അമേരിക്ക-ഇറാൻ സമാധാനകരാറിൽ 300 ബില്യൺ ഡോളർ വികസനപദ്ധതി?; ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാനും ധാരണയെന്ന് റിപ്പോർട്ട്

അമേരിക്ക-ഇറാൻ സമാധാനകരാറിൽ 300 ബില്യൺ ഡോളർ വികസനപദ്ധതി?; ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാനും ധാരണയെന്ന് റിപ്പോർട്ട്


വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച സമാധാനകരാറിന്റെ വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും കരാറിലെ പ്രധാന വ്യവസ്ഥകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നു. സൗദി അറേബ്യയുടെ സോവറൻ വെൽത്ത് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള അൽ അറബിയയാണ് കരാറിലെ 14 പ്രധാന വിഷയങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ ഈ വിവരങ്ങൾ മറ്റ് വാർത്താ ഏജൻസികൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

റിപ്പോർട്ട് പ്രകാരം, ഹോർമുസ് കടലിടുക്കും പേർഷ്യൻ ഗൾഫും അടുത്ത 30 ദിവസത്തിനുള്ളിൽ പൂർണമായി തുറന്ന് കപ്പൽഗതാഗതം സാധാരണ നിലയിലാക്കുന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ആഗോള എണ്ണവ്യാപാരത്തിന് നിർണായകമായ ഈ കടലിടുക്കിന്റെ പുനരാരംഭം ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

ഇറാന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനും വികസനത്തിനുമായി അമേരിക്കയും പ്രാദേശിക സഖ്യകക്ഷികളും ചേർന്ന് സമഗ്ര പദ്ധതിക്ക് രൂപം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത 60 ദിവസത്തിനകം തയ്യാറാക്കുന്ന ഈ പദ്ധതിക്ക് കുറഞ്ഞത് 300 ബില്യൺ ഡോളറിന്റെ ധനസഹായം ലഭ്യമാക്കുമെന്നാണ് അവകാശവാദം.

അതേസമയം, കരാറിന്റെ പൂർണരൂപം ഈ ആഴ്ച പുറത്തുവിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ നടക്കുന്ന ഔദ്യോഗിക ഒപ്പിടൽ ചടങ്ങിന് ശേഷമാകും കരാറിന്റെ യഥാർഥ വ്യവസ്ഥകൾ വ്യക്തമാകുക.