'അപ്പാപ്പന്‍' വീണ്ടുമെത്തുന്നു; ഇക്കുറി 'കൊച്ചുമോന്റെ' കല്യാണവിശേഷം

'അപ്പാപ്പന്‍' വീണ്ടുമെത്തുന്നു; ഇക്കുറി 'കൊച്ചുമോന്റെ' കല്യാണവിശേഷം


ടൊറന്റോ: അപ്പാപ്പന്‍ ഈ ക്രിസ്മസിന് വീണ്ടും കാനഡയിലെത്തുന്നു. ഇക്കുറി കൊച്ചുമകന്റെ കല്യാണം കെങ്കേമക്കാനാണ് വരവ്. ലെവിറ്റേറ്റ്  എന്റര്‍ടെയ്ന്‍മെന്റ് ഒരുക്കുന്ന അപ്പാപ്പനും മോനും സീസണ്‍ ത്രീ ഡിസംബര്‍ 28 ശനിയാഴ്ച നടക്കും. സ്‌കാര്‍ബ്‌റോയിലെ ചൈനീസ് കള്‍ച്ചറല്‍ സെന്ററിലാണ് കൊച്ചുമകന്റെ 'കല്യാണമണ്ഡപം' ഒരുങ്ങുന്നത്. 

നാട്ടിലെ അടിപൊളി കല്യാണങ്ങളുടെ അതേ ആഘോഷത്തനിമയില്‍ ഒരുക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാനുള്ള സുവര്‍ണാവസരമാണിതെന്നാണ് സംവിധായകന്‍ ജെഡി എന്ന ജയദേവ് വേണുഗോപാലും ലെവിറ്റേറ്റ് സിഇഒ ജെറിന്‍ രാജും ടീമംഗങ്ങളും പറയുന്നത്.

കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയുടെ ഹൃദയഭാഗത്ത് ആയിരങ്ങള്‍ പങ്കെടുത്ത മഹാഓണത്തിന്റെ പിന്നാലെ ലെവിറ്റേറ്റ് ഒരുക്കുന്ന ക്രിസ്മസ് പരിപാടിയാണിത്. കഴിഞ്ഞ ഡിസംബറില്‍ അവതരിപ്പിച്ച അപ്പാപ്പനും മോനും ഒരു ക്രിസ്മസ് മൂവി, ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അരങ്ങിലെത്തിയ അപ്പാപ്പനും മോനും ഒരു പ്രേതകഥ എന്നിവയുടെ വിജയത്തിന് ശേഷമാണു മൂന്നാംഭാഗം ഒരുക്കുന്നത്. കാനഡയിലെത്തുന്ന യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലെവിറ്റേറ്റ് ഇത്തരം ഷോകള്‍ സംഘടിപ്പിക്കുന്നത്.

അഭിനേതാക്കളായും സാങ്കേതികവിദഗ്ധരായുമെല്ലാം സിനിമാലോകത്തേക്കുള്ള പ്രവേശനം സ്വപ്‌നംകണ്ട് നടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ ലൈവ് ആയി സ്റ്റേജില്‍ അണിയിച്ചൊരുക്കുന്ന സിനിമാകഥയാണ് അപ്പാപ്പനും മോനും സീരിസ്. ഇരുപത് വര്‍ഷത്തിന് ശേഷം അപ്പാപ്പനെ ടൊറന്റോയില്‍ വരവേല്‍ക്കുന്ന കൊച്ചുമോന്റെ കഥയിലൂടെ രണ്ടു തലമുറകളുടെ ഹാസ്യാത്മകമായ ദൃശ്യവിഷ്‌കാരമായിരുന്നു ആദ്യ സീസണ്‍. ഇരുവരും ഒരു പ്രേതഭവനത്തില്‍ എത്തപ്പെട്ടതുമായി ബന്ധപ്പെട്ടതായിരുന്നു സീസണ്‍ രണ്ടിലെ കഥ.

കൊച്ചുമോന്റെ കല്യാണവുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളാണ് സീസണ്‍ ത്രീയെ സംഭവബഹുലമാക്കുക. അഭിനേതാക്കളും നര്‍ത്തകരും പാട്ടുകാരുമെല്ലാമായി നൂറോളം പേരാണ് ഇക്കുറി വേദിയിലെത്തുക. പരിശീലനം പുരോഗമിക്കുന്നു. രണ്ട് മണിക്കൂറോളം നീളുന്ന ഷോ വൈകിട്ട് ഏഴു മണിക്കാണ് തുടങ്ങുക. ആറു മണി മുതല്‍ ചൈനീസ് കള്‍ച്ചറല്‍ സെന്ററില്‍ പ്രവേശനമുണ്ടാകും. ക്രിസ്മസ് മാര്‍ക്കറ്റാകും അതിഥികളെ വരവേല്‍ക്കുക. അപ്പാപ്പനും മോനും ഷോയ്ക്കുശേഷം രാത്രി ഒന്‍പത് മുതല്‍ ഡിജെയുമുണ്ടാകും. 25 ഡോളറാണ് പ്രവേശന ടിക്കറ്റ്. റിയല്‍റ്റര്‍ ജെഫിന്‍ ജോസഫാണ് മെഗാസ്‌പോണ്‍സര്‍.

ക്രിസ്മസ് മാര്‍ക്കറ്റിലെ സ്റ്റാളുകളും ഷോയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും 437-661-1929, 647-781-3743. വെബ്‌സൈറ്റ്: www.levitateinc.ca