ഷിക്കാഗോ മാർത്തോമാ ശ്ലീഹ കത്തീഡ്രലിൽ ദുക്രാന തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭര തുടക്കം

ഷിക്കാഗോ മാർത്തോമാ ശ്ലീഹ കത്തീഡ്രലിൽ ദുക്രാന തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭര തുടക്കം


ഷിക്കാഗോ: മാർത്തോമാ ശ്ലീഹ കത്തീഡ്രലിലെ 2026ലെ ദുക്രാന തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കമായി. ജൂൺ 28ന് വിശുദ്ധ കുർബാനയോടെയും ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയും തിരുനാളിന്റെ കൊടിയേറ്റം നടന്നു. ചടങ്ങുകൾക്ക് മാർ ജോയ് ആലപ്പാട്ട് നേതൃത്വം നൽകി.

വിശുദ്ധ തോമാശ്ലീഹായുടെ തിരശേഷിപ്പിനാൽ അനുഗൃഹീതമായ കത്തീഡ്രലിൽ കേരളത്തിന്റെ സമ്പന്നമായ ക്രൈസ്തവ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് ഇത്തവണയും തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ ഒരുക്കങ്ങൾക്കും ആഘോഷങ്ങൾക്കും ഇടവകയിലെ യുവജനങ്ങളാണ് നേതൃത്വം നൽകുന്നത്. അവരുടെ സജീവ പങ്കാളിത്തം തിരുനാളിന് കൂടുതൽ ചാരുത പകരുമെന്ന് ഇടവക സമൂഹം പ്രതീക്ഷിക്കുന്നു.

തിരുനാളിനോടനുബന്ധിച്ച് എല്ലാ ദിവസവും വിശുദ്ധ കുർബാനയും മാർത്തോമാ ശ്ലീഹായുടെ നൊവേനയും വിവിധ വാർഡുകളിലെ വിശ്വാസികൾക്കായി സമർപ്പിച്ച് നടത്തിവരുന്നു.

ജൂലൈ 3ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം യുവജനങ്ങളുടെ നേതൃത്വത്തിൽ 'കോൺസെർട്ട് നൈറ്റ്' സംഘടിപ്പിക്കും. ജൂലൈ 4ന് വൈകിട്ട് അഞ്ചിന് ഇംഗ്ലീഷ് റാസയ്ക്കു ശേഷം കത്തീഡ്രൽ കൾച്ചറൽ അക്കാദമിയുടെ നേതൃത്വത്തിൽ കലാസന്ധ്യയും നടക്കും.

ജൂലൈ 5ന് തിരുനാൾ ദിനത്തിൽ ഇംഗ്ലീഷിലുള്ള ആഘോഷ കുർബാന, ദിവ്യകാരുണ്യ പ്രദക്ഷിണം, തുടർന്ന് കിച്ചൻ ടീമിന്റെ നേതൃത്വത്തിൽ സ്‌നേഹവിരുന്ന് എന്നിവ ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങൾക്ക് മിഴിവേകാൻ വർണാഭമായ വെടിക്കെട്ടും ക്രമീകരിച്ചിട്ടുണ്ട്.

ഇടവക വികാരി ഫാ. തോമസ് കാടുകാപ്പിള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോയൽ പയസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ ഒരുക്കങ്ങൾ പരോഗമിക്കുന്നത്. യുവജന പ്രതിനിധികളായ സിബി ഫ്രാൻസിസ്, ജോ വടകര, അൽഫോൻസ് തോമസ്, ജോബിൻ തോമസ്, സിനി കാപ്പിൽ, ഫിൽസി മൂലയിൽ എന്നിവർ തിരുനാൾ കോഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു. കൈക്കാരന്മാരും നൂറുകണക്കിന് സന്നദ്ധപ്രവർത്തകരും ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

തിരുനാളിന്റെ ആത്മീയ ശുശ്രൂഷകളിലും ആഘോഷ പരിപാടികളിലും വിശ്വാസികൾ സജീവമായി പങ്കചേർന്ന് ദുക്രാന തിരുനാൾ ദൈവാനുഗ്രഹത്തിന്റെ അനുഭവമാക്കി മാറ്റണമെന്ന് സംഘാടകർ അഭ്യർഥിച്ചു.



ഷിക്കാഗോ മാർത്തോമാ ശ്ലീഹ കത്തീഡ്രലിൽ ദുക്രാന തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭര തുടക്കം