അമേരിക്ക-ഇറാൻ കരാർ ഒപ്പിടൽ വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ; 'ഇറാന് ആണവായുധമില്ലെന്ന് ഉറപ്പാക്കും' - ട്രംപ്

അമേരിക്ക-ഇറാൻ കരാർ ഒപ്പിടൽ വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ; 'ഇറാന് ആണവായുധമില്ലെന്ന് ഉറപ്പാക്കും' - ട്രംപ്


ലുസേൺ: അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിൽ (MoU) ഔദ്യോഗിക ഒപ്പിടൽ ചടങ്ങ് വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിലെ ലുസേൺ നഗരത്തിന് സമീപമുള്ള ബുർഗൻസ്റ്റോക്ക് റിസോർട്ടിൽ നടക്കുമെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ലുസേൺ തടാകത്തിന് മുകളിലുള്ള മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ റിസോർട്ട് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ എളുപ്പമുള്ള സ്ഥലമായതിനാലാണ് വേദിയായി തെരഞ്ഞെടുത്തത്.

പാകിസ്താനും ഖത്തറും മധ്യസ്ഥരായ ചർച്ചകളുടെ ഭാഗമായാണ് ഈ സ്ഥലം നിർദേശിച്ചതെന്ന് സ്വിസ് അധികൃതർ അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ജി7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, കരാറിന്റെ പൂർണരൂപം പിന്നീട് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് പറഞ്ഞു. 'ഇറാൻ ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ല, വികസിപ്പിക്കില്ല, വാങ്ങുകയുമില്ല. കരാറിന്റെ പ്രധാന ലക്ഷ്യം അതാണ്,' ട്രംപ് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് ദീർഘകാലത്തേക്ക് ടോൾ ഈടാക്കാതെ തുറന്ന നിലയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപൂർവേഷ്യയിലെ സംഘർഷങ്ങൾക്ക് ശമനമുണ്ടാക്കുകയും ആഗോള എണ്ണവിപണിയിൽ സ്ഥിരത കൊണ്ടുവരികയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക-ഇറാൻ കരാറിനെ ലോകം ഉറ്റുനോക്കുന്നത്.