തെഹ്‌റാന്‍: ഇറാനില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ബസാറുകള്‍ അടഞ്ഞുകിടക്കുകയും സര്‍വകലാശാലകള്‍ സ്തംഭിക്കുകയും തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ ഖാമനെയി ഭരണകൂടത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. തകര്‍ന്നുകൊണ്ടിരിക്കുന്ന റിയാല്‍ മൂല്യം, തുടര്‍ച്ചയായ പണപ്പെരുപ്പം, സാമ്പത്തിക സ്ഥിരതയ്ക്കായുള്ള ആവശ്യം എന്നിവയില്‍ നിന്നാരംഭിച്ച പ്രതിഷേധം ഇപ്പോള്‍ വ്യാപകമായ രാഷ്ട്രീയ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. തെഹ്‌റാന്‍, ഇസ്ഫഹാന്‍, ലൊറസ്താന്‍ തുടങ്ങി വിവിധ മേഖലകളിലായി, സാമ്പത്തിക ഇളവുകള്‍ക്കപ്പുറം മതാധിപത്യ ഭരണം അവസാനിപ്പിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. മുല്ലമാര്‍ ഇറാന്‍ വിട്ടുപോകണം, ഖാമനെയിക്ക് മരണം, ഷാ മടങ്ങിവരും തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യവ്യാപകമായ അശാന്തി ആറു ദിവസം പിന്നിട്ടു.
ഈ പ്രതിഷേധങ്ങള്‍ക്കിടെ കൂഹ്ദഷ്ടില്‍ ഇറാന്റെ പരാമിലിറ്ററി റെവല്യൂഷണറി ഗാര്‍ഡ്‌സിലെ ഒരു സന്നദ്ധ അംഗം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. റെവല്യൂഷണറി ഗാര്‍ഡ്‌സുമായി ബന്ധപ്പെട്ട സന്നദ്ധ പരാമിലിറ്ററി വിഭാഗമായ ബസീജിലെ 13 അംഗങ്ങള്‍ക്ക് പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അശാന്തിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നതിന്റെ സൂചനകളാണിവ.
1980- 88 കാലഘട്ടത്തിലെ ഇറാന്‍- ഇറാഖ് യുദ്ധം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സിനെ (ഐആര്‍ജിസി) പരമ്പരാഗത സൈനിക ശക്തിയായി മാറ്റി. ഇപ്പോഴവര്‍ ഇറാന്റെ സ്ഥിരസൈന്യത്തിനൊപ്പം നിലനില്‍ക്കുന്ന സമാന്തര ശക്തിയായി തുടരുന്നു. 31 പ്രവിശ്യകളിലായി നിലയുറപ്പിച്ച ഗ്രൗണ്ട് ഫോഴ്‌സ്, ബസീജ് പരാമിലിറ്ററി വിഭാഗം, സ്ഥിരസൈന്യത്തിന്റെ നാവിക വിഭാഗത്തില്‍ നിന്ന് വ്യത്യസ്തമായ നാവിക സേന, പ്രത്യേക വ്യോമ സേന, സൈബര്‍ കമാന്‍ഡ് എന്നിവ ഐആര്‍ജിസിയുടെ ഭാഗമാണ്.
ബസീജ് ഔദ്യോഗികമായി 'ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ മൊബിലൈസേഷന്‍ ഓഫ് ദ ഒപ്രെസ്ഡ്' (സാസ്മാന്‍-എ-ബസീജ്-എ-മുസ്തസ്അഫീന്‍) 1980ല്‍ ആയത്തുല്ല റൂഹുല്ല ഖുമെയ്‌നിയുടെ ആഹ്വാനപ്രകാരം സ്ഥാപിതമായതാണ്. വിപ്ലവത്തെ സംരക്ഷിക്കാന്‍ '20 ദശലക്ഷം തോക്കുകാര്‍' വേണമെന്നായിരുന്നു ഖുമെയ്‌നിയുടെ ആഹ്വാനം. ഐആര്‍ജിസിക്ക് കീഴിലുള്ള ഈ സന്നദ്ധ പരാമിലിറ്ററി മിലീഷ്യ സുപ്രിം ലീഡര്‍ അയത്തുല്ല അലി ഖാമനെയിയോടുള്ള നേരിട്ടുള്ള വിശ്വാസ്യതയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'ജേര്‍ണല്‍ ഓഫ് മോഡേണ്‍ സയന്‍സ്' പ്രസിദ്ധീകരിച്ച ഗവേഷണം ഇറാന്റെ സുരക്ഷാ തന്ത്രത്തെ 'മോസൈക് പ്രതിരോധ സിദ്ധാന്തം' എന്നുവിവരിക്കുന്നു. പാളികളായുള്ള പ്രദേശസംരക്ഷണവും അസമമായ യുദ്ധതന്ത്രങ്ങളും സംയോജിപ്പിച്ചതാണ് സംവിധാനം. ഈ ഘടനയില്‍ ബസീജിന്റെ പങ്ക് ഐആര്‍ജിസിയുടെ അനുബന്ധ വിഭാഗമെന്നതിലൊതുങ്ങുന്നില്ല; സാമൂഹിക മൊബിലൈസേഷന്‍, ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തല്‍, ഭരണകൂട ലക്ഷ്യങ്ങള്‍ കൈവരിക്കല്‍ എന്നിവയിലെ കേന്ദ്രഘടകവുമാണ്. ആഭ്യന്തര നടപടികള്‍ക്കപ്പുറം വിദേശത്ത് സഖ്യസംഘടനകളെ പിന്തുണയ്ക്കുന്നതിലും പ്രാദേശിക സംഘര്‍ഷങ്ങളില്‍ പങ്കാളിയാകുന്നതിലും ബസീജ് സജീവമാണ്. 