേധാവിയാണ് ദല്ല. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നതനുസരിച്ച് കൊലപാതകം, ടാര്‍ഗെറ്റ് കൊലപാതകങ്ങള്‍, കൊള്ളയടിക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പ്രതിയാണ്. അതിര്‍ത്തി കടന്നുള്ള മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും വന്‍തോതിലുള്ള കള്ളക്കടത്ത്, തീവ്രവാദ ഫണ്ടിംഗ്, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയിലും പ്രതിയാണ്.

കഴിഞ്ഞ മാസം ഫരീദ്കോട്ട് ജില്ലയില്‍ സിഖ് പ്രവര്‍ത്തകന്‍ ഗുര്‍പ്രീത് സിംഗ് ഹരി നൗ കൊല്ലപ്പെട്ട കേസില്‍ കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തിന്റെ രണ്ട് പ്രധാന പ്രവര്‍ത്തകരെ അടുത്തിടെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ ജസ്വന്ത് സിംഗ് ഗില്ലിനെ (45) ദല്ലയുടെ ഉത്തരവനുസരിച്ച് കൊലപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ സറേയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ കൊലപാതകം ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര ബന്ധം വഷളാകാന്‍ കാരണമായി. ഇന്ത്യന്‍ ഏജന്റുമാരാണ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചു. പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കുകയോ പുറത്താക്കുകയോ ചെയ്തു.

നിജ്ജാറിന്റെ അടുത്ത സഹായി അര്‍ഷ് ദല്ല കാനഡയില്‍ അറസ്റ്റില്‍