ഡെല്‍റ്റ വിമാനാപകടം: തലകീഴായ്കിടന്ന യാത്രക്കാരി പങ്കുവെച്ച വീഡിയോ വൈറലായി

ഡെല്‍റ്റ വിമാനാപകടം: തലകീഴായ്കിടന്ന യാത്രക്കാരി പങ്കുവെച്ച വീഡിയോ വൈറലായി


ഒട്ടാവാ: കാനഡയില്‍ വിമാനാപകടമുണ്ടായതിന് പിന്നാലെ യാത്രക്കാരി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ വൈറലായി. ഓ മൈ ഗോഡ്, ഞങ്ങള്‍ അപകടത്തില്‍പ്പെട്ടു എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായിരിക്കുകയാണ്. ടൊറോന്റോയിലെ പിയേഴ്‌സണ്‍ വിമാനത്താവളത്തിലാണ് ഡെല്‍റ്റ വിമാനം ലാന്‍ഡിങ്ങിനിടയില്‍ അപകടത്തില്‍പ്പെട്ടത്. 76 യാത്രക്കാരും 4 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനം മഞ്ഞുമൂടിയ റണ്‍വേയില്‍ തലകീഴായി മറിയുകയായിരുന്നു. ഈ അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ല.

'ഓ ദൈവമേ, ഞാന്‍ അപകടത്തില്‍പ്പെട്ടു. തലകീഴായി വിമാനത്തില്‍ കിടക്കുകയാണ്' എന്നാണ് അവര്‍ വിഡിയോയില്‍ പറയുന്നത്. അവര്‍ പങ്കുവെച്ച വീഡിയോയില്‍ ആളുകള്‍ ഭയന്ന് പുറത്തേക്ക് ഇറങ്ങുന്നതും മറ്റ് യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ നിന്നും വ്യക്തമാണ്.
ഒന്റാറിയോയിലെ എയര്‍ ആംബുലന്‍സ് സര്‍വീസായ ഓറഞ്ച് എയര്‍ ആംബുലന്‍സ്, ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരെ ടൊറോണ്ടോയിലെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ഒരു കുട്ടിയെ കുട്ടികളുടെ ആശുപത്രിയിലേക്കും, 60 വയസ്സുള്ള ഒരാളെയും 40 വയസ്സുള്ള ഒരു സ്ത്രീയെയും നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കുമാണ് മാറ്റിയത്.

അതേസമയം, പിയേഴ്സണ്‍ വിമാനത്താവളത്തിലെ റണ്‍വേകള്‍ അടച്ചിട്ടതിനുശേഷം വീണ്ടും തുറന്നു. ഏകദേശം 3 മണിയോടെ എല്ലാ യാത്രക്കാരെയും ജീവനക്കാരെയും കണ്ടെത്തിയതായി വിമാനത്താവള അധികൃതര്‍ എക്സില്‍ കുറിച്ചു. മിനിയാപൊളിസില്‍ നിന്നും വന്ന ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 4819 ആണ് അപകടത്തില്‍പ്പെട്ടത്. 80 ഓളം യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നെങ്കിലും ഭൂരിഭാഗം ആളുകള്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു.

ഗതാഗത മന്ത്രി അനിറ്റാ ആനന്ദ് സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. 'ഗുരുതരമായ സംഭവം' എന്നാണ് അപകടത്തെ അവര്‍ വിശേഷിപ്പിച്ചത്. കാനഡയിലെ ഗതാഗത ബോര്‍ഡ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. നിലവിലെ സാഹചര്യത്തില്‍ അപകടകാരണം എന്താണെന്ന് പറയാന്‍ സാധിക്കില്ലെന്നും വരും ദിവസങ്ങളില്‍ കാരണം വ്യക്തമാക്കാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ടൊറോന്റോ മേയര്‍ ഒലിവിയ ചൗ, യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അറിഞ്ഞതില്‍ ആശ്വാസവും സന്തോഷവും തോന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അടിയന്തര സേവനങ്ങള്‍ നല്‍കിയവരെയും വിമാനത്താവള ജീവനക്കാര്‍ക്കും ഒലിവിയ ചൗ നന്ദി അറിയിക്കുകയും ചെയ്തു.


ഡെല്‍റ്റ വിമാനാപകടം: തലകീഴായ്കിടന്ന യാത്രക്കാരി പങ്കുവെച്ച വീഡിയോ വൈറലായി