2009ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനിടയിലും 2019 നവംബറിലുമുണ്ടായ കടുത്ത നടപടികളില്‍ നിരവധി പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ട സംഭവങ്ങളില്‍ ബസീജിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് പ്രകാരം, ആഭ്യന്തര സുരക്ഷ, നിയമസംരക്ഷണം, നൈതിക പൊലീസ് പ്രവര്‍ത്തനങ്ങള്‍, മത- രാഷ്ട്രീയ പരിപാടികളുടെ സംഘാടനം തുടങ്ങിയ വിപുലമായ ചുമതലകളാണ് ബസീജ് വഹിക്കുന്നത്. ഇറാനിലെ ഭൂരിഭാഗം നഗരങ്ങളിലും പട്ടണങ്ങളിലും ശാഖകളുള്ളതിനാല്‍ സുപ്രിം ലീഡര്‍ക്ക് സമൂഹത്തിലുടനീളം വ്യാപകമായ സ്വാധീനം സാധ്യമാക്കുന്നു. 2009ലെ വിവാദ തെരഞ്ഞെടുപ്പിന് ശേഷം 'ആഭ്യന്തര ഭീഷണികള്‍' നേരിടാന്‍ ഖാമനെയി ബസീജിനെ വ്യാപകമായി വിനിയോഗിച്ചതോടെ ഈ മിലീഷ്യയുടെ രാഷ്ട്രീയ- സാമ്പത്തിക സ്വാധീനം വര്‍ധിക്കുകയും ഭരണകൂടത്തിന്റെ സൈനികവല്‍ക്കരണം ശക്തിപ്പെടുകയും ചെയ്തു.
അധികാരമുള്ളതുപോലെ തന്നെ വെല്ലുവിളികളും ബസീജ് നേരിടുന്നു. മുന്‍കാല പ്രതിഷേധങ്ങളിലെ പ്രതികരണങ്ങള്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പരിമിതമായ ബജറ്റും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. എന്നാല്‍ ബസീജിനെതിരായ ആക്രമണങ്ങള്‍ പുതുമയല്ല; മുമ്പും പൗരന്മാരുടെയും 'ഭീകര സംഘടനകളുടെയും' പ്രതിഷേധം ഈ വിഭാഗം നേരിട്ടിട്ടുണ്ട്. 2008-ല്‍ ഐആര്‍ജിസി ഗ്രൗണ്ട് ഫോഴ്‌സിലേക്കുള്ള ഏകീകരണം ഘടനയില്‍ മാറ്റങ്ങള്‍ വരുത്തി. ഐആര്‍ജിസിക്കെതിരായ അമേരിക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍ ശേഷി കുറയ്ക്കാന്‍ സാധ്യതയുണ്ട്. എങ്കിലും, ഇറാന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിലെ കേന്ദ്രസ്ഥാനം ബസീജിന് ഇന്നും സംശയാതീതമാണ്.
രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ സുരക്ഷയും പൊതുസഹായവും നല്‍കുന്നതില്‍ ബസീജ് സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമാണ്. 2025 ജൂണിലെ ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷകാലത്ത്, റെവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍-ഇന്‍-ചീഫ് മുഹമ്മദ് പാക്പൂര്‍ 'സംഘര്‍ഷം ആരംഭിച്ച ആദ്യദിനം മുതല്‍ തന്നെ സുരക്ഷയും പൊതുസഹായവും നല്‍കുന്നതില്‍ ബസീജ് സന്നദ്ധര്‍ സജീവമായിരുന്നു' എന്ന് വ്യക്തമാക്കിയിരുന്നു. അതേ യുദ്ധത്തിനിടെ, ബസീജ് ഇന്റലിജന്‍സ് പ്രൊട്ടക്ഷന്‍ കമാന്‍ഡറായ മുഹമ്മദ് തഖി യൂസെഫ്വാന്‍ഡ് ഇസ്രായേലി മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഇറാന്റെ സങ്കീര്‍ണ്ണമായ അധികാര ഘടനയില്‍, ഭരണകൂടത്തിന്റെ 'കണ്ണും ചെവിയും' ആയി ബസീജ് തുടരുന്നു. ഐആര്‍ജിസിയുമായുള്ള ആഴത്തിലുള്ള ഏകീകരണം, വ്യാപക ശൃംഖല, ആശയപരമായ പ്രതിബദ്ധത ഇവയെല്ലാം ചേര്‍ന്ന് പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലും ഇറാനിലെ മതാധിപത്യ നേതൃത്വത്തിന്റെ നിലനില്‍പ്പിലും ശക്തിപ്രകടനത്തിലും ബസീജിനെ നിര്‍ണായക ശക്തിയായി നിലനിര്‍ത്തുന്നു.
