ഹൂസ്റ്റണ്‍ കോട്ടയം ക്ലബിന് പുതിയ നേതൃനിര

ഹൂസ്റ്റണ്‍ കോട്ടയം ക്ലബിന് പുതിയ നേതൃനിര


ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ കോട്ടയം ക്ലബിന് പരിചയ സമ്പന്നരുടെയും യുവാക്കളുടെയും നേതൃത്വത്തില്‍ ശക്തമായ നേതൃനിര ചുമതലയേറ്റു. 

ചെയര്‍മാന്‍ ബാബു ചാക്കോയുടെ അധ്യക്ഷതയില്‍ സ്റ്റാഫോര്‍ഡിലെ കേരള കിച്ചന്‍ റെസ്റ്റോറന്റില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ക്ലബിന്റെ സ്ഥാപകാംഗവും ജോയിന്റ്  സെക്രട്ടറിയുമായിരുന്ന മാത്യു പന്നപ്പാറയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. 

2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും ജീവകാരുണ്യ പദ്ധതികള്‍ ഉള്‍പ്പെടെ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടത്തുന്നതിനും തീരുമാനിച്ചു. മുന്‍ വര്‍ഷത്തില്‍ മെമ്പര്‍ഷിപ് കാര്യത്തിലുണ്ടായ സാങ്കേതിക പിഴവും അതുമൂലമുണ്ടായ ബുദ്ധിമുട്ടുകളും സമവായത്തിലൂടെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് മാഗിന്റെ മുന്‍ പ്രസിഡണ്ടും കോട്ടയം ക്ലബിന്റെ ഇലക്ഷന്‍ വരണാധികാരിയുമായ മാര്‍ട്ടിന്‍ ജോണ്‍ ചര്‍ച്ച തുടങ്ങുകയും മുന്‍ പ്രസിഡണ്ട് ജോസ് ജോണ്‍ തെങ്ങുംപ്ലാക്കലിന്റെ  നിര്‍ദ്ദേശപ്രകാരം 48 അംഗങ്ങളെ കോട്ടയം ക്ലബ് ഹൂസ്റ്റന്റെ അംഗങ്ങളായി പൊതുയോഗം ഐക്യകണ്‌ഠേന അംഗീകരിക്കുകയുമുണ്ടായി

യോഗത്തില്‍ 11 പുതിയ അംഗങ്ങളെ അംഗങ്ങളാക്കാനുള്ള അപേക്ഷ സെക്രട്ടറി സജി സൈമണ്‍ യോഗത്തില്‍ അവതരിപ്പിക്കുകയും പൊതുയോഗം അംഗീകരിക്കുകയും ചെയ്തു. കോട്ടയം ക്ലബിന്റെ എല്ലാ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി ജൂണ്‍ 7ന് ഹൈവേ 6ലുള്ള കിറ്റി ഹോളോ പാര്‍ക്കില്‍ പിക്നിക് നടത്താനും ജനറല്‍ബോഡി തീരുമാനിച്ചു

കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് കേരളത്തില്‍ ഡിസംബര്‍ 25ന് വീടിന്റെ താക്കോല്‍ കൈമാറാന്‍ പ്രസിഡണ്ട് ജോമോന്‍ ഇടയാടിയുടെ പ്രൊപോസല്‍ പൊതുയോഗം തീരുമാനിച്ചു. പരേതനായ മാത്യു പന്നപ്പാറയുടെ ഓര്‍മ്മയ്ക്കാണ് ഭവനം നിര്‍മിച്ച് നല്‍കുന്നത്.  

കോട്ടയം ക്ലബ് ചെയര്‍മാനും വേള്‍ഡ് മലയാളി ക്ലബ് പ്രസിഡന്റുമായിരുന്ന ബാബു ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ഈ വര്‍ഷത്തെ പിക്‌നിക്  കമ്മിറ്റി ചെയര്‍മാനായി മാഗ് മുന്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററും പ്രമുഖ സംഘാടകനുമായ ബിജു ചാലക്കലിനെ തെരഞ്ഞെടുത്തു.