ഒട്ടാവ: നിര്‍മിത ബുദ്ധിയുടെ വളര്‍ച്ചയ്‌ക്കൊപ്പം ഡേറ്റാ സെന്ററുകള്‍ വ്യാപിക്കുമ്പോള്‍ അതിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നു.
യോര്‍ക്ക് സര്‍വകലാശാലയുടെ പഠനമനുസരിച്ച് നിലവില്‍ കാനഡയില്‍ അഞ്ച് ഹൈപ്പര്‍സ്‌കെയില്‍ ഡേറ്റാ സെന്ററുകള്‍ മാത്രമാണുള്ളത്. എന്നാല്‍ രാജ്യത്തുടനീളം 96 പുതിയ കേന്ദ്രങ്ങള്‍ നിര്‍മാണത്തിലോ നിര്‍ദേശ ഘട്ടത്തിലോ ആണ്. ഇതോടൊപ്പം ഭൂമി, വൈദ്യുതി, ജലസ്രോതസ്സുകള്‍ എന്നിവയുടെ അമിത ഉപഭോഗത്തെക്കുറിച്ചുള്ള ആശങ്കകളും ശക്തിപ്പെടുകയാണ്.
ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, സസ്‌കാഷെവാന്‍ തുടങ്ങിയ പ്രവിശ്യകളില്‍ നിരവധി പദ്ധതികള്‍ ജനപ്രതിഷേധം നേരിടുകയാണ്. പരിസ്ഥിതി നാശം, ആരോഗ്യപ്രശ്‌നങ്ങള്‍, ജലക്ഷാമം തുടങ്ങിയ ആശങ്കകളാണ് പ്രതിഷേധങ്ങളുടെ പ്രധാന കാരണങ്ങള്‍.
ഹാമില്‍ട്ടണില്‍ നിര്‍ദിഷ്ട ഡേറ്റാ സെന്റര്‍ പദ്ധതിക്കെതിരെ നൂറുകണക്കിന് ആളുകള്‍ സിറ്റി ഹാളിന് മുന്നില്‍ പ്രതിഷേധിച്ചു. വാന്‍കൂവറില്‍ മെയ് അവസാനം നടന്ന റാലിയില്‍ പങ്കെടുത്തവര്‍ ജലക്ഷാമം നേരിടുന്ന മേഖലയിലേക്ക് കൂടുതല്‍ ജലവും ഊര്‍ജവും ആവശ്യമായ എ ഐ ഡേറ്റാ സെന്ററുകള്‍ വരുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തി.
സസ്‌കാഷെവാനിലെ റെജീനയ്ക്ക് സമീപമുള്ള ഒരു പദ്ധതിക്കും എതിര്‍പ്പ് നേരിടേണ്ടിവന്നപ്പോള്‍ ആല്‍ബെര്‍ട്ടയിലെ ഓള്‍ഡ്‌സ് പട്ടണത്തില്‍ പ്രദേശവാസികള്‍ ചേര്‍ന്ന് പുതിയ ഡേറ്റാ സെന്റര്‍ നിര്‍മ്മാണം തടയാനുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
ചില സ്ഥലങ്ങളില്‍ ഈ പ്രതിഷേധങ്ങള്‍ പദ്ധതികളുടെ ഭാവിയെ തന്നെ ബാധിച്ചിട്ടുണ്ട്. ഹാമില്‍ട്ടണ്‍ പദ്ധതിക്കുള്ള അപേക്ഷ നഗര ഭരണകൂടം തള്ളിക്കളഞ്ഞു. പരിസ്ഥിതി നാശം, തൊഴില്‍ നഷ്ടം, സൃഷ്ടിപരമായ മേഖലകളിലെ പ്രത്യാഘാതങ്ങള്‍, മലിനീകരണം എന്നിവയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകളാണ് ഇതിന് കാരണം.
മാനിറ്റോബയില്‍ വിന്നിപെഗിന് തെക്കുള്ള ഗ്രാമപ്രദേശത്ത് നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഒരു വന്‍ ഡേറ്റാ സെന്ററിനെതിരായ ഓണ്‍ലൈന്‍ ഹര്‍ജിയില്‍ 13,500-ലധികം പേരാണ് ഒപ്പുവച്ചത്. തുടര്‍ന്ന് പദ്ധതി മുന്നോട്ടുകൊണ്ടുപോകില്ലെന്ന് പ്രവിശ്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
എ ഐ സേവനങ്ങള്‍ക്ക് സാധാരണ ഇന്റര്‍നെറ്റ് സേവനങ്ങളേക്കാള്‍ വളരെ കൂടുതല്‍ വൈദ്യുതി ആവശ്യമാണ്. ഒരു സാധാരണ ഗൂഗിള്‍ തിരച്ചിലിനെ അപേക്ഷിച്ച് ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് എ ഐ സംവിധാനത്തില്‍ ഒരു ചോദ്യം പ്രവര്‍ത്തിപ്പിക്കാന്‍ ഏകദേശം പത്ത് മടങ്ങ് കൂടുതല്‍ വൈദ്യുതി വേണ്ടിവരുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
യോര്‍ക്ക് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം, 100 മെഗാവാട്ട് ശേഷിയുള്ള ഒരു ഡേറ്റാ സെന്റര്‍ പ്രതിവര്‍ഷം 4.38 ലക്ഷം മുതല്‍ 7.08 ലക്ഷം മെഗാവാട്ട് മണിക്കൂര്‍ വരെ വൈദ്യുതി ഉപയോഗിക്കും. ഇത് ഏകദേശം 40,000 മുതല്‍ 64,000 വരെ കനേഡിയന്‍ വീടുകളുടെ വാര്‍ഷിക വൈദ്യുതി ഉപഭോഗത്തിന് തുല്യമാണ്.
