ലണ്ടൻ : ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് രജിസ്‌ട്രേഷനിലുള്ള ഒരു യോട്ടിനു നേരെ റഷ്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി റഷ്യ സ്ഥിരീകരിച്ചു. റഷ്യൻ യുദ്ധക്കപ്പലിനോട് അപകടകരമായ രീതിയിൽ യാച്ച് അടുത്തെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.
ഐൽ ഓഫ് വൈറ്റിന് തെക്കായി ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. റഷ്യൻ നാവികസേനയുടെ അഡ്മിറൽ ഗ്രിഗോറോവിച്ച് ഫ്രിഗേറ്റ്, യോട്ട് യുദ്ധക്കപ്പലിനോട് വളരെ അടുത്തെത്തുന്ന ദിശയിൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു.
റേഡിയോ സന്ദേശങ്ങൾ, ശബ്ദസൂചനകൾ, സിഗ്‌നൽ ഫ്‌ളെയറുകൾ എന്നിവ നൽകിയിട്ടും യോട്ട് വഴിമാറിയില്ലെന്ന് റഷ്യ ആരോപിച്ചു. രണ്ട് കപ്പലുകളും ഏകദേശം 150 മീറ്റർ അകലത്തിലെത്തിയപ്പോൾ യാച്ചിന്റെ സഞ്ചാരപാതയ്ക്ക് കുറുകെ ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പ് വെടിയുതിർക്കുകയായിരുന്നുവെന്നും അതിനെ തുടർന്ന് യോട്ട് ദിശമാറ്റിയെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, വെടിയുണ്ടകൾ ഏകദേശം 500 യാർഡ് അകലെയാണ് പതിച്ചതെന്ന് യോട്ടിലുള്ളവര്‍ ആരോപിച്ചതിനെ തുടർന്ന് ബ്രിട്ടൻ അന്വേഷണം ആരംഭിച്ചു. സംഭവസമയത്ത് റഷ്യൻ കപ്പലിനെ നിരീക്ഷിച്ചുകൊണ്ടിരുന്ന റോയൽ നേവിയുടെ എച്ച്എംഎസ് മെഴ്‌സി യോട്ടി നെ സമീപിച്ച് വിവരശേഖരണം നടത്തി.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും യാച്ചിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവം സംബന്ധിച്ച റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി.
റഷ്യയുടെ 'ഷാഡോ ഫ്‌ളീറ്റ്' ശൃംഖലയുമായി ബന്ധപ്പെട്ട് ഉപരോധം നേരിടുന്ന ഒരു എണ്ണക്കപ്പൽ ബ്രിട്ടീഷ് നാവികസേന തടഞ്ഞതിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായത്. എന്നാൽ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് ബ്രിട്ടീഷ് അധികൃതരുടെ വിലയിരുത്തൽ.
ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് യോട്ടിനു നേരെ റഷ്യൻ യുദ്ധക്കപ്പലിന്റെ മുന്നറിയിപ്പ് വെടിവയ്പ്; അന്വേഷണം തുടങ്ങി
