ഹൂസ്റ്റണ്‍: 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ ഹൂസ്റ്റണില്‍ സംഘടിപ്പിച്ച 'അങ്കത്തട്ട് @അമേരിക്ക' രാഷ്ട്രീയ സംവാദം പ്രവാസി മലയാളികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണും (മാഗ്), ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ പി സി എന്‍ എ) ഹൂസ്റ്റണ്‍ ചാപ്റ്ററും സംയുക്തമായി സ്റ്റാഫോര്‍ഡിലെ കേരളാ ഹൗസിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തില്‍ ആവേശത്തിന്റെ അലയടികള്‍ ഉയര്‍ത്തിക്കൊണ്ട് മുന്നേറുമ്പോള്‍ അതിന്റെ പതിന്‍മടങ്ങ് ആവേശവുമായിട്ടാണ് ഹൂസ്റ്റണില്‍ ചൂടേറിയ ഇലക്ഷന്‍ ഡിബേറ്റ് നടന്നത്.
അമേരിക്കയിലിരുന്നു ടിവി സ്‌ക്രീനുകളില്‍ കാണുന്ന ഇലെക്ഷന്‍ ഡിബേറ്റുകളെയൊക്കെ വെല്ലുന്ന വാഗ്വാദങ്ങളും ചോദ്യോത്തരങ്ങളുമാണ് 3 മണിക്കൂര്‍ നീണ്ടുനിന്ന അങ്കത്തട്ടിനെ വേറിട്ടതാക്കി മാറ്റിയത്.
മാര്‍ച്ച് 29ന് ഞായറാഴ്ച വൈകുന്നേരം മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസില്‍ വൈകുന്നേരം 6 മണിക്ക് ചടങ്ങുകള്‍ ആരംഭിച്ചു. ഇന്ത്യന്‍- അമേരിക്കന്‍ ദേശീയഗാനാലാപനത്തോടെ ആരംഭിച്ച ഡിബേറ്റിനു ഐ പി സി എന്‍ എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഫിന്നി രാജു സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് മാഗ് പ്രസിഡന്റ് റോയ് മാത്യു ആമുഖ പ്രസംഗം നടത്തി.
ഫോട്‌ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ പട്ടേലിന്റെ സന്ദേശത്തിനു ശേഷം മലയാള സിനിമാ സംവിധായകനും മാധ്യമ പ്രവര്‍ത്തകനുമായ ബൈജു കൊട്ടാരക്കര ഡിബെറ്റ് ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവര്‍ത്തകനായ സജി പുല്ലാട് ഹൂസ്റ്റണിലെ മികവുറ്റ എം സിമാരായ ഡോ. റെയ്ന റോക്ക്, ഡോ. സുബിന്‍ ബാലകൃഷ്ണന്‍ എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ അജു വാരിക്കാടിനെ അങ്കത്തട്ടിന്റെ മോഡറേറ്ററായി വേദിയിലേക്ക് ക്ഷണിച്ചു.
തുടര്‍ന്ന് മൂന്നു മുന്നണികളുടെ വക്താക്കളെ സംവാദ വേദിയിലേക്ക് ക്ഷണിച്ചു.
വിദ്യാര്‍ഥി യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ കൂടി വളര്‍ന്ന് അമേരിക്കയിലും പഴയ ആവേശം ഒട്ടും കൈവിടാതെ രാഷ്ട്രീയ പ്രവര്‍ത്തനമേഖലകളില്‍ ശ്രദ്ധേയ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കരുത്തരായ മൂന്ന് മുന്നണി നേതാക്കളായ, അമേരിക്കയിലെ സാമൂഹ്യ മാധ്യമ രംഗത്തെ നിറ സാന്നിധ്യങ്ങളായ ജീമോന്‍ റാന്നി (യു ഡി എഫ്), അക്കു കോശി (എല്‍ ഡി എഫ്), ഹരി ശിവരാമന്‍ (എന്‍ ഡി എ) എന്നിവര്‍ വക്താക്കളായി പൊരിഞ്ഞ രാഷ്ടീയ സംവാദത്തിനു തിരി കൊളുത്തി.
മോഡറേറ്ററിന്റെ മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പതറാതെ മികച്ച രാഷ്രീയ നേതാക്കളെ പോലെ കിടിലന്‍ മറുപടികള്‍ നല്‍കി മുന്നേറി കൊണ്ടിരുന്നപ്പോള്‍ നേതാക്കള്‍ക്കു കട്ട സപ്പോര്‍ട്ടുമായി മുന്നണി പാനലിസ്റ്റുകളും ചര്‍ച്ചകള്‍ക്ക് ചൂടും എരിവും നല്‍കി. പരസ്പരം കൊണ്ടും കൊടുത്തുമുള്ള സംവാദം, ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടികള്‍, ആരോപണ പ്രത്യാരോപണങ്ങള്‍, സദസ്സിനോടും നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ആകെ കലുഷിത അന്തരീക്ഷം എന്ന് തോന്നിച്ചുവെങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് അങ്കത്തട്ടിന് ഒരു ചരിത്ര സംഭവമാക്കി മാറ്റാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.
യു ഡി എഫിനെ പ്രതിനിധീകരിച്ചു തോമസ് ഒലിയാംകുന്നേല്‍, ജോമോന്‍ ഇടയാടി, ജസ്റ്റിന്‍ ജേക്കബ്, സന്തോഷ് ഐപ്, ഡാനിയേല്‍ ചാക്കോ എന്നിവര്‍ പാനലില്‍ അണിനിരന്നപ്പോള്‍ അരവിന്ദ് അശോക്, സന്തോഷ് ദാസ്, ബാബു മുല്ലശ്ശേരി, ശ്യാംജിത് ജയദേവന്‍, അജി ജോസഫ് കണ്ണമ്പാടം എന്നിവര്‍ എല്‍ ഡി എഫിനെയും രമാ പിള്ള, ജ്യോതിഷ്, സുനില്‍ നായര്‍, രാജേഷ് നായര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ എന്‍ ഡി എയും പ്രധിനിധീകരിച്ചു സംവാദത്തെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു.
ഏപ്രില്‍ 9ന് നടക്കുന്ന വോട്ടെടുപ്പില്‍ വികസന പദ്ധതികളുമായി മുന്നേറുന്ന സര്‍ക്കാര്‍ മൂന്നാം പ്രാവശ്യവും അധികാരത്തിലെത്തുമെന്നു എല്‍ ഡി എഫ് വാദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യഭരണത്തിന് അറുതി കുറിയ്ക്കുമെന്ന് യു ഡി എഫും വാദിച്ചു. ഈ പ്രാവശ്യം ഒരു നിര്‍ണായക ശക്തിയാകാന്‍ എന്‍ ഡി എയ്ക്ക് സാധിക്കുമെന്നു പ്രത്യാശിക്കുന്നതായി അവരും സമര്‍ഥിച്ചു.
ഈ സംവാദത്തിന് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഹൂസ്റ്റണില്‍ വലിയ പ്രതികരണമാണ് ലഭിച്ചത്. മാഗ് ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ ലൈവ് സംപ്രേഷണത്തില്‍ കൂടി ഡിബേറ്റ് ആസ്വദിച്ചു.
മാഗ് സെക്രട്ടറി വിനോദ് ചെറിയാന്‍ നന്ദി അറിയിച്ചു.
