'രാഹുൽ ഗാന്ധി രാഷ്ട്രീയ പക്വത ഇല്ലാത്തയാൾ'; കോൺഗ്രസിനെതിരെ ഡിഎംകെയുടെ രൂക്ഷ വിമർശനം

'രാഹുൽ ഗാന്ധി രാഷ്ട്രീയ പക്വത ഇല്ലാത്തയാൾ'; കോൺഗ്രസിനെതിരെ ഡിഎംകെയുടെ രൂക്ഷ വിമർശനം


ചെന്നൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ. രാഹുൽ ഗാന്ധി 'രാഷ്ട്രീയമായി അപക്വനാണെന്നും' പ്രതിപക്ഷ ഐക്യം ദുർബലമാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഡിഎംകെ ആരോപിച്ചു. തമിഴ്‌നാട്ടിൽ കോൺഗ്രസ് ഡിഎംകെ സഖ്യം വിട്ട് വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകവുമായി (ടിവികെ) ചേർന്നതിന് പിന്നാലെയാണ് വിമർശനം ശക്തമായത്.

പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ സഖ്യകക്ഷികളുടെ പിന്തുണ തേടുന്ന കോൺഗ്രസ്, സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ അവരെ തന്നെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഡിഎംകെയുടെ മുഖപത്രമായ മുരസൊലിയിലെ എഡിറ്റോറിയലിൽ, ആരോപിച്ചു. വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ ഐക്യം തകർത്തത് കോൺഗ്രസാണെന്നും, ഇപ്പോൾ രാഹുൽ ഗാന്ധി ഐക്യത്തെക്കുറിച്ച് ഉപദേശിക്കുന്നത് വിരോധാഭാസമാണെന്നും ലേഖനം ചൂണ്ടിക്കാട്ടി.

ഡിഎംകെയുടെ ഐ.ടി. വിഭാഗവും സാമൂഹിക മാധ്യമങ്ങളിലൂടെ കോൺഗ്രസിനെ വിമർശിച്ചു. രാഷ്ട്രീയ പ്രതിസന്ധിക്കാലത്ത് കോൺഗ്രസിനെ താങ്ങിനിർത്തിയ ഡിഎംകെയെ ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ സാധ്യതകൾ കണ്ടതോടെ കോൺഗ്രസ് സഖ്യം വിട്ടെന്നായിരുന്നു ആരോപണം.

അതേസമയം, തമിഴ്‌നാട്ടിൽ ജനവിധിയെ മാനിച്ചാണ് പാർട്ടി നിലപാട് സ്വീകരിച്ചതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു. ഡിഎംകെയെയോ ഇന്ത്യാ മുന്നണിയെയോ ദുർബലപ്പെടുത്താനുള്ള ശ്രമം പാർട്ടി നടത്തിയിട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.