ഐക്യരാഷ്ട്രസഭയുടെ ഗവേഷകര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2025-ല്‍ ലോകമെമ്പാടുമുള്ള ഡേറ്റാ സെന്ററുകള്‍ 448 ടെറാവാട്ട്-മണിക്കൂര്‍ വൈദ്യുതി ഉപയോഗിച്ചു. ഒരു രാജ്യമെന്ന നിലയില്‍ കണക്കാക്കിയാല്‍ ലോകത്തിലെ പതിനൊന്നാമത്തെ വലിയ വൈദ്യുതി ഉപഭോക്താവായിരിക്കും ഡേറ്റാ സെന്റര്‍ മേഖല.
ഇതിലൂടെ 189 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളപ്പെട്ടതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ഡേറ്റാ സെന്ററുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തണുപ്പിക്കല്‍ സംവിധാനങ്ങള്‍ വലിയ അളവില്‍ വെള്ളം ഉപയോഗിക്കുന്നു. 2025-ല്‍ ആഗോളതലത്തില്‍ ഡേറ്റാ സെന്ററുകള്‍ 4.5 ട്രില്യണ്‍ ലിറ്റര്‍ വെള്ളം ഉപയോഗിച്ചതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉപ-സഹാറന്‍ ആഫ്രിക്കയിലെ 60 കോടിയിലധികം ജനങ്ങളുടെ ആവശ്യത്തിന് തുല്യമായ ജലമാണിത്.
എന്നാല്‍ ആധുനിക ഡേറ്റാ സെന്ററുകള്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യവസായ രംഗം അവകാശപ്പെടുന്നു. ചില കമ്പനികള്‍ ക്ലോസ്ഡ് ലൂപ് കൂളിങ് സംവിധാനങ്ങളിലൂടെ ജല ഉപയോഗം ഗണ്യമായി കുറയ്ക്കുന്നുവെന്നാണ് അവരുടെ വിശദീകരണം.
പരിസ്ഥിതി ആശങ്കകള്‍ക്കപ്പുറം എ ഐ സാങ്കേതികവിദ്യയോടുള്ള പൊതുസമൂഹത്തിന്റെ ഭീതിയും പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്.
ആംഗസ് റീഡ് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 68 ശതമാനം പേരും തങ്ങളുടെ താമസ സ്ഥലത്തിന് സമീപം വലിയ എ ഐ ഡേറ്റാ സെന്റര്‍ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കി. അതേ ശതമാനം ആളുകള്‍ തന്നെ എ ഐ വികസനം മന്ദഗതിയിലാകേണ്ടിവന്നാലും ശക്തമായ സര്‍ക്കാര്‍ നിയന്ത്രണം വേണമെന്ന് അഭിപ്രായപ്പെട്ടു.
സര്‍വേയില്‍ 52 ശതമാനം പേര്‍ എ ഐ ഡേറ്റാ സെന്ററുകള്‍ തൊഴില്‍ സൃഷ്ടിക്ക് ദോഷകരമാണെന്ന് പറഞ്ഞു. വെറും 16 ശതമാനം പേര്‍ മാത്രമാണ് എ ഐ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് വിശ്വസിച്ചത്.
ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിനൊപ്പം എ ഐയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തുന്നതും ഈ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം നിരവധി പ്രമുഖ സാങ്കേതിക കമ്പനികള്‍ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.
ബ്രോക്ക് സര്‍വകലാശാലയിലെ രാഷ്ട്രീയശാസ്ത്ര പ്രൊഫസര്‍ ബ്ലെയ്ന്‍ ഹാഗാര്‍ട്ടിന്റെ അഭിപ്രായത്തില്‍ എ ഐയെക്കുറിച്ചുള്ള ജനങ്ങളുടെ അസ്വസ്ഥതയും ഭയവും കോപവും കേന്ദ്രീകരിക്കപ്പെടുന്ന ഭൗതിക പ്രതീകങ്ങളായി ഡേറ്റാ സെന്ററുകള്‍ മാറിയിരിക്കുകയാണ്.
അതേസമയം എ ഐ ഉപയോഗം വ്യാപിപ്പിക്കാനുള്ള പദ്ധതിയുമായി കാനഡ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. അടുത്തിടെ പുറത്തിറക്കിയ ദേശീയ എ ഐ തന്ത്രത്തില്‍ ബിസിനസ് മേഖലയില്‍ എ ഐ ഉപയോഗം വര്‍ധിപ്പിക്കുന്നതിനും എല്ലാ പൗരന്മാര്‍ക്കും സൗജന്യ എ ഐ സാക്ഷരത പരിശീലനം നല്‍കുന്നതിനുമുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എ ഐയുടെ സഹായത്തോടെ 2.5 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ എ ഐയുടെ വ്യാപക ഉപയോഗം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന അവകാശവാദത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയത്തോടെയാണ് കാണുന്നത്.
എ ഐ സാങ്കേതികവിദ്യയുടെ വളര്‍ച്ചയും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനവും ലോകമെമ്പാടും പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുകയാണ്. സാങ്കേതിക പുരോഗതിയും പരിസ്ഥിതി സംരക്ഷണവും തൊഴില്‍ സുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥ എങ്ങനെ ഉറപ്പാക്കുമെന്നതാണ് ഇനി സര്‍ക്കാരുകള്‍ക്കും സമൂഹങ്ങള്‍ക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി.
