വാഷിംഗ്ടൺ: അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന്റെ ഭാഗമായി നിർണായക അധികാര കൈമാറ്റം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രത്യേക വിദ്യാഭ്യാസ സേവനങ്ങളും പുനരധിവാസ പദ്ധതികളുമായി ബന്ധപ്പെട്ട ചുമതലകൾ ആരോഗ്യമനുഷ്യസേവന വകുപ്പ് (HHS) ഏറ്റെടുക്കുമെന്നും, സിവിൽ റൈറ്റ്‌സ് മേൽനോട്ട ചുമതലകൾ നീതിന്യായ വകുപ്പ് (DOJ) കൈകാര്യം ചെയ്യുമെന്നും ബന്ധപ്പെട്ട ഉദ്യാഗസ്ഥർ അറിയിച്ചു.
പ്രത്യേക വിദ്യാഭ്യാസ പദ്ധതികളുടെ ഓഫീസ് (OSEP), പുനരധിവാസ സേവന ഭരണകൂടം (RSA) എന്നിവ HHS-ലേക്ക് മാറ്റാനാണ് തീരുമാനം. വിദ്യാഭ്യാസ മേഖലയിലെ പൗരാവകാശ പരാതികളും നിയമപരമായ മേൽനോട്ടവും ഇനി മുതൽ നീതിന്യായ വകുപ്പിന്റെ പരിധിയിലാകും.
ഈ മാറ്റം ലക്ഷക്കണക്കിന് വിദ്യാർഥികളെയും കുടുംബങ്ങളെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യവും അനുയോജ്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന Individuals with Disabilities Education Act (IDEA) പ്രകാരം ഏകദേശം 70 ലക്ഷം ആളുകൾക്ക് ലഭിക്കുന്ന 15 ബില്യൺ ഡോളറിന്റെ ഗ്രാന്റ് പദ്ധതികളും ഈ പുനഃസംഘടനയുടെ പരിധിയിൽ വരും.
2024ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിദ്യാഭ്യാസ വകുപ്പ് പൂട്ടുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കമെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസ വകുപ്പിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ഈ തീരുമാനം അമേരിക്കൻ വിദ്യാഭ്യാസ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള നീക്കവുമായി ട്രംപ് ഭരണകൂടം; പ്രത്യേക വിദ്യാഭ്യാസവും പൗരാവകാശ ചുമതലകളും മറ്റ് വകുപ്പുകൾക്ക്
