ഹോർമുസ് അടഞ്ഞിട്ടും എണ്ണ ഒഴുക്ക് തുടർന്നു; ഇറാന്റെ തന്ത്രം കടമെടുത്ത് 9 കോടി ബാരൽ എണ്ണ കടത്തിയെന്ന് റിപ്പോർട്ട്

ഹോർമുസ് അടഞ്ഞിട്ടും എണ്ണ ഒഴുക്ക് തുടർന്നു; ഇറാന്റെ തന്ത്രം കടമെടുത്ത് 9 കോടി ബാരൽ എണ്ണ കടത്തിയെന്ന് റിപ്പോർട്ട്


വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടന്നപ്പോഴും അമേരിക്ക രഹസ്യമായി കോടിക്കണക്കിന് ബാരൽ എണ്ണ ഗൾഫ് മേഖലയ്ക്ക് പുറത്തേക്ക് എത്തിച്ചതായി റിപ്പോർട്ട്. വർഷങ്ങളായി ഉപരോധങ്ങൾ മറികടക്കാൻ ഇറാൻ ഉപയോഗിച്ചിരുന്ന 'ഷിപ്പ് ടു ഷിപ്പ്' എണ്ണമാറ്റ തന്ത്രമാണ് അമേരിക്കയും സ്വീകരിച്ചതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നത്.

മെയ് മാസത്തിന്റെ തുടക്കത്തിൽ ആരംഭിച്ച ഈ ദൗത്യത്തിൽ ഇതുവരെ 92 കപ്പലുകൾ പങ്കെടുത്തതായും ഉപഗ്രഹ ചിത്രങ്ങളും ഷിപ്പിങ് വിവരങ്ങളും വ്യക്തമാക്കുന്നു. യുഎഇയിലെ ഫുജൈറ തീരവും ഒമാനിലെ സോഹാർ തുറമുഖത്തിന് സമീപവുമായിരുന്നു പ്രധാന കേന്ദ്രങ്ങൾ.

ഹോർമുസ് കടലിടുക്കിന് സമീപമെത്തിയ ശേഷം ടാങ്കറുകൾ ട്രാൻസപോണ്ടറുകൾ ഓഫ് ചെയ്യുകയും ലൈറ്റുകൾ മങ്ങിക്കുകയും ചെയ്തിരുന്നു. തുടർന്ന് വലിയ ക്രൂഡ് ഓയിൽ കപ്പലുകളിലേക്ക് (VLCC) കടലിൽവെച്ച് എണ്ണ കൈമാറ്റം നടത്തി. ഒരു കൈമാറ്റം പൂർത്തിയാക്കാൻ 24 മുതൽ 40 മണിക്കൂർ വരെ എടുത്തതായാണ് റിപ്പോർട്ട്.

ഡ്രോണുകളും നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് മുഴുവൻ ദൗത്യവും അമേരിക്കൻ സൈന്യം നിയന്ത്രിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ജൂൺ 9ന് ഹോർമുസ് മേഖലയിൽ തകർന്ന അമേരിക്കൻ അപ്പാച്ചെ ഹെലികോപ്റ്ററും ഈ ദൗത്യവുമായി ബന്ധപ്പെട്ടിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മെയ് മുതൽ ഇതുവരെ ഏകദേശം 9 കോടി ബാരൽ ക്രൂഡ് ഓയിലും പെട്രോളിയം ഉൽപന്നങ്ങളും ഈ രഹസ്യ ശൃംഖല വഴി കടത്തിയതായാണ് കണക്കുകൾ. എന്നാൽ യുദ്ധത്തിന് മുമ്പ് ഹോർമുസ് വഴി ദിവസേന കടന്നുപോയിരുന്ന ശരാശരി 2 കോടി ബാരൽ എണ്ണയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്.

അമേരിക്ക-ഇറാൻ സമാധാന ധാരണയുടെ ഭാഗമായി ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ച മുതൽ വീണ്ടും ആഗോള എണ്ണവ്യാപാരത്തിനായി തുറക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ കടലിടുക്കിലൂടെ കപ്പൽഗതാഗതം പൂർണമായും സാധാരണ നിലയിലായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.