'ആശ്രിതത്വമല്ല, അന്തസ്സോടെയുള്ള പങ്കാളിത്തമാണ് വേണ്ടത്'; ജി 7 ഉച്ചകോടിയിൽ മോഡിയുടെ സന്ദേശം

'ആശ്രിതത്വമല്ല, അന്തസ്സോടെയുള്ള പങ്കാളിത്തമാണ് വേണ്ടത്'; ജി 7 ഉച്ചകോടിയിൽ മോഡിയുടെ സന്ദേശം


എവിയാൻ: വികസന രാജ്യങ്ങൾക്ക് സഹായം നൽകുന്നതിൽ ദാതാവ്-സ്വീകർത്താവ് എന്ന സമീപനം അവസാനിപ്പിച്ച് അന്തസ്സും സമത്വവും അടിസ്ഥാനമാക്കിയ പങ്കാളിത്തത്തിലേക്ക് ലോകം നീങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിയിലെ ഔട്ട്‌റീച്ച് സെഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

'ഇന്നത്തെ ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ട, തന്ത്രപരമായ സമ്പത്ത് പരസ്പര വിശ്വാസമാണ്. ലോകത്തിന് വിഭവങ്ങളുടെ കുറവില്ല, വിശ്വാസത്തിന്റെ കുറവാണ് ഉള്ളത്,' എന്ന് മോഡി പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ വിശ്വാസം പുനർനിർമിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'വസുധൈവ കുടുംബകം' എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് ഉയർത്തിക്കാട്ടിയ മോഡി, ജനങ്ങളുടെ ആഗ്രഹങ്ങളുമായി വികസന പദ്ധതികൾ ബന്ധിപ്പിക്കുമ്പോഴാണ് യഥാർഥ പുരോഗതി സാധ്യമാകുന്നതെന്ന് പറഞ്ഞു. രാജ്യങ്ങൾക്ക് വേണ്ടി എന്ത് നിർമ്മിക്കുന്നു എന്നതല്ല, അവർക്ക് സ്വയം വികസിക്കാൻ എത്രത്തോളം അവസരം ഒരുക്കുന്നു എന്നതാണ് യഥാർഥ പങ്കാളിത്തത്തിന്റെ അളവുകോലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾ സഹായമല്ല, തുല്യ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്നും മോഡി പറഞ്ഞു. നൈപുണ്യ വികസനവും ശേഷിവർധനവും കേന്ദ്രീകരിച്ചുള്ള സഹകരണ മാതൃകയാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രാൻസ് അധ്യക്ഷനായുള്ള ജി7 ഉച്ചകോടിയിൽ അമേരിക്ക, ബ്രിട്ടൻ, ജർമനി, ഇറ്റലി, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ, ബ്രസീൽ, ഈജിപ്ത്, ദക്ഷിണ കൊറിയ, കെനിയ തുടങ്ങിയ ജി7 ഇതര രാജ്യങ്ങളുടെയും നേതാക്കൾ സമ്മേളനത്തിൽ സന്നിഹിതരാണ്. യുക്രെയ്ൻ യുദ്ധം, ഇറാൻ സാഹചര്യം, കൃത്രിമ ബുദ്ധിയുടെ വളർച്ച, ആഗോള ഭരണസംവിധാനത്തിലെ മാറ്റങ്ങൾ തുടങ്ങിയവയാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങൾ.