പ്രൊഫ. വി ജെ ഫിലിപ്പ്

പ്രൊഫ. വി ജെ ഫിലിപ്പ്

കുറുവിലങ്ങാട്: സസ്യശാസ്ത്ര പ്രൊഫസറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബയോടെക് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപകനുമായ മണ്ണയ്ക്കനാട് വലിയമ്യാലില്‍ പ്രൊഫ. വി ജെ ഫിലിപ്പ് (87) നിര്യാതനായി. 21ന് ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് 22ന് ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മണ്ണക്കനാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. ചെന്നൈ ലയോള കോളജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി എച്ച് ഡിയും നേടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി ചേര്‍ന്ന അദ്ദേഹം 1995ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബയോടെക് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിച്ചു. 1996ല്‍ യുനെസ്‌കോ എക്‌സ്‌പേര്‍ട്ട് ആയി വെനിസ്വേലയിലും 1997ല്‍ ശ്രീലങ്കയിലും പ്രവര്‍ത്തിച്ചു. 1999ലാണ് വിരമിച്ചത്. സിയുപിഎഫ് പ്രസിഡന്റായിരുന്ന അദ്ദേഹം സീനിയര്‍ ഹംബോള്‍ട് ഫെലോഷിപ്പ് നേടിയിട്ടുണ്ട്. 1974ല്‍ പടിഞ്ഞാറന്‍ ജര്‍മനിയിലെ മെയ്ന്‍സ് യൂണിവേഴ്‌സിറ്റിയിലെ അബിറ്റിലുങ് സ്‌പെസിയല്ലേ ബൊട്ടാണിക് ഇന്‍സ്റ്റിറ്റ്യൂട്ടിലും പ്രവര്‍ത്തിച്ചു. യുനെസ്‌കോയുടെ സാമ്പത്തിക സഹായത്തോടെ ആഫ്രിക്കയില്‍ ഗവേഷണ പരിശീലനം നേടിയിട്ടുണ്ട്. നെയ്‌റോബിയിലെ കെനിയാട്ട യൂണിവേഴ്‌സിറ്റിയില്‍ സസ്യസാങ്കേതിക ശാസ്ത്രത്തിന്റെ പ്രൊഫസറായിരുന്നു. 1992ല്‍ ബ്രിട്ടീഷ് കൗണ്‍സില്‍, യുജിസി, ഇംഗ്ലണ്ടിലെ ജോണ്‍ മൂര്‍ യൂണിവേഴ്‌സിറ്റി എന്നിവ ചേര്‍ന്നുള്ള പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററായിരുന്നു. 1996ല്‍ ഐക്യരാഷ്ട്രസസഭയുടെ ജൈവസാങ്കേതിക ശാസ്ത്ര വിദഗ്ധനായി തെരഞ്ഞെടുക്കപ്പെട്ടു. വെനിസ്വേലയിലും ശ്രീലങ്കയിലെ മെറ്റാലയിലും കുരുമുളകിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ശ്രീലങ്കയിലെ കൃഷി കയറ്റുമതി വിഭാഗത്തെ സഹായിച്ചു. 2000ല്‍ കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി. കേരള ശാസ്ത്ര- സാങ്കേതിക വകുപ്പില്‍ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: മേരി ഫിലിപ്പ്. മക്കള്‍: ഡോ. ജോ (ബ്രിട്ടീഷ് യൂറോളജിക്കല്‍ സൊസൈറ്റി പ്രസിഡന്റ്), ഡോ. മാഗി (ഓസ്‌ട്രേലിയ), മഞ്ജു (സി എ യു കെ)