ഓസ്ലോ: നോർവേ കിരീടാവകാശി ഹാക്കോണിന്റെ ഭാര്യ മെറ്റെമാരിറ്റിന്റെ മകനും രാജകുടുംബത്തിലെ വളർത്തുമകനുമായ മാരിയസ് ബോർഗ് ഹോയ്ബിയെ(29) ബലാത്സംഗക്കേസിൽ കുറ്റക്കാരനായി കണ്ടെത്തി നാല് വർഷം തടവിന് ശിക്ഷിച്ചു. ഗാർഹിക പീഡനക്കേസിലും കുറ്റം കണ്ടെത്തിയിട്ടുണ്ട്. ഏഴ് ആഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഓസ്ലോ ജില്ലാ കോടതി വിധി പ്രസ്താവിച്ചത്.
രണ്ട് ബലാത്സംഗക്കേസുകളിലാണ് ഹോയ്ബി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇതിൽ ഒന്ന് കിരീടാവകാശിയുടെ വസതിയുടെ താഴത്തെ നിലയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടതാണ്. മറ്റ് രണ്ട് ബലാത്സംഗക്കേസുകളിൽ കോടതി അദ്ദേഹത്തെ വെറുതെവിട്ടു.
ഗുരുതരമായ ആരോപണങ്ങൾ ഹോയ്ബി നിഷേധിച്ചിരുന്നെങ്കിലും ചില ചെറിയ കുറ്റങ്ങൾ സമ്മതിച്ചിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അവകാശവും അദ്ദേഹത്തിനുണ്ട്. പ്രോസിക്യൂഷൻ ഏഴ് വർഷവും ഏഴ് മാസവും തടവുശിക്ഷ ആവശ്യപ്പെട്ടിരുന്നു.
മയക്കുമരുന്ന് ഉപയോഗം, ലൈംഗിക ബന്ധങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ, 800ലധികം ഇലക്ട്രോണിക് സന്ദേശങ്ങൾ എന്നിവ വിചാരണയിൽ തെളിവുകളായി ഹാജരാക്കി. കേസിലെ ഒരു ഇര കോടതിയിൽ സന്നിഹിതയായിരുന്നു. വിധി കേട്ട ശേഷം അവർ വികാരാധീനയായി.
ഈ സംഭവം നോർവേ രാജകുടുംബത്തിന്റെ ജനപ്രീതിക്ക് തിരിച്ചടിയായിരിക്കുകയാണ്. അടുത്തിടെ നടത്തിയ സർവേകളിൽ രാജവാഴ്ചയെ അനുകൂലിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തിരുന്നു. അതേസമയം, ഗുരുതര ശ്വാസകോശ രോഗത്തെ തുടർന്ന് ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്ന മെറ്റെമാരിറ്റിന് ഈ വിധി വ്യക്തിപരമായും വലിയ ആഘാതമായിരിക്കുകയാണ്.
