യു എസിലേക്കല്ല യൂറോപ്പിലേക്ക്; ഹാലിഫാക്‌സില്‍ നിന്ന് യൂറോപ്യന്‍ വിമാന സര്‍വീസുകളില്‍ വര്‍ധന

യു എസിലേക്കല്ല യൂറോപ്പിലേക്ക്; ഹാലിഫാക്‌സില്‍ നിന്ന് യൂറോപ്യന്‍ വിമാന സര്‍വീസുകളില്‍ വര്‍ധന


ഹാലിഫാക്‌സ്: അമേരിക്കയിലേക്കുള്ള യാത്രയില്‍ നിന്ന് കൂടുതല്‍ കാനഡക്കാര്‍ പിന്മാറുകയും യൂറോപ്പിലേക്കുള്ള യാത്രകള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നതോടെ ഹാലിഫാക്‌സ് സ്റ്റാന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തി.

വ്യോമയാന വിശകലന സ്ഥാപനമായ സിറിയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വേനല്‍ക്കാലത്ത് ഹാലിഫാക്‌സില്‍ നിന്ന് യൂറോപ്പിലേക്കുള്ള വിമാന സര്‍വീസുകള്‍ 40 ശതമാനമാണ് വര്‍ധിച്ചത്.  കാനഡയുടെ മൊത്തത്തിലുള്ള വര്‍ധന 1.8 ശതമാനവും വടക്കേ അമേരിക്കയിലാകെ എട്ട് ശതമാനവുമാണെന്നത് ശ്രദ്ധേയമാണ്.

വടക്കേ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ബന്ധങ്ങളുള്ള വിമാനത്താവളമാണ് ഹാലിഫാക്‌സ്. എയര്‍ലൈനുകളും യാത്രക്കാരും തങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതിന്റെ തെളിവാണതെന്നാണ് ഹാലിഫാക്‌സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വക്താവ് മൈക്കേല സാനി-റൗട്ട്‌ലെഡ്ജ് പറഞ്ഞു.

നിലവില്‍ ഹാലിഫാക്‌സില്‍ നിന്ന് യൂറോപ്യന്‍ നഗരങ്ങളിലേക്ക് നേരിട്ട് 15 സര്‍വീസുകളാണ് നടത്തുന്നത്. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. എയര്‍ കാനഡയും വെസ്റ്റ്ജെറ്റും ഈ വര്‍ഷം ആരംഭിച്ച നാല് പുതിയ സര്‍വീസുകളില്‍ ബ്രസല്‍സിലേക്കുള്ള നേരിട്ടുള്ള സ്ഥിരം വിമാന സര്‍വീസും ഉള്‍പ്പെടുന്നു.

പുതിയ സര്‍വീസുകളും നിലവിലുള്ള റൂട്ടുകളിലെ സര്‍വീസ് വര്‍ധനയും അറ്റ്ലാന്റിക് സമുദ്രം കടന്നുള്ള യാത്രകളില്‍ വലിയ വര്‍ധനയ്ക്ക് കാരണമായതായി അധികൃതര്‍ ചൂണ്ടിക്കാട്ടി.

2026-ല്‍ ഏകദേശം 44 ലക്ഷം യാത്രക്കാര്‍ ഹാലിഫാക്‌സ് വിമാനത്താവളം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിമാനത്താവളത്തിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് നേട്ടമായിരിക്കും. 2025-ല്‍ 41 ലക്ഷത്തിലധികം യാത്രക്കാരാണ് ഹാലിഫാക്‌സ് സ്റ്റാന്‍ഫീല്‍ഡ് വിമാനത്താവളം വഴി സഞ്ചരിച്ചതെന്ന് ഫെബ്രുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അതുകൊണ്ടുതന്നെ എയര്‍ലൈനുകള്‍ പുതിയ റൂട്ടുകള്‍ ആരംഭിച്ചും നിലവിലുള്ളവ വിപുലീകരിച്ചും നിക്ഷേപം തുടരുകയാണെന്ന് സാനി-റൗട്ട്‌ലെഡ്ജ് പറഞ്ഞു.

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാനുഭവം ഒരുക്കുന്നതിന് പുതിയ അന്താരാഷ്ട്ര കണക്ഷന്‍സ് സൗകര്യം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ വേനല്‍ക്കാലമാണിത്.

ഹാലിഫാക്‌സ് മേഖലയിലെ നിരവധി യാത്രക്കാര്‍ യൂറോപ്പിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പ്രയോജനപ്പെടുത്തുന്നതായി പ്രാദേശിക ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.

ഹാലിഫാക്‌സിലെ മാരിടൈം ട്രാവലിന്റെ ബ്രാഞ്ച് മാനേജറായ മിറാന്‍ഡ മില്ലറിന്റെ അഭിപ്രായത്തില്‍ സ്‌പെയിന്‍, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാച്ചെലവ് കാനഡയിലെയും അമേരിക്കയിലെയും മറ്റ് നഗരങ്ങളിലേക്കുള്ള യാത്രകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ താങ്ങാനാവുന്നതാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡയ്ക്കെതിരെ തീരുവകള്‍ ഏര്‍പ്പെടുത്തുകയും കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന പരാമര്‍ശം നടത്തുകയും ചെയ്തതിന് പിന്നാലെ അമേരിക്കയിലേക്കുള്ള കാനഡക്കാരുടെ യാത്ര കുറഞ്ഞുവെന്നത് പൊതുവെ അംഗീകരിക്കപ്പെട്ട യാഥാര്‍ഥ്യമാണെന്ന് മില്ലര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ അതുവഴി മറ്റ് വിപണികള്‍ക്ക് അവസരം ലഭിച്ചു. അതുകൊണ്ടാണ് യൂറോപ്പിലേക്കുള്ള ആവശ്യകത വര്‍ധിക്കുകയും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കപ്പെടുകയും ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.