അരൂർ(ആലപ്പുഴ): ശബ്ദിക്കുന്ന ആദ്യ മലയാള സിനിമയിലെ നായകൻ കെ.കെ. അരൂർ (കുഞ്ചുനായര്‍) മുതൽ വിവിധ മേഖലകളിൽ രാജ്യാന്തര പ്രശസ്തി നേടിയ വ്യക്തിത്വങ്ങള്‍ക്കുവരെ
ജന്മം നൽകിയ നാടാണ് അരൂർ. ആ അഭിമാനങ്ങളുടെ പട്ടികയിലേക്ക് ഇനി മറ്റൊരു പേര് കൂടി — അരൂരിന് സ്വന്തമായ ആദ്യ വിമാനം പറത്തുന്ന പൈലറ്റ്.
അരൂർ ചെട്ടുതറ മസ്ജിദിന് സമീപമുള്ള ഫാത്തിമ പാലസിലെ ടി.കെ. അബ്ദുൽ ജവാദിന്റെയും ഷഹ്ന ജവാദിന്റെയും മകനായ ജാഫിസ് ജവാദ് (27) അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ ജെറ്റ് എസ് എക്‌സ് ഏവിയേഷൻ കേന്ദ്രത്തിൽ രണ്ടുവർഷത്തെ കർശന പരിശീലനം പൂർത്തിയാക്കി പൈലറ്റ് സർട്ടിഫിക്കറ്റ് നേടി ജന്മനാട്ടിലെത്തിയിരിക്കുകയാണ്.
ഒരു വർഷത്തെ കോഴ്‌സായിരുന്നെങ്കിലും, കാലിഫോർണിയയിലെ കാലാവസ്ഥാ സാഹചര്യങ്ങൾ - പ്രത്യേകിച്ച് മൂടൽമഞ്ഞും ശക്തമായ കാറ്റും അനുഭവപ്പെടുന്ന സീസണുകൾ - പരിശീലനം രണ്ടുവർഷത്തിലേക്ക് നീണ്ടു പോകാൻ കാരണമായി. അതേസമയം, ലോകോത്തരവും അത്യാധുനികവുമായ പരിശീലനമാണ് അവിടെ ലഭിച്ചതെന്ന് ജാഫിസ് പറയുന്നു.
'ഈ നേട്ടത്തിന് പിന്നിൽ കുടുംബത്തിന്റെ ശക്തമായ പിന്തുണയാണ്. പ്രത്യേകിച്ച് ഉമ്മയുടെ സ്‌നേഹവും പ്രചോദനവുമായിരുന്നു എന്റെ ഏറ്റവും വലിയ ശക്തി,' ജാഫിസ് പറയുന്നു.
പാലക്കാട് നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷനിൽനിന്ന് എയ്രോനോട്ടിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയ ശേഷം തന്നെയാണ് ജാഫിസ് പൈലറ്റ് പരിശീലനം ലക്ഷ്യമാക്കി അമേരിക്കയിലേക്കുള്ള യാത്ര തുടങ്ങിയത്. അതിനു മുമ്പ് ബംഗളുരുവിലെ സൈയന്റ് ലിമിറ്റഡിൽ എയ്രോസ്‌പേസ് ടെക്‌നിക്കൽ ഓതറായി കുറച്ചുകാലം ജോലി ചെയ്ത അനുഭവവുമുണ്ട്.
പൊതുമേഖലയിലും സ്വകാര്യമേഖലയിലും, ഗൾഫ് രാജ്യങ്ങളിലടക്കം വിദേശത്തും വിമാന പൈലറ്റുകൾക്ക് വിപുലമായ തൊഴിൽ സാധ്യതകളാണുള്ളതെന്ന് ചൂണ്ടിക്കാട്ടുന്ന ജാഫിസ്, ആകാശം ലക്ഷ്യമാക്കി മുന്നേറാനാണ് തീരുമാനം. അടുത്ത കാലത്ത് കാനഡയിൽ മലയാളി യുവതി പൈലറ്റായി നിയമിതയായ വാർത്തയും ഈ മേഖലയിലെ സാധ്യതകൾ വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറുഗേറ്റഡ് കാർട്ടൺ നിർമാണ രംഗത്തെ പ്രമുഖ സ്ഥാപനമായ ബിസ്മി പാക്കിന്റെ മാനേജിങ് ഡയറക്ടറാണ് ജാഫിസിന്റെ പിതാവ് ടി.കെ. അബ്ദുൽ ജവാദ്. ഇളയ സഹോദരൻ മുഹമ്മദ് ഹാഫിസ് പിതാവിനൊപ്പം ബിസിനസ് രംഗത്ത് സജീവമാണ്. ഏറ്റവും ഇളയ സഹോദരൻ മുഹമ്മദ് ഫായിസ് പ്ലസ് ടു വിദ്യാർത്ഥിയുമാണ്.
അരൂരിന്റെ ആകാശത്തിലേക്ക് പുതിയൊരു അഭിമാനചിറകു വിരിച്ചിരിക്കുകയാണ് ജാഫിസ് ജവാദ് - നാടിന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾ ഉയരങ്ങളിലേക്ക് പറത്തി.
