കാനഡയെ യു എസിന്റെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന് ട്രൂഡോയോട് ട്രംപ്

കാനഡയെ യു എസിന്റെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന് ട്രൂഡോയോട് ട്രംപ്


ഫ്‌ളോറിഡ: നിയുക്ത യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന താരിഫുകള്‍ ഒഴിവാക്കാന്‍ കാനഡയെ യു എസിന്റെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന് തമാശ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഒട്ടാവ മയക്കുമരുന്നും കുടിയേറ്റക്കാരെയും അതിര്‍ത്തി കടക്കുന്നതില്‍ നിന്ന് തടയുന്നില്ലെങ്കില്‍ കനേഡിയന്‍ ഇറക്കുമതികള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെയാണ് ട്രൂഡോ യു എസ് പ്രസിഡന്റിനെ കാണാന്‍ ഫ്‌ളോറിഡയിലെത്തിയത്. 

ട്രംപിന്റെ സ്വകാര്യ മാര്‍-എ-ലാഗോ എസ്റ്റേറ്റിലെ അത്താഴ വേളയില്‍ കനേഡിയന്‍ പ്രധാനമന്ത്രി നിയുക്ത പ്രസിഡന്റിന് ഒട്ടാവ അതിര്‍ത്തിയില്‍ നിയന്ത്രണം ശക്തമാക്കുമെന്ന് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കാനഡയുടെ കയറ്റുമതിയില്‍ 75 ശതമാനവും അമേരിക്കയിലേക്കാണ്. അതുകൊണ്ടുതനനെ താരിഫ് വര്‍ധന കനേഡിയന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. 

അതിര്‍ത്തി പ്രശ്നങ്ങള്‍ നിയന്ത്രിക്കുക, വ്യാപാര കമ്മി അടയ്ക്കുക എന്നിവയുള്‍പ്പെടെ ഒട്ടാവയ്ക്ക് തന്റെ ആവശ്യങ്ങളുടെ പട്ടിക കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ കാനഡ യു എസിന്റെ 'ഒന്നോ രണ്ടോ സംസ്ഥാനമായി മാറണമെന്ന് അത്താഴ വേളയില്‍ ട്രംപ് പറഞ്ഞുവെന്ന് ചര്‍ച്ച കേട്ട രണ്ടുപേരെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു, 

കാനഡയുമായുള്ള യു എസ് വ്യാപാര കമ്മി 100 ബില്യണ്‍ ഡോളറിലധികം വരുമെന്നാണ് ട്രംപ് ട്രൂഡോയെ ധരിപ്പിച്ചിരിക്കുന്നത്. കാനഡ രണ്ട് പ്രശ്നങ്ങളും പരിഹരിച്ചില്ലെങ്കില്‍ 2025 ജനുവരി 20-ന് അധികാരമേറ്റതിന് ശേഷം എല്ലാ കനേഡിയന്‍ സാധനങ്ങള്‍ക്കും ആദ്യ ദിവസം തന്നെ 25 ശതമാനം താരിഫ് ഈടാക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഭീഷണി ഉയര്‍ത്തി. 

താരിഫ് ഉയര്‍ത്തുന്നത് കനേഡിയന്‍ സമ്പദ്വ്യവസ്ഥയെ പൂര്‍ണ്ണമായും തകര്‍ക്കുമെന്നതിനാല്‍ കാനഡയ്ക്ക് ഇത്രയും ഉയര്‍ന്ന താരിഫ് ഈടാക്കാന്‍ കഴിയില്ലെന്ന് ട്രൂഡോ അഭിപ്രായപ്പെട്ടപ്പോള്‍ നിങ്ങളുടെ രാജ്യത്തിന് 100 ബില്യണ്‍ ഡോളര്‍ വരെ യു എസില്‍ നിന്ന് കൊള്ളയടിക്കാതെ അതിജീവിക്കാന്‍ കഴിയില്ലേ? എന്ന ചോദ്യമാണ് ട്രംപ് ഉന്നയിച്ചത്.

കാനഡ 51-ാമത്തെ സംസ്ഥാനമായി മാറണമെന്ന് അദ്ദേഹം ട്രൂഡോയോട് തമാശയായി നിര്‍ദ്ദേശിച്ചു. ഇത് പ്രധാനമന്ത്രിയെയും മറ്റുള്ളവരെയും പരിഭ്രാന്തമായ ചിരിക്ക് കാരണമായതായി ഫോക്‌സ് ന്യൂസിനോട് വൃത്തങ്ങള്‍ പറഞ്ഞു.

ട്രംപിന്റെ തമാശയ്ക്ക് പിന്നാലെ അത്താഴ മേശയിലുണ്ടായിരുന്ന ഒരാള്‍ കാനഡ വളരെ ലിബറല്‍ രാഷ്ട്രമായിരിക്കുമെന്ന് പറഞ്ഞത് കൂടുതല്‍ ചിരിക്ക് കാരണമായതായും റിപ്പോര്‍ട്ട് പറയുന്നു.

കാനഡയ്ക്ക് കണ്‍സര്‍വേറ്റീവും ലിബറലും ആയ രണ്ട് സംസ്ഥാനങ്ങളാകാമെന്ന് ട്രംപ് നിര്‍ദ്ദേശിക്കുകയും തന്റെ ആവശ്യങ്ങളുടെ പട്ടിക കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ 'കാനഡ ശരിക്കും ഒന്നോ രണ്ടോ സംസ്ഥാനമാകണമെന്നും ട്രൂഡോയ്ക്ക് അവിടെ ഗവര്‍ണര്‍ ആകാമെന്നും ട്രംപ് പറഞ്ഞു.

കാനഡയെ യു എസിന്റെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന് ട്രൂഡോയോട് ട്രംപ്