നോര്‍ത്ത് കരോളിന: പുതുവത്സര സായാഹ്നത്തില്‍ നോര്‍ത്ത് കരോളിനയില്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം എഫ് ബി ഐ വിജയകരമായി തടഞ്ഞതായി അമേരിക്കന്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സി അറിയിച്ചു. സംശയാസ്പദന്‍ ഐസിസ് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിച്ചതെന്ന് എഫ് ബി ഐ വ്യക്തമാക്കി. ആക്രമണം തടയാന്‍ സഹായിച്ച സഹകരണ ഏജന്‍സികള്‍ക്ക് നന്ദി അറിയിച്ച എഫ് ബി ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ ഇതിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാനായതായി ചൂണ്ടിക്കാട്ടി.
പ്രതി ഐസിസിന്റെ ആശയങ്ങളില്‍ നിന്ന് നേരിട്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതെന്ന് എഫ് ബി ഐ എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. തങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അനേകം ജീവനുകള്‍ രക്ഷിക്കുകയും ചെയ്ത മികച്ച പങ്കാളികള്‍ക്ക് നന്ദി എന്നാണ് എഫ് ബി ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ക്രിസ്റ്റ്യന്‍ സ്റ്റര്‍ഡിവന്റ് എന്ന യുവാവിനെയാണ് വിദേശ ഭീകര സംഘടനയ്ക്ക് സഹായം നല്‍കാന്‍ ശ്രമിച്ചതെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഫെഡറല്‍ സത്യവാങ്മൂല പ്രകാരം 2022 മുതല്‍ തന്നെ സ്റ്റര്‍ഡിവന്റിന്റെ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ നിരീക്ഷിച്ചുവരികയായിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ 20 വര്‍ഷം വരെ ഫെഡറല്‍ ജയില്‍ ശിക്ഷ ലഭിക്കാമെന്ന് ഫോക്‌സ് ന്യൂസിനോട് സംസാരിച്ച പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.
ഐസിസുമായി ബന്ധമുള്ളയാളെന്ന് സ്റ്റര്‍ഡിവന്റ് വിശ്വസിച്ചിരുന്ന ഒരു വ്യക്തിയുമായി നടത്തിയ ഓണ്‍ലൈന്‍ ആശയവിനിമയങ്ങളാണ് കേസിന്റെ അടിസ്ഥാനമെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. എന്നാല്‍ ആ വ്യക്തി യഥാര്‍ഥത്തില്‍ ''ഒസി'' എന്നറിയപ്പെടുന്ന ഒരു രഹസ്യ സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. ഈ സംഭാഷണങ്ങളിലുടനീളം 'ഞാന്‍ ഉടന്‍ ജിഹാദ് നടത്തും' എന്നും ഐസിസുമായി ബന്ധപ്പെട്ട അര്‍ഥമുള്ള 'സ്റ്റേറ്റ് ഓഫ് സോള്‍ജര്‍' എന്നാണ് സ്വയം വിശേഷിപ്പിച്ചതെന്നും അന്വേഷണ രേഖകളില്‍ പറയുന്നു.
