ടൊറന്റോ: ജീവിതച്ചെലവ് കുത്തനെ ഉയരുകയും സാമൂഹിക സുരക്ഷാ സംവിധാനങ്ങളിലെ പരിമിതികള്‍ വെല്ലുവിളിയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍, കാനഡയില്‍ കൂടുതല്‍ ആളുകള്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട്.
ഒന്റാറിയോയിലെ സഡ്ബറിയില്‍ നിന്നുള്ള ലൂക്ക് ആല്‍ബര്‍ട്ടണ്‍ എന്നയാളുടെ അനുഭവം ഈ പുതിയ സാമൂഹിക യാഥാര്‍ഥ്യത്തിന്റെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. ബില്ലുകള്‍ അടയ്ക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലായപ്പോള്‍ അഭിമാനം മാറ്റിവച്ച് തനിക്കുവേണ്ടി 'ഗോഫണ്ട്മി'യില്‍ സഹായ അഭ്യര്‍ഥന ആരംഭിക്കേണ്ടിവന്നതായി അദ്ദേഹം പറയുന്നു.
കഴിഞ്ഞ 14 വര്‍ഷമായി ടൊറന്റോയില്‍ താമസിക്കുന്ന ആല്‍ബര്‍ട്ടണ്‍ ടെലിഫോണ്‍ അധിഷ്ഠിത ഉപഭോക്തൃ സേവന മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. 2024 ഓഗസ്റ്റില്‍ ജോലി നഷ്ടമായതോടെ തൊഴില്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സഹായത്തോടെ പുതിയ ജോലി തേടാന്‍ തുടങ്ങി. എന്നാല്‍, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ തൊഴില്‍ അന്വേഷണം ഏഴ് മാസത്തോളം നീണ്ടു. ഇതിനിടെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും സമ്പാദ്യവും ലഭ്യമായ വായ്പാ സൗകര്യങ്ങളും തീര്‍ന്നു.
മുന്‍ വര്‍ഷം ഉയര്‍ന്ന വരുമാനം നേടിയിരുന്നതിനാല്‍ സാമൂഹിക സഹായ പദ്ധതികള്‍ക്കും അദ്ദേഹം അര്‍ഹനായിരുന്നില്ല. ഒടുവില്‍ പുതിയ ജോലി ലഭിച്ചെങ്കിലും ജോലിയുടെ ആദ്യ ദിവസം തന്നെ ഗുരുതരമായ അണുബാധയെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ നേരിടേണ്ടിവന്നു. ദീര്‍ഘകാല ചികിത്സയും വിശ്രമവും ആവശ്യമായ സാഹചര്യത്തില്‍ വരുമാനമില്ലാതെ വര്‍ധിച്ചുവരുന്ന ചെലവുകള്‍ താങ്ങാനാകാതെ അദ്ദേഹം ഗോഫണ്ട്മി ക്യാംപെയ്ന്‍ ആരംഭിച്ചു.
9,000 ഡോളറാണ് ലക്ഷ്യമിട്ടതെങ്കിലും ഇതുവരെ 4,950 ഡോളര്‍ മാത്രമാണ് സമാഹരിക്കാന്‍ കഴിഞ്ഞത്.
ഗോഫണ്ട്മിയുടെ കണക്കുകള്‍ പ്രകാരം, 2026 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ കാനഡയില്‍ മാത്രം 15,000-ത്തിലധികം 'അടിസ്ഥാന ആവശ്യങ്ങള്‍' ലക്ഷ്യമിട്ട ഫണ്ട് ശേഖരണ ക്യാംപെയിനുകള്‍ ആരംഭിച്ചു. ഇത് 2025-ലെ സമാന കാലയളവിനെ അപേക്ഷിച്ച് എട്ട് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
2020 മുതല്‍ 'ജീവിതച്ചെലവ്' എന്ന പരാമര്‍ശത്തോടുകൂടിയ കാനഡയിലെ ഫണ്ട് ശേഖരണ ക്യാംപെയിനുകളില്‍ 274 ശതമാനം വര്‍ധനയുണ്ടായതായും ഗോഫണ്ട്മി വ്യക്തമാക്കുന്നു. റെക്കോര്‍ഡ് നിലവാരത്തിലെ വിലക്കയറ്റവും താങ്ങാനാവാത്ത ഭവന ചെലവുകളും ഇതിന് കാരണമായതായി കമ്പനി വിലയിരുത്തുന്നു.
മുമ്പ് സ്വയം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്ന ചെലവുകള്‍ക്കായി കാനഡക്കാര്‍ ഇപ്പോള്‍ സമൂഹത്തിന്റെ സഹായം തേടുകയാണെന്ന് കമ്പനി വക്താവ് പറഞ്ഞു.
ഹാമില്‍ട്ടണിലെ മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ ധനകാര്യ- ബിസിനസ് സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ വില്യം ഹഗിന്‍സ്, അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ആളുകള്‍ ഗോഫണ്ട്മിയെ ആശ്രയിക്കുന്നത് വലിയ പ്രശ്‌നത്തിന്റെ ലക്ഷണമാണ് എന്ന് അഭിപ്രായപ്പെട്ടു.
