ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ആദ്യകാല മലയാളി റിയൽ എസ്‌റ്റേറ്റ് ബ്രോക്കർമാരിൽ പ്രമുഖനായ ജോർജ് ഏബ്രഹാം (രാജു-79) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകൾ സെപ്തംബർ 18 വെള്ളിയാഴ്ച രാവിലെ 9 മുതൽ 11 വരെ ടെക്‌സസ് സ്റ്റാഫോർഡിലുള്ള ഇന്റർനാഷനൽ ബൈബിൾ ചർച്ചിൽ (12955-സ്റ്റാഫോർഡ് റോഡ്) നടക്കും. അടക്കം 12 മണിക്ക് ടെക്‌സസ് പിയർലാൻഡിലെ 1310 നോർത്ത് മെയിൻ സ്ട്രീറ്റിലെ സൗത്ത് പാർക്ക് സെമിത്തേരിയിലും നടക്കും.
എൺപതുകളിൽ ആരംഭിച്ച ഏബ്രഹാം റിയൽറ്റിയിലൂടെ ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനിടയിൽ റിയൽ എസ്‌റ്റേറ്റ് രംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കമിട്ട വ്യക്തിയായിരുന്നു അദ്ദേഹം.
റിയൽ എസ്‌റ്റേറ്റ് മേഖലയിലേക്ക് നിരവധി മലയാളികളെ കൊണ്ടുവരുന്നതിലും അവർക്ക് ഈ രംഗത്ത് പ്രവർത്തിക്കാനുള്ള അവസരമൊരുക്കുന്നതിലും ജോർജ് ഏബ്രഹാം നിർണായക പങ്കുവഹിച്ചു. ഇന്ന് ഹൂസ്റ്റണിൽ റിയൽ എസ്‌റ്റേറ്റ് രംഗത്ത് സജീവമായ നിരവധി ബ്രോക്കർമാർക്ക് ഈ മേഖലയിലേക്കുള്ള ആദ്യപാഠങ്ങൾ നൽകിയത് അദ്ദേഹമായിരുന്നുവെന്ന് സഹപ്രവർത്തകർ അനുസ്മരിക്കുന്നു. ഹൂസ്റ്റണിലെ ആദ്യകാല അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഏബ്രഹാം റിയൽ എസ്‌റ്റേറ്റ് ആയിരുന്നു.
ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ സംഘടനാ പ്രവർത്തനങ്ങളിലും ജോർജ് ഏബ്രഹാം സജീവ സാന്നിധ്യമായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സ്വന്തമായി ഓഫീസ് ആരംഭിക്കുന്നതിന് മുന്നിട്ടിറങ്ങിയവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. സ്റ്റാഫോർഡിൽ അദ്ദേഹം കണ്ടെത്തിയ ഒരു വീടാണ് മാഗിന്റെ ആദ്യ ആസ്ഥാനമായി ഉപയോഗിച്ചത്.
സ്റ്റാഫോർഡിൽ ഇമ്മാനുവൽ മാർത്തോമ്മാ പള്ളിക്ക് സ്ഥലം കണ്ടെത്തുന്നതിലും ജോർജ് ഏബ്രഹാം നിർണായക പങ്കുവഹിച്ചു. ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ വളർച്ചയ്‌ക്കൊപ്പം സാംസ്‌കാരിക, സാമൂഹിക, മത സംഘടനകളുടെ വളർച്ചയിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
രാഷ്ട്രീയ രംഗത്തും അദ്ദേഹം സജീവമായിരുന്നു. ഹൂസ്റ്റണിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി.) പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിലും അതിന്റെ ഭാഗമായി ഒട്ടേറെ ഇന്ത്യൻ രാഷ്ട്രീയ നേതാക്കളെ അമേരിക്കയിലെത്തിക്കുന്നതിലും അദ്ദേഹം നേതൃത്വം നൽകി. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഹൂസ്റ്റണിലെത്തിയ പരിപാടികളുമായി ബന്ധപ്പെട്ടും ജോർജ് ഏബ്രഹാമിന്റെ പേര് ശ്രദ്ധേയമായിരുന്നു.
തിരുവല്ലയിലെ മാർത്തോമ്മാ സഭയിലെ പ്രമുഖ വൈദികനായിരുന്ന റവ. ഫാ. ഏബ്രഹാമിന്റെ മൂത്ത മകനാണ് ജോർജ് ഏബ്രഹാം. തിരുവല്ലയിലെ സീനായ് ഹോം കുടുംബാംഗമാണ്.
ഭാര്യ: ശോശാമ്മ ജോർജ്, കോട്ടയം വടവാതൂർ ചുമ്മാർ കുടുംബാംഗം. മക്കൾ: സിറിൽ ജോർജ്, സിനിൽ ജോർജ്, പരേതനായ സിസിൽ ജോർജ്. സഹോദരങ്ങൾ: ഫിലിപ്പ് ഏബ്രഹാം (ഹൂസ്റ്റൺ), ഉമ്മൻ ഏബ്രഹാം (ഇന്ത്യ).
ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജോർജ് ഏബ്രഹാമിന്റെ നിര്യാണം റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്കും മലയാളി സംഘടനാ സമൂഹത്തിനും ഒരുപോലെ വലിയ നഷ്ടമാണ്.
ജോർജ് ഏബ്രഹാമിന്റെ (രാജു79) സംസ്‌കാരം വെള്ളിയാഴ്ച
