ഏവിയാൻ: ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോകനേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയവർക്കൊപ്പമുള്ള ചിത്രം ശ്രദ്ധേയമായി.
'സമൃദ്ധി, സുസ്ഥിരത, മനുഷ്യ ക്ഷേമം എന്നിവ മുന്നോട്ട് കൊണ്ടുപോകാൻ ഒരുമിച്ച് പ്രവർത്തിക്കും' എന്ന കുറിപ്പോടെയാണ് മോഡി ചിത്രം സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഉച്ചകോടിക്കിടെ ട്രംപുമായി മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഇരുവരും ഹസ്തദാനം ചെയ്യുകയും റൗണ്ട് ടേബിൾ ചർച്ചയിൽ അടുത്തടുത്ത് ഇരിക്കുകയും ചെയ്തു. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, ജർമൻ ചാൻസലർ ഫ്രിഡ്റിച്ച് മെർസ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ എന്നിവരുമായും മോഡി കൂടിക്കാഴ്ച നടത്തി.
യൂറോപ്യൻ സന്ദർശനത്തിന് പുറപ്പെടുന്നതിന് മുൻപ്, ജി7 വേദിയിൽ ഇന്ത്യയുടെ നിലപാടുകൾക്കൊപ്പം ആഗോള ദക്ഷിണ രാജ്യങ്ങളുടെ പ്രതീക്ഷകളും ആശങ്കകളും ഉയർത്തിക്കാട്ടുമെന്ന് മോഡി വ്യക്തമാക്കിയിരുന്നു. തുടർച്ചയായി എട്ടാം തവണയാണ് ഇന്ത്യയെ ജി7 ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്നത്. ഇത് ആഗോളതലത്തിൽ ഇന്ത്യയ്ക്കുള്ള സ്വീകാര്യതയും വർധിച്ചുവരുന്ന പ്രാധാന്യവും വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
ജി7 വേദിയിൽ ലോകനേതാക്കൾക്കൊപ്പം മോഡി; ട്രംപ്, മെലോണി, മാക്രോൺ എന്നിവരുമായി കൂടിക്കാഴ്ച