ആളുകള്‍ ഇന്റര്‍നെറ്റിലൂടെ ഭിക്ഷ യാചിക്കേണ്ട അവസ്ഥയിലേക്കെത്തുന്നത് അവര്‍ അത് ആഗ്രഹിക്കുന്നതുകൊണ്ടല്ലെന്നും സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് അത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാനഡയുടെ സാമൂഹിക സുരക്ഷാ സംവിധാനത്തെ മൂന്ന് തലങ്ങളായി കാണാമെന്ന് ഹഗിന്‍സ് വിശദീകരിച്ചു. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ പദ്ധതികളാണുള്ളത്. ഇവ ജനങ്ങളുടെ 60 മുതല്‍ 70 ശതമാനം വരെ ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
രണ്ടാം ഘട്ടത്തില്‍ സന്നദ്ധ സംഘടനകളും ലാഭേച്ഛയില്ലാത്ത കൂട്ടായ്മകളും ഉള്‍പ്പെടുന്നു. എന്നാല്‍ ഈ പിന്തുണാ ശൃംഖല കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ദുര്‍ബലമാകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന്റെ ഫലമായി ആളുകള്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആശ്രയിക്കേണ്ടി വരികയും പിന്നീട് ഗോഫണ്ട്മി പോലുള്ള പ്ലാറ്റ്ഫോമുകളിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു.
ഫുഡ് ബാങ്ക്‌സ് കാനഡയുടെ ഗവേഷണ ഡയറക്ടറായ റിച്ചാര്‍ഡ് മാറ്റേണ്‍ പറയുന്നതനുസരിച്ച്, 2019 മുതല്‍ ഫുഡ് ബാങ്കുകളുടെ ഉപയോഗം ഏകദേശം ഇരട്ടിയായിട്ടുണ്ട്.
ഇപ്പോള്‍ ഒരു മാസത്തില്‍ ഏകദേശം 22 ലക്ഷം സന്ദര്‍ശനങ്ങളാണ് ഫുഡ് ബാങ്കുകളില്‍ രേഖപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് ഫുഡ് ബാങ്കുകള്‍ക്ക് സംഭാവന നല്‍കിയിരുന്നവരില്‍ ചിലര്‍ ഇപ്പോള്‍ അതേ സേവനം ആശ്രയിക്കുന്ന അവസ്ഥയിലാണെന്നും മറ്റുചിലര്‍ക്ക് പഴയതുപോലെ സംഭാവന നല്‍കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, അവശ്യ ചെലവുകള്‍ക്കായി ക്രൗഡ് ഫണ്ടിംഗ് എല്ലായ്‌പ്പോഴും വിജയകരമാകണമെന്നില്ലെന്ന് ടൊറന്റോ സര്‍വകലാശാലയിലെ ഡേറ്റ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ മാര്‍ട്ടിന്‍ ലുക്ക് പറയുന്നു.
2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കാനഡയിലെയും അമേരിക്കയിലെയും ഏകദേശം 20 ലക്ഷം ഗോഫണ്ട്മി ക്യാംപെയിനുകള്‍ വിശകലനം ചെയ്ത അദ്ദേഹം ആരോഗ്യ- അടിയന്തര സഹായത്തിനായുള്ള ഫണ്ട് ശേഖരണങ്ങളില്‍ വെറും 17 ശതമാനം മാത്രമാണ് ലക്ഷ്യത്തിലെത്തിയതെന്ന് കണ്ടെത്തി.
ഇന്റര്‍നെറ്റ് ലഭ്യത മാത്രമല്ല, ഡിജിറ്റല്‍ വൈദഗ്ധ്യം, ശ്രദ്ധേയമായ അവതരണം, ചിത്രങ്ങള്‍, വീഡിയോകള്‍, നിരന്തരമായ അപ്‌ഡേറ്റുകള്‍, വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെക്കാനുള്ള സന്നദ്ധത എന്നിവയും വിജയത്തെ സ്വാധീനിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഭൂരിഭാഗം ക്യാംപെയിനുകളും വ്യക്തിഗത ബന്ധങ്ങളെ ആശ്രയിച്ചാണ് മുന്നേറുന്നതെന്നും അപൂര്‍വമായ സാഹചര്യങ്ങളിലാണ് അവ വ്യാപക ശ്രദ്ധ നേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ലഭിച്ച പുതിയ ജോലിയും നഷ്ടമായെങ്കിലും ഗോഫണ്ട്മി ക്യാംപെയ്ന്‍ ചികിത്സാ കാലയളവില്‍ സാമ്പത്തിക പിന്തുണ നല്‍കാന്‍ സഹായിച്ചതായി ലൂക്ക് ആല്‍ബര്‍ട്ടണ്‍ പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം ജീവിതം പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിലാണ്.
